നഷ്ടമായത് നാടിന്റെ വികസനത്തിന് ഏറെ സഹായിച്ച കൊയിലാണ്ടിയുടെ പുതിയാപ്പിള ആറ്റപ്പു; അന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് കൊയിലാണ്ടി മുൻസിപ്പൽ കൗൺസിലർ വി.പി ഇബ്രാഹിംകുട്ടി


കൊയിലാണ്ടി: സൗമ്യതയുടെ മറ്റൊരു മുഖമായ വികസന പ്രവർത്തനത്തിൽ ഏറെ മുന്നിട്ടിരുന്ന മറ്റുള്ളവരെ സഹായിക്കാനായി എപ്പോഴും തയ്യാറായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇനി ഓർമ്മ. തങ്ങളുടെ മരണത്തോടെ കൊയിലാണ്ടിക്ക് നഷ്ടമായത് നാടിനെ ഏറെ സ്നേഹിച്ചിരുന്ന വ്യക്തിത്വത്തിനെ. കൊയിലാണ്ടിയിലെ അബ്‌ദുല്ല ബാഫഖി തങ്ങളുടെ മകൾ ശരീഫ ഫാത്തിമ സുഹറയെ കല്യാണം കഴിച്ചതോടെ ഹൈദരലി തങ്ങൾ കൊയിലാണ്ടിയുടെ മരുമകനായി. എല്ലാ വിശേഷങ്ങൾക്കും അദ്ദേഹം നാട്ടിലെത്തുമായിരുന്നുവെന്ന് മുൻസിപ്പൽ കൗൺസിലർ വി.പി ഇബ്രാഹിംകുട്ടി കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

ഇബ്രാഹിം കുട്ടിക്ക് തങ്ങളുമായി നാൽപ്പത്തിയഞ്ച് വർഷത്തോളമായുള്ള പരിചയമുണ്ട്. ‘പാർട്ടിപരമായുള്ള ബന്ധത്തിനുപരി സ്നേഹമുണ്ടായിരുന്നു. കണ്ണൂർ കാസർകോട് യാത്രിയിലെപ്പോഴും അദ്ദേഹം കൊയിലാണ്ടിയിലും വരും, കൊയിലാണ്ടിയുടെ വികസന പ്രവർത്തനങ്ങൾക്കും അദ്ദേഹം സഹായിച്ചിരുന്നതായി ഇബ്രാഹിം കുട്ടി ഓർക്കുന്നു. ‘2014 ൽ കൊയിലാണ്ടി ബീച്ച് റോഡ് പൊട്ടിപൊളിഞ്ഞു കിടക്കുന്നതിനെ തുടർന്ന് പരിസരവാസികൾ തങ്ങളെ കണ്ട് പരാതി നൽകി. ഉടനെ എന്നെ വിളിപ്പിച്ചു കുഞ്ഞാലികുട്ടിക്കും ബാബു മിനിസ്റ്റർക്കും കത്ത് നൽകി. തങ്ങളുടെ കത്ത് ലഭിച്ച ഉടനെ ഫിഷറീസ് വകുപ്പ് മന്ത്രി ബീച്ച് റോഡിന് 60 ലക്ഷം രൂപ അനുവദിച്ചു കിട്ടുകയായിരുന്നു’ ഇബ്രാഹിം കുട്ടി പറഞ്ഞു. അത്തരത്തിൽ നിരവധി സംഭവങ്ങൾ ഉണ്ടായതായും അദ്ദേഹം പറഞ്ഞു.

സമൂഹ മാധ്യമ പോസ്റ്റിലൂടെ അദ്ദേഹം ഹൈദരലി തങ്ങളെ അനുസ്മരിച്ചു. ഇന്ന് വൈകിട്ട് കൊയിലാണ്ടിയിൽ അനുശോചന യോഗം കൂടുമെന്നും അറിയിച്ചു.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡന്റും സ്നേഹ സമ്പന്നനും വിനയാന്വിതനും പ്രിയങ്കരനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ തങ്ങളുടെ വിയോഗം കേരള ജനതക്കും പ്രത്യേകിച്ച് കൊയിലാണ്ടിക്കാർക്കും തീരാ നഷ്ടമായി മാറിയിരിക്കയാണ്. കൊയിലാണ്ടിയിലെ മൗ ലാനാ സൈദൂക്ക യുടെ മകൾ സുഹറാബിയെ വിവാഹം ചെയ്തതോട് കൂടി കൊയിലാണ്ടിയുമായി തങ്ങളുട ബന്ധം ഊട്ടി ഉറപ്പിച്ചു.

എന്റെ ഭാര്യ വീടും തങ്ങളുട ഭാര്യ വീടും തമ്മിൽ 50 മീറ്റർ ദൂരം മാത്രമുള്ളത് കൊണ്ട് എം.എസ്.എഫ് പ്രവർത്തന കാലത്ത് തന്നെ വ്യക്തി ബന്ധo കാത്ത് സൂക്ഷിക്കാൻ കഴിഞ്ഞു. കൊയിലാണ്ടി ബാഫഖി തങ്ങൾ മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ എന്ന നിലയിൽ രോഗശയ്യയിലും കൊയിലാണ്ടി ലീഗ് ഓഫീസിന്റെ കാര്യത്തിലും കയ്യൊപ്പ് നൽകി ഉത്തരവാദിത്വം നിർവ്വഹിച്ചിരുന്നു.

2014 ൽ കൊയിലാണ്ടി ബീച്ച് റോഡ് പൊട്ടിപൊളിഞ്ഞു കിടക്കുന്ന്നതിനെ പറ്റി പരിസരവാസികൾ തങ്ങളെ കണ്ട് പരാതി നൽകി ഉടനെ എന്നെ വിളിപ്പിച്ചു കുഞ്ഞാലികുട്ടി ക്കും ബാബു മിനിസ്റ്റർക്കും കത്ത് നൽകി തങ്ങളുടെ കത്ത് ലഭിച്ച ഉടനെ ഫിഷറീസ് വകുപ്പ് മന്ത്രി ബീച്ച് റോഡിന് 60 ലക്ഷം രൂപ അനുവദിച്ചു.

രണ്ട് മാസം മുമ്പ് അവസാനമായി കണ്ടപ്പോൾ ഇബ്രാഹിം കുട്ടിയാണന്ന് ഞാൻ ഓർമിപ്പിച്ചപ്പോൾ നമ്മൾ വട്ടക്കാരണന്ന് തങ്ങൾ തിരിച്ച് പറഞ്ഞു.എനിക്ക് എറെ സന്തോഷം തോന്നി. വ്യക്തി ബന്ധങ്ങൾ എത്ര വലിയ തിരക്കിലും കാത്ത് സൂക്ഷിച്ചിരുന്നു. അല്ലാഹു തങ്ങളെ സ്വർഗത്തിൽ പ്രവേശിപ്പിക്കട്ടെ (ആമീൻ).