പരിസ്ഥിതി ബോധവത്കരണത്തിനായി കോഴിക്കോട് നിന്ന് കാപ്പാട് ബീച്ചിലേക്ക് സൈക്കിൾ റാലി


കൊയിലാണ്ടി: പരിസ്ഥിതി ബോധവത്കരണത്തിനായി കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും (ഡി.ടി.പി.സി) കാലിക്കറ്റ്‌ ബൈക്കേഴ്സ് ക്ലബ്ബും സംയുക്തമായി സൈക്കിൾ റാലി നടത്തി. കോഴിക്കോട് ബീച്ചിൽ നിന്ന് കാപ്പാട് ബ്ലൂ ഫ്ളാഗ് ബീച്ചിലേക്ക് രാവിലെ ആറ് മണിക്കാണ് ബ്ലൂ ഫ്ളാഗ് മാനദണ്ഡ പ്രകാരം റാലി നടത്തിയത്.

ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തിൽ ഡി.ടി.പി.സി യും കാലിക്കറ്റ്‌ ബൈക്കേഴ്സ് ക്ലബ്ബും ചേർന്ന് പരിസ്ഥിതി അവബോധം സൃഷ്ടിക്കാനും കോഴിക്കോടിന്റെ ടൂറിസം സാധ്യതകൾക്ക് പ്രചരണം നൽകുന്നതിനുമായി കോഴിക്കോട് ഡെക്കാതലോണിൽ നിന്നും ആരംഭിച്ച് വയനാട് ചുരം വരെ നടത്തുന്ന ചുരം ചലഞ്ച് റൈഡിന് മുന്നോടിയായുള്ള പ്രമോ റൈഡ് ആയാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത്.

കോഴിക്കോടിന്റെ ഹൃദയ ഭാഗമായ കോഴിക്കോട് ബീച്ചിൽ നിന്നും ആരംഭിച്ച് അന്താരാഷ്ട്ര അംഗീകാരമുള്ള ബ്ലൂ ഫ്ലാഗ് ബീച്ച് ആയ കാപ്പാട് ബീച്ചിൽ റാലി സമാപിച്ചു. പരിപാടി കേരള ടൂറിസം പ്ലാനിങ് ബോർഡ്‌ അഡ്വൈസറി അംഗം കെ.ആർ.പ്രമോദ് ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി നിഖിൽ ദാസ്. ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കാലിക്കറ്റ്‌ ബൈക്കേഴ്സ് ക്ലബ്‌ സെക്രട്ടറി റിയാസ് സ്വാഗതം പറഞ്ഞു. ബീച്ച് മാനേജർ ഷിജിത് രാജ് .പി ആശംസ അറിയിച്ചു. ഡി.ടി.പി.സി ഡസ്റ്റിനേഷൻ മാനേജർ അശ്വിൻ കെ.കെ ചടങ്ങിൽ നന്ദി പറഞ്ഞു.