അതിതീവ്ര മഴ തുടരും; കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; മത്സ്യ ബന്ധനത്തിന് വിലക്ക്


കോഴിക്കോട്: ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കോഴിക്കോടിന് പുറമെ എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലും ഇന്ന് റെഡ് അലര്‍ട്ടാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് നിലവിലുള്ളത്. കാസര്‍കോഡ് ജില്ലയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ വരെ എല്ലാ ജില്ലകള്‍ക്കും മഴ മുന്നറിയിപ്പുണ്ട്.

അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിനാലാണ് കേരളത്തില്‍ മഴ കനക്കുന്നതിന് കാരണം. കേരളാ തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മഴ കനത്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ടോള്‍ ഫ്രീ നമ്പറായ 1077 ല്‍ ജനങ്ങള്‍ക്ക് 24 മണിക്കൂറും സഹായത്തിനായി ബന്ധപ്പെടാം.

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴയെ തുടര്‍ന്ന് മധ്യകേരളത്തില്‍ നിരവധിയിടങ്ങളില്‍ വെള്ളം കയറി. എടച്ചേരിയില്‍ രണ്ട് വീടുകള്‍ തകര്‍ന്നു.