നാടിന് നാണക്കേടോ കോഴിക്കോട് പുതിയ ബസ്സ്റ്റാന്‍ഡ്


കോഴിക്കോട്: കോഴിക്കോട്: മഴയും വെയിലും പലതും മാറി മാറി വന്നെങ്കിലും കോഴിക്കോട് ബസ് സ്റ്റാൻഡിനു മാത്രം യാതൊരു മാറ്റവുമില്ല. നവീകരണവും ആധുനികവൽക്കരണവും എല്ലാം പറയുമെങ്കിലും മുപ്പത് വർഷങ്ങൾക്കിപ്പുറവും ഇവയെല്ലാം വാക്കാൽ മാത്രം ഒതുങ്ങി നിൽക്കുകയാണ്.

ഓരോ സാമ്പത്തിക വർഷം എത്തുമ്പോഴും ഇത്തവണ ‘എല്ലാം ശരിയാകും’ എന്ന് വിചാരിക്കുമ്പോഴും അതൊരു വീൺവാക്കായി തുടരുകയാണ്. മാവൂർ റോഡിലെ മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് ആധുനികരീതിയിൽ നവീകരിക്കാനുള്ള പദ്ധതി ഈ സാമ്പത്തിക വർഷവും തുടങ്ങാനായില്ല. പദ്ധതികൾ മുൻപ് ചെറിയ തോതിൽ ആരംഭിക്കാൻ തുടങ്ങിയെങ്കിലും കോവിഡ് രൂക്ഷമായതോടെ അതും നിന്ന് പോയി. പദ്ധതിരേഖ വിശദമായി തയ്യാറാക്കാൻ ആർകിടെക്റ്റിനെ ചുമതലപ്പെടുത്താൻ തീരുമാനമെടുത്തിരുനെങ്കിലും കോവിഡ് വ്യാപനത്തിന്റെ പേരിൽ അതും നടന്നില്ല.

ടൈലുകളും പെയിന്റുകളുമെല്ലാം ഇളകി അസൗകര്യങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണിവിടം. നിയന്ത്രണങ്ങൾ മാറ്റി ജില്ലാ പൂർവ സ്ഥിതിയിലെത്തിയപ്പോൾ ബസ്സുകൾ എല്ലാം സാധാരണ നിലയിൽ ഓടി തുടങ്ങി, ആളുകൾ തിങ്ങിനിറഞ്ഞു, എന്നാൽ കാലഹരണപ്പെട്ട സ്റ്റാൻഡ് മാത്രം കൂടുതൽ മോശം അവസ്ഥയിലേക്ക് കൂപ്പ്കുത്തുകയാണ്. ഇതുമൂലം യാത്രക്കാരും കച്ചവടക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്.

കേരളത്തെ മികച്ച ബസ് ടെർമിനൽ ആക്കി മാറ്റുമെന്ന പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും കോഴിക്കോട് ബസ് സ്റ്റാൻഡിനു അതിന്നും കയ്യെത്താദൂരത്താണ്.