വടകരയ്ക്ക് പുറത്തേക്ക് ആര്‍.എം.പിക്ക് ആദ്യ പഞ്ചായത്ത് പ്രസിഡന്‍റ്; മാവൂര്‍ ഇനി രഞ്ജിത് നയിക്കും


കോഴിക്കോട്: മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്‍എംപിഐ. ഭരണസമിതിയിലെ ആര്‍എംപിഐ അംഗമായ ടി രഞ്ജിത്താണ് പ്രസിഡന്റായി ചുമതലയേല്‍ക്കുക. ജൂലൈ ആദ്യവാരത്തോടെ രഞ്ജിത്ത് അധികാരമേല്‍ക്കും. ഭരണസമിതിയിലെ ഏക ആര്‍എംപിഐ അംഗമാണ് രഞ്ജിത്ത്. നിലവില്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് സമിതി അദ്ധ്യക്ഷനാണ്. ഇപ്പോള്‍ പ്രസിഡന്റായ മുസ്‌ലിം ലീഗിലെ പുലപ്പാടി ഉമ്മര്‍ മാസ്റ്റര്‍ ജൂണ്‍ 30ന് പദവി ഒഴിയും. ജൂലൈ 15നകം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും.

രഞ്ജിത്തിന് പ്രസിഡന്റ് സ്ഥാനം നല്‍കുന്നതോടെ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് സമിതി അദ്ധ്യക്ഷ പദവി ലീഗിന് നല്‍കും. യുഡിഎഫ്-ആര്‍എംപിഐ മുന്നണി ഭരിക്കുന്ന പഞ്ചായത്തില്‍ നേരത്തെ ഘടകക്ഷികള്‍ തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് പദവിമാറ്റം. ആദ്യത്തെ ഒന്നരവര്‍ഷമായിരുന്നു ലീഗിന് പ്രസിഡന്റ് പദവി. ഇനിയുള്ള ഒരു വര്‍ഷം ആര്‍എംപിഐക്കും ബാക്കി രണ്ടരവര്‍ഷം കോണ്‍ഗ്രസിനുമാണ് പ്രസിഡന്റ് സ്ഥാനം.

ഒരു വര്‍ഷത്തെ പ്രസിഡന്റ് പദവി പൂര്‍ത്തിയാക്കിയ ശേഷം രഞ്ജിത്തിന് അവസാന രണ്ടര വര്‍ഷം വികസന സ്റ്റാന്‍ഡിങ് കമ്മറ്റി അദ്ധ്യക്ഷ സ്ഥാനം നല്‍കും. 18 അംഗ ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ യുഡിഎഫിന് 10 എല്‍ഡിഎഫിന് എട്ടും അംഗങ്ങളാണുള്ളത്. ലീഗിന് അഞ്ചും കോണ്‍ഗ്രസിന് നാലും ആര്‍എംപിഐക്ക് ഒരംഗവുമാണുള്ളത്. ഇതാദ്യമായാണ് സിപിഐഎം, കോണ്‍ഗ്രസ്, ലീഗ് ഇതരപാര്‍ട്ടിയില്‍ നിന്നൊരാള്‍ പ്രസിഡന്റാവുന്നത്.