ദേശീയപാതാ വികസനം: മഴ കനത്തത്തോടെ ചെളിക്കുളമായി റോഡുകള്‍; പയ്യോളി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെത്താന്‍ നടുറോഡിലൂടെ അപകടകരമായി നടക്കേണ്ട അവസ്ഥ, വെള്ളക്കെട്ടും ചെളിയും കാരണം കാല്‍നടയാത്രക്കാരും ദുരിതത്തില്‍
പയ്യോളി: ദേശീയപാത വികസന പ്രവൃത്തികളുടെ ഭാഗമായി പുതിയ പാത നിര്‍മ്മാത്തിനായി മണ്ണിട്ട് ഉയര്‍ത്തിയതു കാരണം പലയിടങ്ങളിലും വെള്ളക്കെട്ട് കാരണം ഗതാഗതം ദുരിതത്തിലാവുന്നു. മൂരാട് അയനിക്കാടിന് സമീപം മണ്ണ് ഒലിച്ചിറങ്ങിയതിനെ തുടര്‍ന്ന് വാഹനമോടിച്ച് പോകാന്‍ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്. പയ്യോളി ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം വെളളക്കെട്ട് കാരണം വിദ്യാര്‍ത്ഥികളടക്കമുളളവര്‍ നടന്നു പോകാന്‍ പ്രയാസപ്പെടുകയാണ്.
45 മീറ്ററില്‍ റോഡ് നിര്‍മ്മിക്കാനായി നിലവിലുളള പാതയുടെ ഇരുവശങ്ങളിലുമാണ് മണ്ണിട്ട് ഉയര്‍ത്തിയത്. ഇതോടെ നിലവിലുളള പാതയില്‍ വെളളം ഒഴുകി പോകാന്‍ കഴിയുന്നില്ല. ഇരു വശത്ത് ചെമ്മണ്ണ് നിറച്ചതോടെ അതെല്ലാം പഴയ റോഡിലേക്കാണ് ഒഴുകിയെത്തുന്നത്. ഇതു കാരണം റോഡ് ആകെ ചളിക്കളമാണ്. കനത്ത മഴ പെയ്യുമ്പോള്‍ പല സ്ഥലത്തും മുട്ടറ്റം വെളളമുണ്ടാവും. കാര്‍, ഇരു ചക്രവാഹനങ്ങള്‍ എന്നിവയില്‍ സഞ്ചരിക്കുന്നവര്‍ക്കാണ് ഏറെ പ്രയാസം.
പാതയുടെ ഇരു വശങ്ങളിലും താമസിക്കുന്നവരുടെ വീടുകളിലേക്കും വെളളം കയറുന്നുണ്ട്. പയ്യോളി, മൂരാട്, ഇരിങ്ങല്‍, കളരിപ്പടി, തിക്കോടി, നന്തി ഭാഗങ്ങളില്‍ റോഡ് വശങ്ങളില്‍ വെളളം കയറുന്നുണ്ട്. അയനിക്കാട് പളളിക്ക് സമീപം റോഡ് നിര്‍മ്മിക്കാനായി വശങ്ങളില്‍ ഇറക്കിയ മണ്ണ് കുത്തിയൊലിച്ച് നടു റോഡിലേക്കാണ് വരുന്നത്. ഇവിടെ ചളിയില്‍ കുഴഞ്ഞു മറിഞ്ഞാണ് വാഹനങ്ങള്‍ ഓടുന്നത്. ഇരുവശത്തേക്കും രണ്ട് വാഹനങ്ങള്‍ക്ക് പോകാനുളള സൗകര്യം ഇപ്പോഴില്ല. വാഹനങ്ങള്‍ പതുക്കെയാണ് സഞ്ചരിക്കുന്നത്. പയ്യോളി ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം നടു റോഡില്‍ വെളളം കെട്ടി നില്‍ക്കുകയാണ്. വെളളക്കെട്ടു കാരണം വിദ്യാര്‍ത്ഥികളടക്കമുളളവര്‍ അപകടകരമായ സാഹചര്യത്തില്‍ റോഡിന് മധ്യത്തിലൂടെയാണ് പോകുന്നത്.
നിലവിലുളള റോഡിന്റെ ഇരു വശങ്ങളിലും മണ്ണ് നിറച്ചതിനാല്‍ റോഡരികിലൂടെ നടന്നു പോകാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്. അതേ പോലെ റോഡ് വശങ്ങള്‍ ഉയര്‍ത്തിയത് കാരണം റോഡ് മുറിച്ചു കടക്കാനും കഴിയുന്നില്ല.
ചെങ്ങോട്ടുകാവ് മുതല്‍ നന്തി വരെ 11 കിലോമീറ്റര്‍ നീളത്തില്‍ ബൈപ്പാസ് നിര്‍മ്മിക്കുന്ന ചിലയിടങ്ങളിലും വെളളം കയറുന്നുണ്ട്. മൂടാടി വെളളറക്കാട് ഭാഗത്ത് വീടുകളിലേക്ക് വെളളം കയറിയിരുന്നു. റോഡ് മുറിച്ചു മാറ്റിയാണ് വെളളം തുറന്നു വിട്ടത്.
കൊല്ലം നെല്യാടി റോഡില്‍ നരി മുക്ക് ഭാഗത്ത് വെളളം കെട്ടി നില്‍ക്കുന്നത് കാരണം റോഡ് പൂര്‍ണ്ണമായി തകര്‍ന്നു. ഇവിടെ അണ്ടര്‍പാസ് നിര്‍മ്മിക്കുന്നത് കാരണമാണ് വെളളക്കെട്ട് രൂപം കൊണ്ടത്. കൊല്ലം മുതല്‍ ചെങ്ങോട്ടുകാവ് വരെ ബൈപ്പാസ് നിര്‍മ്മാണം പുരോഗമിച്ചിട്ടില്ല. ചെങ്ങോട്ടുകാവ് മുതല്‍ വെങ്ങളം വരെ നിലവില്‍ റോഡ് പണി തുടങ്ങാത്തതിനാല്‍ കുഴപ്പമില്ല. എന്നാല്‍ പല തോടുകളും അടഞ്ഞതിനാല്‍ വെളളം സുഗമമായി ഒഴുകി പോകുന്നതിന് തടസ്സമുണ്ട്.
Summary:roads in Payyoli filled with mud due to national highway works