രണ്ടുവര്‍ഷത്തിലേറെയായി വാടക നല്‍കിയില്ല; ഓഫീസ് ഉപരോധിച്ച് ഉള്ള്യേരി വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയും കുടുംബവും
ഉളേള്യരി: രണ്ട് വര്‍ഷത്തില്‍ അധികമായി വില്ലേജ് ഓഫീസായി പ്രവര്‍ത്തിക്കുന്ന വീടിന്റെ വാടക ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് വീട്ടുടമയും കുടുംബവും വില്ലേജ് ഓഫീസ് ഉപരോധിച്ചു. കന്നൂരില്‍ പ്രവര്‍ത്തിക്കുന്ന ഉള്ള്യേരി വില്ലേജ് ഓഫീസ് കെട്ടിടത്തിന് മുമ്പിലാണ് ഉപരോധ സമരം നടന്നത്.
വീട് വാടകയ്ക്ക് കൊടുത്ത കന്നൂര് പരക്കണ്ടി കാര്‍ത്യായനിയും കുടുംബവും ആണ് ഇത്തരമൊരു പ്രതിഷേധവുമായി മുന്നോട്ടുവന്നത്. നിരന്തരം ആവശ്യപ്പെട്ടിട്ടും വാടകയോ കൃത്യമായ മറുപടിയോ ലഭിച്ചില്ലെന്നും ഈ സാഹചര്യത്തിലാണ് സമരവുമായി മുന്നിട്ടിറങ്ങിയതെന്നും കുടുംബം പറഞ്ഞു.
തിങ്കളാഴ്ച കാലത്ത് 9 മണി മുതല്‍ ആയിരുന്നു പ്രതിഷേധം. പതിനൊന്ന് മണിയോടെ അത്തോളി പോലീസ് എത്തി ഇവരെ നീക്കാന്‍ ശ്രമിച്ചെങ്കിലും വാടകയുടെ കാര്യത്തില്‍ കൃത്യമായ തീരുമാനമില്ലാതെ ഇവിടെ നിന്നും എഴുന്നേല്‍ക്കില്ലെന്ന് കുടുംബം ഉറച്ച നിലപാടെടുത്തു. തുടര്‍ന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ യു.കെ. രവീന്ദ്രന്‍, ഹെഡ് കോട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ വി. ബിന്ദു, സീനിയര്‍ ക്ലര്‍ക്ക് എം.കെ.സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
7482 രൂപ മാസ വാടകയായി അനുവദിച്ചിട്ടുണ്ടെന്നും ജൂണ്‍ ആദ്യവാരത്തിനകം പണം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കി.