ചാലിയത്ത് ബന്ധുവീട്ടില്‍ നോമ്പു തുറന്ന് മടങ്ങിയത് അന്ത്യയാത്രയിലേക്ക്; എലത്തൂരില്‍ റെയില്‍വേ പാളത്തില്‍ മരണമടഞ്ഞ റഹ്മത്തിന്റെയും സഹോദരിപുത്രിയുടെയും വിയോഗം ഉള്‍ക്കൊള്ളാനാവാതെ ബന്ധുക്കള്‍
കോഴിക്കോട്: കോഴിക്കോട് ബന്ധു വീട്ടില്‍ നോമ്പ് തുരന്ന് മടങ്ങും വഴിയുള്ള റഹ്മത്തിന്റെ യാത്ര മരണത്തിലേക്ക്. എലത്തൂരില്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ റഹ്മത്ത് ട്രെയിനില്‍ കണ്ണൂരിലേക്ക് യാത്ര തിരിച്ചത് കോഴിക്കോട് ചാലിയത്തെ സഹോദരിയുടെ വീട്ടില്‍ നോമ്പ് തുറന്ന ശേഷം. ചാലിയത്ത് താമസിക്കുന്ന സഹോദരി ജസീലയുടെ വീട്ടിലാണ് റഹ്മത്ത് നോമ്പ് തുറന്നത്. തുടര്‍ന്ന് ജസീലയുടെ രണ്ട് വയസുള്ള മകള്‍ സഹാറയെ കൂട്ടിയാണ് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടിവ് ട്രെയിനില്‍ മട്ടന്നൂരിലേക്ക് തിരിച്ചത്.
ഉംറ നിര്‍വഹിക്കാനായി സൗദി അറേബ്യയിലേക്ക് പോയ സഹാറയുടെ വാപ്പ ഷുഹൈബ് നിലവില്‍ മദീനയിലാണുള്ളത്. ഷുഹൈബ് ഇന്ന് നാട്ടിലെത്തുമെന്ന് ബന്ധു അറിയിച്ചു. തീകൊളുത്തിയതിനെ തുടര്‍ന്ന് ഭയപ്പെട്ടാണ് മൂവരും ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയതെന്നാണ് ലഭിക്കുന്ന വിവരമെന്ന് ഷുഹൈബിന്റെ പിതാവിന്റെ സഹോദരന്‍ നാസര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടിവ് ട്രെയിനിന്റെ ഡി1 കമ്പാര്‍ട്‌മെന്റില്‍ ഞായറാഴ്ച രാത്രി 9.15ഓടെയാണ് ആക്രമണമുണ്ടായത്. കോഴിക്കോട് പിന്നിട്ട് ട്രെയിന്‍ എലത്തൂര്‍ സ്റ്റേഷനും കഴിഞ്ഞ് കോരപ്പുഴ പാലത്തിലെത്തിയപ്പോള്‍ പെട്രോളുമായി കമ്പാര്‍ട്‌മെന്റില്‍ കയറിയ ആക്രമി യാത്രക്കാര്‍ക്കു നേരെ സ്‌പ്രേ ചെയ്തശേഷം കത്തിക്കുകയായിരുന്നു എന്നാണ് കമ്പാര്‍ട്‌മെന്റിലുള്ളവര്‍ പറഞ്ഞത്.
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യാത്രക്കാരെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാനുള്ള ശ്രമത്തിനിടെ പുറത്തേക്ക് ചാടിയ മൂന്നു പേരുടെ മൃതദേഹങ്ങള്‍ എലത്തൂര്‍ കോരപ്പുഴ പാലത്തിന് സമീപം റെയില്‍വേ പാളത്തിലാണ് കണ്ടെത്തിയത്.
കോഴിക്കോട് ചാലിയം സ്വദേശികളായ ഷുഹൈബ്- ജസീല ദമ്പതികളുടെ മകള്‍ സഹാറ (രണ്ട് വയസ്), ജസീലയുടെ സഹോദരി കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ്‌രിയ മന്‍സിലില്‍ റഹ്മത്ത് (45), മട്ടന്നൂര്‍ സ്വദേശി നൗഫിക് എന്നിവരാണ് മരിച്ചത്.
summary: Relatives of those who died on the railway track in Elathur could not bear the loss