കാറിലോ സ്‌കൂട്ടറിലോ വിലപിടിപ്പുള്ള സാധനങ്ങള്‍ വെച്ച് ബീച്ച് സൗന്ദര്യമാസ്വദിക്കാന്‍ പോകുന്നവരാണോ?; കോഴിക്കോട് ബീച്ചില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ മോഷണം പതിവാകുന്നു


കോഴിക്കോട്: ബീച്ചില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നത് പതിവാകുന്നു. ഈ വര്‍ഷം ഇതുവരെ 14 കേസുകളാണ് ഇത്തരത്തില്‍ വെള്ളയില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്തത്.

ആഭരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പ്, പണം എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. പരാതി നല്‍കാത്ത സംഭവങ്ങള്‍ വേറെയുമുണ്ടാകാമെന്നാണ് പൊലീസ് പറയുന്നത്. വിലപിടിപ്പില്ലാത്ത സാധനങ്ങളാണ് നഷ്ടപ്പെട്ടതെങ്കില്‍ പലരും പരാതി നല്‍കാറില്ല.

ബീച്ചില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് സമയം ചെലവഴിക്കാന്‍ പോകുമ്പോള്‍ കടലിലിറങ്ങാനുള്ള സാധ്യത മുന്നില്‍കണ്ട് സന്ദര്‍ശകര്‍ പലപ്പോഴും മൊബൈല്‍ ഫോണ്‍ പോലുള്ള വസ്തുക്കള്‍ വാഹനങ്ങളില്‍ തന്നെ സൂക്ഷിക്കുകയാണ് പതിവ്. സ്‌കൂട്ടിറിലും കാറിലുമായി ഇത്തരത്തില്‍ സാധനങ്ങള്‍ സൂക്ഷിച്ച് പോകുന്നവരെയാണ് മോഷ്ടാക്കള്‍ ലക്ഷ്യമിടുന്നത്.

വൈകുന്നേരത്തിനും രാത്രിയ്ക്കുമിടയിലുള്ള സമയത്താണ് മിക്ക മോഷണങ്ങളും നടന്നിട്ടുള്ളത്. വയനാട് സ്വദേശിയുടെ ഒരു പവന്‍ മാല തിങ്കളാഴ്ച മോഷ്ടിക്കപ്പെട്ടു. കാറില്‍ സൂക്ഷിച്ചതായിരുന്നു ഇത്.

കവര്‍ച്ച വ്യാപകമായ സാഹചര്യത്തില്‍ ബീച്ച് പരിസരത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മഫ്തിയില്‍ പൊലീസുകാരെ ഇവിടെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ടെന്നും വെള്ളയില്‍ പൊലീസ് അറിയിച്ചു.

Summary: Are you going to enjoy the beauty of the beach with valuables in your car or scooter? robbery in vehicles parked on Kozhikode beach