തിരുവങ്ങൂര്‍ ക്ഷേത്രപാലന്‍ കോട്ട ക്ഷേത്രത്തില്‍ വന്‍ മോഷണം; നഷ്ടമായത് 75 കിലോഗ്രാം തൂക്കമുള്ള പിച്ചള സാധനങ്ങളും പണവും, പൊലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തി


കൊയിലാണ്ടി: തിരുവങ്ങൂര്‍ ക്ഷേത്രപാലന്‍ കോട്ട ക്ഷേത്രത്തില്‍ വന്‍ മോഷണം. പിച്ചള പാത്രങ്ങളും പണവുമാണ് നഷ്ടമായത്. ഇന്ന് പുലര്‍ച്ചെ ക്ഷേത്രം മേല്‍ശാന്തി നട തുറക്കാനായി ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

ഭഗവതി ക്ഷേത്രത്തിന്റെയും ഓഫീസിന്റെയും പൂട്ടുകള്‍ തകര്‍ത്ത നിലയിലാണ് കണ്ടത്. തുടര്‍ന്ന് ക്ഷേത്രഭാരവാഹികള്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ ക്ഷേത്രത്തിലും ഓഫീസിലുമായി സൂക്ഷിച്ച 75 കിലോഗ്രാം തൂക്കം വരുന്ന പിച്ചള വിളക്കുകളും പാത്രങ്ങളും നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടു. ഭണ്ഡാരങ്ങള്‍ പൊളിച്ച് പതിനായിരത്തോളം രൂപയും മോഷണം പോയിട്ടുണ്ട്.

കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ക്ഷേത്രത്തിലെത്തിയത്. ഡോഗ് സ്‌ക്വാഡും ഫിംഗര്‍പ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

ചുറ്റുമതില്‍ നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്ന ക്ഷേത്രത്തില്‍ നവീകരണകലശം നടക്കാനിരിക്കവെയാണ് മോഷണം നടന്നിരിക്കുന്നത്.