‘മുന്നൂറാൻ’, തുടർച്ചയായ മൂന്നാം സെഞ്ച്വറിയുമായി രോഹൻ; കൊയിലാണ്ടിയുടെ അഭിമാനം വാനോളം
രാജ്കോട്ട്: കരുത്തരായ ഗുജറാത്തിന്റെ സമനില മോഹങ്ങള്‍ തല്ലിക്കെടുത്തി രഞ്ജി ട്രോഫിയിലെ ആവേശപ്പോരാട്ടത്തില്‍ വിജയം പിടിച്ചെടുത്ത് കേരളം. കൊയിലാണ്ടി സ്വദേശി രോഹന്‍ എസ്.കുന്നുമ്മലിന്റെ മികച്ച പ്രകടനമാണ് കേരളത്തിനെ വിജയത്തിലേക്ക് നയിച്ചത്.
രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ടു വിക്കറ്റിനാണ് കേരളം ഗുജറാത്തിനെ വീഴ്ത്തിയത്. ഗുജറാത്ത് ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം 35.4 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കേരളം മറികടന്നു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സെഞ്ചുറിയുമായി തിളങ്ങിയ ഓപ്പണര്‍ രോഹന്‍ എസ്. കുന്നുമ്മലാണ് കളിയിലെ താരം.
84 പന്തില്‍നിന്ന് സെഞ്ചുറി നേടിയാണ് രോഹന്‍ കേരളത്തിനായി മികച്ച പ്രകടനം കാഴ്ചവെച്ചത്. തുടര്‍ച്ചയായ മുന്നാം തവണയാണ് രോഹന്‍ സ്വെഞ്ചറി അടിക്കുന്നത്. 84 പന്തുകള്‍ നേരിട്ട രോഹന്‍ 11 ഫോറും മൂന്ന് സിക്‌സറും സഹിതം 106 റണ്‍സ് നേടി പുറത്താകാതെ നിന്നു.
129 റണ്‍സാണ് രോഹന്‍ കഴിഞ്ഞ തവണ നേടിയത്. 171 പന്തില്‍നിന്ന് 16 ഫോറും നാല് സിക്‌സും സഹിതമാണ് രോഹന്‍ രഞ്ജി സീസണിലെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി നേടിയത്. ഇതിന് സമാനമായ പ്രകടനമാണ് ഇത്തവണയും രോഹന്‍ കാഴ്ചവെച്ചത്.
ഓപ്പണര്‍ രോഹന്‍ എസ്. കുന്നുമ്മല്‍, അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി എന്നിവര്‍ ചേര്‍ന്നാണ് കേരളത്തിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. സല്‍മാന്‍ നിസാര്‍ 30 പന്തില്‍ 28 റണ്‍സോടെ വിജയത്തിലേക്ക് രോഹന് കൂട്ടുനിന്നു. സച്ചിന്‍ ബേബി 62 റണ്‍സെടുത്ത് പുറത്തായി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 143 റണ്‍സ് കൂട്ടുകെട്ടാണ് കേരളത്തിന്റെ വിജയത്തിന് അടിത്തറയിട്ടത്.
സീസണിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് കേരളം വിജയം നേടുന്നത്. എലീറ്റ് ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ മേഘാലയേയും കേരളം തോല്‍പ്പിച്ചിരുന്നു. ഇനി കരുത്തരായ മധ്യപ്രദേശാണ് അടുത്ത മത്സരത്തില്‍ കേരളത്തിന്റെ എതിരാളികള്‍.