റവന്യു ജില്ലാ കലോത്സവം: കോഴിക്കോട് സിറ്റി ഓവറോള്‍ ചാമ്പ്യന്മാര്‍, കൊയിലാണ്ടി ഉപജില്ലയ്ക്ക് മൂന്നാം സ്ഥാനം


പേരാമ്പ്ര: അഞ്ച് ദിനരാത്രങ്ങളില്‍ പേരാമ്പ്രയില്‍ കൗമാര കലയുടെ മാമാങ്കം തീര്‍ത്ത കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായി കോഴിക്കോട് സിറ്റി. കലോത്സത്തിന്റെ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തി 914 പോയിന്റുമായാണ് കോഴിക്കോട് സിറ്റി ഉപജില്ലയുടെ കിരീടനേട്ടം. ഇടയ്ക്ക് രണ്ടാം സ്ഥാനത്തുണ്ടായിരുന്നെങ്കിലും അവസാന ദിനത്തില്‍ കൊയിലാണ്ടി ഉപജില്ല മൂന്നാം സ്ഥാനത്തേക്ക് പോയി. 848 പോയിന്റുമായി ചേവായൂര്‍ ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. 819 പോയിന്റ് നേടി കൊയിലാണ്ടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സ്‌കൂളുകളില്‍ സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍, മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. 332, 297, 236 എന്നിങ്ങനെയാണ് സ്‌കൂളുകളുടെ പോയിന്റ് നില.

ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ കോഴിക്കോട് സിറ്റിയാണ് ഒന്നാമത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കൊയിലാണ്ടിയും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ചേവായൂരുമാണ് രണ്ടാമത്. യു.പി വിഭാഗത്തില്‍ ഫറോക്ക് വിജയിച്ചപ്പോള്‍ കുന്നുമ്മല്‍ രണ്ടാമതെത്തി.

സംസ്‌കൃതോത്സവം യു.പി വിഭാഗത്തില്‍ മേലടിയും ഹൈ സ്‌കൂള്‍ വിഭാഗത്തില്‍ ബാലുശ്ശേരിയും ചാമ്പ്യന്മാരായി. അതേസമയം യു.പി വിഭാഗം അറബിക് സാഹിത്യോത്സവത്തില്‍ കൊയിലാണ്ടി, നാദാപുരം, താമരശ്ശേരി ഉപജില്ലകള്‍ ഒന്നാംസ്ഥാനം പങ്കിട്ടു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നാദാപുരം ഒന്നാമതെത്തി.

ഡിസംബര്‍ മൂന്ന് മുതല്‍ എട്ട് വരെ പേരാമ്പ്രയിലെ വിവിധ സ്ഥലങ്ങളില്‍ ഒരുക്കിയ 19 വേദികളിലാണ് കലോത്സവം അരങ്ങേറിയത്. 17 സബ് ജില്ലകളില്‍ നിന്നായി 10,000 ഓളം കലാ പ്രതിഭകളാണ് കലോത്സവത്തില്‍ മാറ്റുരച്ചത്.