‘പി.വി.’, ദിശാബോധം പകര്‍ന്ന രണ്ടക്ഷരങ്ങള്‍; പി.വി. മുഹമ്മദിന്റെ ഓര്‍മകള്‍ക്ക് 25 വയസ്സ്


 

പി.കെ. മുഹമ്മദലി

ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ ആവിർഭാവം മുതൽ മുസ്ലിം ലീഗ് നേതൃത്വം കൊയിലാണ്ടിയിൽ നിന്നുണ്ടായിരുന്നു. പാർട്ടി കെട്ടിപടുക്കുന്നതിൽ ത്യാഗനിർഭരമായ പ്രവർത്തനങ്ങൾ നടത്തിയ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ നേതൃത്വം ഇന്ത്യൻ മുസ്ലിംങ്ങൾക്കും കേരളത്തിനും വെളിച്ചം പകർന്നതിലൂടെയാണ് കൊയിലാണ്ടി ചരിത്രത്തിന്റെ ഭാഗമാവുന്നത്. മർഹു ശിഹാബ് തങ്ങൾ, പോക്കർസാഹിബ്, സി എച്ച് മുഹമ്മദ് കോയ സാഹിബ്, ഉമർ ബാഫഖി തങ്ങൾ തുടങ്ങി മഹാൻമാരുടെ ആദ്യകാല പ്രവർത്തന കേന്ദ്രമാണ് കൊയിലാണ്ടി.

മുസ്ലിം ലീഗിന്റെ നേതൃനിരയിലേക്ക് ഒട്ടേറെ പ്രമുഖർ കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് നിന്നും കടന്ന് വന്നിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനിയാണ് പി.വി. മുഹമ്മദ് സാഹിബ്. കൊയിലാണ്ടി പട്ടണത്തിൽ നിന്ന് രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കം കുറിച്ച പി.വി മുസ്ലിം ലീഗ് ജില്ലാ ജനറൽ സിക്രട്ടറി,സംസ്ഥാന പ്രവർത്തക സമിതി അംഗം ,സംസ്ഥാന കൗൺസിലർ, എന്നി പാർട്ടി സ്ഥാനങ്ങൾക്ക് പുറമെ നിയമസഭ സമാജികൻ എന്ന നിലയിലും തിളങ്ങിയിട്ടുണ്ട്.PV Muhammad

മുസ്ലിം ലീഗ് പ്രസ്ഥാനം കോഴിക്കോട് ജില്ലയിൽ കെട്ടിപടുത്തുന്നതിൽ വലിയ പങ്ക് വഹിച്ച നേതാവാണ് പി.വി. പാർട്ടിയെ ഉയർച്ചയുടെ പടവുകൾ കയറ്റി അദ്ദേഹത്തിന്റെ അനുഭവങ്ങളെയും കഴിവുകളെയും കരുത്താക്കി മാറ്റി പ്രതിസന്ധികളെ നേരിടാനും തരണം ചെയ്യാനും കാണിച്ച കരുത്ത് ഇന്നും പാർട്ടിക്കും പ്രവർത്തകർക്കും ജ്വലിച്ച് നിൽക്കുന്ന ഓർമ്മകളാണ്.

പിവിയുടെ ചിന്തകളുടെയും ചലനങ്ങളുടെയും കരുത്താണ് കോഴിക്കോട് ജില്ലയിൽ ഇന്ന് കാണുന്ന രീതിയിലുള്ള പാർട്ടി സംവിധാനം. പി.വിയെ സമീപിച്ചാൽ തീരാത്ത പ്രശ്നങ്ങളില്ല. ഏത് വലിയ കുരുക്കിനും പരിഹാരം കണ്ടുപിടിക്കാൻ കഴിവുള്ള അസാധാരണ വ്യക്തിത്വത്തിന്റെ ഉടമ. പിവിക്ക് തൂല്യനായി പി വി മാത്രം. ന്യൂനപക്ഷ സമുദായത്തിന്റെ അഭിമാനകരമായ നിലനിൽപ്പിന് ശക്തമായ പോരാട്ടം നടത്തി കോഴിക്കോടിന്റെ മുക്കുമൂലകളിലും വിശ്രമമില്ലാത്ത പ്രവർത്തനം നടത്തി പാർട്ടിയെ വളർത്തിയ കരുത്തിന്റെയും ചങ്കുറപ്പിന്റെയും പര്യായമാണ് പി.വി എന്ന രണ്ടക്ഷരം.

PV Muhammad and Nayanar

പി.വി. മുഹമ്മദും നായനാരും

പി വി യുടെ കാലത്ത് നടന്ന പാർട്ടി സമ്മേളനങ്ങൾ ഇന്നും ചരിത്രത്തിൽ വലിയ അടയാളമാണ്. കൊയിലാണ്ടി എല്ലാ ബലിപെരുന്നാളിനും നടന്നിരുന്ന സമ്മേളനങ്ങൾ മുസ്ലിം ലീഗിന്റെ സംസ്കൃതിക്ക് വലിയ മാറ്റ് കൂട്ടിയിട്ടുണ്ട്. മോടിയിലും മേളയിലും ഗജവീരൻമാരുടെ അകമ്പടിയിലും വെടിക്കെട്ടുകളുടെ ഇടി മുഴക്കത്തിലും ചരിത്ര സമ്മേളനങ്ങൾ പി വിയുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിൽ സംഘടിപ്പിച്ചിട്ടുണ്ട്.

ചെറുപ്പ വലുപ്പ വിത്യാസമില്ലാതെ പ്രവർത്തകരുമായി ആത്മബന്ധം പുലർത്തി എല്ലാം പ്രവർത്തകരുടെയും സന്തോഷത്തിലും ദുഖത്തിലും ഒരുവനായി നിന്ന മാതൃകാ നേതാവാണ്. ധൈര്യത്തിൽ പ്രവർത്തകർക്ക് ഓടിച്ചെല്ലാൻ പറ്റുന്ന ഒരിടം എന്നതായിരുന്നു പാർട്ടിയിലും പ്രവർത്തകരുടെ മനസ്സിലും അദ്ദേഹത്തിനുണ്ടായ സ്ഥാനം. നാദാപുരത്തെ മുസ്ലിം വിരുദ്ധ അക്രമങ്ങൾ ഉണ്ടായപ്പോൾ പി വിയുടെ നേതൃപാടവം വലിയ തണലായിരുന്നു. നിർണ്ണായക ഘട്ടങ്ങളിൽ അദ്ദേഹം എടുത്ത നിലപാടും തീരുമാനങ്ങളും വളരെ പ്രശംസിയനവും സംഘടനക്കും സമുദായത്തിനും വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്.

നിയമ സഭ സമാജികനെന്ന നിലയിൽ 1982,1985,1989 മൂന്നുകാലഘട്ടങ്ങളിലായി 12 വർഷം കൊടുവള്ളി അസംബ്ലി നിയോജക മണ്ഡലത്തിന്റെ എം.എൽഎ ആയിരുന്നു പി.വി. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൊണ്ട് വന്ന് പിന്നോക്കവസ്ഥയിലായിരുന്ന പ്രദേശങ്ങളെ മെച്ചപ്പെടുത്തുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. നിയമ സഭയിൽ പി.വി നടത്തിയ നർമ്മം കലർന്ന പ്രസംഗങ്ങൾ ഇന്നും ഓർമ്മകളാണ് . പാർട്ടി പ്രവർത്തനത്തിലൂടെ എനിക്കെന്ത് നേടാനായി എന്ന് ചിന്തിക്കുന്ന അരാഷ്ട്രീയ കാലത്ത് പി വി എന്നും മാതൃകയാണ്. തന്റെ സ്വന്തം നേട്ടങ്ങൾ മാറ്റിവെച്ച് സ്വത്വ ബോധവും ആദർശ മൂല്യങ്ങളും മുറുകെപിടിച്ച നേതാവാണ് പി.വി.

നിരവധി പ്രവർത്തകരെ പാർട്ടിയിലേക്ക് കൊണ്ട് വരാനും പാർട്ടിയിൽ ഉറപ്പിച്ച് നിർത്താനും പിവിക്ക് കഴിഞ്ഞിട്ടുണ്ട്. ജില്ലാ ജനറൽ സിക്രട്ടറി,എം എൽ എ തുടങ്ങി പദവികൾ വഹിക്കുമ്പോഴും വാർഡ് ശാഖ കമ്മിറ്റികൾക്ക് പ്രാധാന്യം നൽകി സാധരണക്കാരന്റെ വികാര വിചാരങ്ങൾ ആവാഹിച്ചെടുത്ത് പി.വി പ്രവർത്തിച്ചിട്ടുണ്ട്. കൊയിലാണ്ടിയിലെ ദയ മൻസിലിന്റെ കവാടം ഇരുപത്തിനാല് മണികൂറും സമുദായത്തിന് വേണ്ടി തുറന്ന് വെച്ചതായിരുന്നു. ജനകീയ രാജാവിന്റെ ദർബാറിയിരുന്നു ദയ മൻസ്. നിറഞ്ഞ മനസ്സോടെ സന്തോഷത്തോടെയും സംതൃപ്തിയോടെയുമാണ് അവിടെ വരുന്നവരെല്ലാം തിരിച്ച് പോകാറ്. പി വി എന്ന രാജകുമാരൻ പൊലിഞ്ഞ് പോയിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും താരാപഥത്തിൽ തലയുയർത്തി നിന്ന ആ നക്ഷത്രത്തിന്റെ തിളക്കം ഇന്നും നമ്മുടെ മനസ്സിൽ പ്രകാശം പരത്തുകയാണ് . ആ കർമ്മയോഗിയുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മരണമില്ല.

Summary: Indian Union Muslim League leader PV Muhammad Memoir.