സി.പി.എമ്മിനെതിരെ പ്രതികരിച്ചതിന് ആര്‍.എം.പി പേരാമ്പ്ര ഏരിയാ ചെയര്‍മാന്‍ എം.കെ.മുരളീധരനെതിരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കാന്‍ നീക്കമെന്ന് ആരോപണം
പേരാമ്പ്ര: സി.പി.എമ്മിനെതിരെ പ്രതികരിച്ചതിന് കള്ളക്കേസുകളില്‍ കുടുക്കി തന്നെ ജയിലിലടയ്ക്കാന്‍ നീക്കമെന്ന പരാതിയുമായി ആര്‍.എം.പി നേതാവ്. ആര്‍.എം.പി പേരാമ്പ്ര ഏരിയാ ചെയര്‍മാന്‍ എം.കെ.മുരളീധരനാണ് ആരോപണവുമായി രംഗത്തെത്തിയത്.
ഭാര്യയ്‌ക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തിയാണ് മുരളീധരന്‍ ആരോപണം ഉന്നയിച്ചത്. ഭരണ സ്വാധീനം ഉപയോഗിച്ച് നിരന്തരം കള്ളക്കേസുകള്‍ എടുപ്പിച്ചതിന്റെ ഭാഗമായാണ് കേസ് ചുമത്തിയതെന്ന് മുരളീധരനും ഭാര്യ രജനിയും ആരോപിക്കുന്നു. ഇതിനെതിരെ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാനൊരുങ്ങുകയാണ് ഇവര്‍.
‘അനീതികള്‍ക്കെതിരെ പ്രതികരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഇതുവരെ നടത്തിയത്. എന്നാല്‍ വിവിധ കാരണങ്ങളുണ്ടാക്കി മേപ്പയ്യൂര്‍ പൊലീസിനെ കൊണ്ട് മൂന്ന് കേസുകളും വടകര പൊലീസിനെ കൊണ്ട് ഒരു കേസും രജിസ്റ്റര്‍ ചെയ്യിച്ചു. എതിരെ നല്‍കുന്ന പരാതികളില്‍ കേസെടുക്കാറില്ല. പുതിയ കേസുകളില്‍ ഇനിയും ഉള്‍പ്പെടുത്തി ജയിലടക്കാനാണ് നീക്കം നടക്കുന്നത്’ -മുരളീധരന്‍ പറഞ്ഞു.
മുമ്പ് സി.പി.എം പ്രവര്‍ത്തകനായിരുന്ന മുരളീധരന്‍ ആര്‍.എം.പിയില്‍ ചേര്‍ന്ന കാലം മുതല്‍ ഒറ്റപ്പെടുത്തുന്ന സമീപനമാണ് ഉണ്ടായത്. ശാരീരിക അക്രമങ്ങളുണ്ടായി. വീടിന് കല്ലെറിഞ്ഞു. കുട്ടികളുടെ പഠന കാലത്ത് വാടക വീടടക്കം എടുത്ത് മാറി താമസിക്കേണ്ടി വന്നു. 17 വര്‍ഷമായി ഇതെല്ലാം നേരിട്ടാണ് പൊതുപ്രവര്‍ത്തനം നടത്തുന്നത്. 2019-ല്‍ സി.പി.എം നേതാക്കളുടെ നേതൃത്വത്തില്‍ വീട് അക്രമിച്ചെന്ന പരാതി നല്‍കിയപ്പോള്‍ പൊലീസ് ജാമ്യം ലഭിക്കുന്ന കേസാണെടുത്തത്. തിരിച്ചാക്രമിച്ചുവെന്ന പരാതിയില്‍ കള്ളക്കേസ് എടുക്കുകയും ചെയ്തു.
സഹോദരന്റെ വഴി പ്രശ്നത്തില്‍ ഇടപെട്ട് സംസാരിച്ചതിന്റെ പേരില്‍ സി.പി.എം നേതാവായ പഞ്ചായത്തംഗത്തെ അക്രമിച്ചുവെന്ന പരാതിയില്‍ കള്ളക്കേസെടുത്തു. മുയിപ്പോത്ത് റോഡ് പ്രവൃത്തിയിലെ അപാകതക്കെതിരെ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞതിന്റെ പേരില്‍ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും പറഞ്ഞുള്ള എന്‍ജിനീയറുടെ പരാതിയിലും കേസെടുത്തു.
ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന നാട്ടുകാരന്റെ പരാതിയിലും അടുത്തിടെ കേസെടുത്തു. വടകരയില്‍ നടത്തുന്ന സ്ഥാപനത്തിന് അടുത്ത് കക്കൂസ് മാലിന്യം പൊതുസ്ഥലത്തേക്ക് ഒഴുക്കിവിട്ടതിന് പ്രതികരിച്ചതിന്റെ പേരില്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ പരാതിയില്‍ വടകര പൊലീസും കേസെടുത്തിട്ടുണ്ട്. വടകര പൊലീസ് ആദ്യം കേസ് എടുക്കാതിരുന്നപ്പോള്‍ എസ്.പിക്ക് പരാതി നല്‍കി കേസെടുപ്പിക്കുകയായിരുന്നുവെന്നും മുരളീധരന്‍ പറയുന്നു.
Following the telephone conversation with the complainant, we have updated this story from its first version.