ദിൽഷയുടെ നാട്ടിലേക്ക് ഡോക്ടർ റോബിനെത്തുന്നു; ബിഗ് ബോസ് ആവേശം കൊയിലാണ്ടിയിലേക്ക്, ആരാധകർക്ക് ആഘോഷം


 

കൊയിലാണ്ടി: ആരാധക വൃന്ദങ്ങളെ ആവേശം കൊള്ളിച്ച് ഒടുവിൽ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ കൊയിലാണ്ടിയുടെ മണ്ണിലേക്കെത്തുന്നു. ഡോക്ടർ ജെപീസ് ക്ലാസ്സസ്സിന്റെ പുതിയ ക്യാമ്പസ് ഉദ്ഘാടനം ചെയ്യാൻ ആണ് റോബിൻ കൊയിലാണ്ടിയിൽ എത്തുന്നത്.

ബിഗ് ബോസ് മലയാളം സീസണ്‍ നാലിൽ കപ്പടിച്ചില്ലെങ്കിലും മത്സരാര്‍ഥികളില്‍ ജനപ്രീതിയില്‍ മുന്‍നിരയിലുള്ള വ്യക്തിയാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. റോബിൻ കൊയിലാണ്ടിയിലേക്കെത്തുന്നു എന്നുള്ള വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.

സാധാരണയായി റോബിൻ ഉദ്ഘാടനത്തിന് എത്തുന്നുവെന്ന് അറിയുമ്പോൾ തന്നെ അവിടെ ജനസാഗരമാണ് ഉണ്ടാകുന്നത്. കൊയിലാണ്ടിയിലും കഥ വ്യത്യസ്തമാവുക ഇല്ല എന്നാണ് ആരാധകരുടെ പ്രതികരണം.

ജെപീസ് ക്ലാസ്സസ്സിന്റെ മെഡിക്കൽ എൻട്രൻസ് കോച്ചിങ് സെന്ററിന്റെ ഉദ്ഘാടനത്തിനായി ആഗസ്റ്റ് മൂന്നാം തീയ്യതി രാവിലെ പത്തുമണിക്കാണ് റോബിൻ എത്തുക. കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിന്റെ സമീപം എസ് എസ്സ് മാളിലാണ് കോച്ചിങ് സെന്റർ ആരംഭിച്ചിരിക്കുന്നത്.

ഈ സീസണില്‍ ഏറ്റവും ജനപ്രീതി നേടിയ മത്സരാര്‍ഥികളുടെ കൂട്ടത്തിലായിരുന്നു ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ഫൈനല്‍ ഫൈവ് പ്രതീക്ഷ നിലനിര്‍ത്തിയ റോബിന് പക്ഷേ ബിഗ് ബോസിന്‍റെ അച്ചടക്ക നടപടിയെത്തുടര്‍ന്ന് ഷോ പൂര്‍ത്തിയാക്കാന്‍ ആയില്ല. കൊയിലാണ്ടി സ്വദേശിനി ദിൽഷാ പ്രസ്സന്നൻ ആണ് വിജയകിരീടം ചൂടിയത്.