‘പൊട്ടാത്ത പൊന്നിൻ കിനാവുകൊണ്ടൊരു പട്ടുനൂൽ ഊഞ്ഞാല കെട്ടി ഞാൻ…’; ആസ്വാദകരിൽ പ്രണയവും ഗൃഹാതുരത്വവു നിറച്ച് റാസ ബീഗത്തിന്റെ ഗസൽ രാവ്, സംഗീത ലഹരിയിൽ ലയിച്ച് കൊയിലാണ്ടി



ജിന്‍സി ബാലകൃഷ്ണന്‍

കൊയിലാണ്ടി: ”നീയെറിഞ്ഞ കല്ല് പാഞ്ഞ്” കൊയിലാണ്ടി ബസ് സ്റ്റാന്റിലെ നൂറുകണക്കിന് സംഗീതാസ്വാദകര്‍ക്കുമുമ്പില്‍ കുഞ്ഞ് സൈനു പാടിത്തുടങ്ങിയത് തന്നെ സദസ്സിന്റെ കരഘോഷങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടാണ്. ലോക്ക്ഡൗണ്‍ കാലത്ത് യൂട്യൂബിലൂടെ കേട്ട സൈനുവിന്റെ സ്വരം നേരിട്ട് കണ്‍മുന്നില്‍ കേള്‍ക്കുന്നതിന്റെ അതിശയത്തിലായിരുന്നു ആസ്വാദകര്‍.

രണ്ടര മണിക്കൂര്‍ നീണ്ട ഗസല്‍ നൈറ്റിനിടയില്‍ ഒരു ചെറിയ അപശബ്ദംകൊണ്ടുപോലും സദസ് ആസ്വാദനത്തിന്റെ ഭംഗികെടുത്തിയില്ല. റാസയ്ക്കും ബീഗത്തിനും സൈനുവിനും പിന്നണിയിലുള്ള കാലകാരന്മാര്‍ക്കുമൊപ്പം കൊയിലാണ്ടിയും സംഗീതത്തിന്റെ ലഹരിയിലേക്ക് ഊര്‍ന്നുവീഴുന്നതാണ് ഗസല്‍ നൈറ്റില്‍ കണ്ടത്.

ലഹരിയ്‌ക്കെതിരെ കലിതുള്ളി കലയും എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ഉയിര്‍പ്പ് എന്ന പരിപാടിയുമായി ഭാഗമായാണ് കൊയിലാണ്ടിയില്‍ റാസ ബീഗത്തിന്റെ ഗസല്‍ നൈറ്റ് അരങ്ങേറിയത്. ആദ്യമായാണ് റാസയും ബീഗവും കൊയിലാണ്ടിയില്‍ പാടാനെത്തുന്നത്. ”ഓമലാളേ നിന്നെയോര്‍ത്ത്”  എന്നു തുടങ്ങുന്ന ഒരൊറ്റ ഗാനത്തിലൂടെ സംഗീത പ്രേമികളുടെ മനംകവര്‍ന്നതാണ് റാസയും ബീഗവും.

ചില പാട്ടുകളുണ്ട്, ഒറ്റത്തവണ കേള്‍ക്കുമ്പോഴേക്കും മനസിന്റെ ആഴങ്ങളില്‍ അത് ഊര്‍ന്നിറങ്ങിയിട്ടുണ്ടാകും. ഓരോ തവണ കേള്‍ക്കുമ്പോഴും അത് കൂടുതല്‍ കൂടുതല്‍ പ്രിയപ്പെട്ടതാകുകയും ചെയ്യും. ആസ്വാദകരെ സംബന്ധിച്ച് അത്തരമൊരു ഗാനമാണ് ‘ഓമലാളേ നിന്നെയോര്‍ത്ത്”. റാസയും ബീഗവും കൊയിലാണ്ടിയില്‍ വീണ്ടും ആ പാട്ട് പാടിയപ്പോള്‍ ഏറെ പ്രിയപ്പെട്ടതെന്തോ കിട്ടിയതിന്റെ ആനന്ദമായിരുന്നു സദസ്സില്‍.

”മലര്‍മണം മാഞ്ഞല്ലോ മറ്റുള്ളോര്‍ പോയല്ലോ” പ്രണയവും വിരഹവും തുളുമ്പുന്ന വാക്കുകള്‍ ഏതുപ്രായത്തിലുള്ള ആസ്വാദകരെയും സ്വയം മറന്നിരുത്തുന്നതായിരുന്നു. ”വെളുക്കുമ്പോള്‍ കുളിക്കുവാന്‍ പോരുന്ന നേരത്ത്” ചെറിയ കുസൃതി ചിരിയോടെ ബീഗം പാടിയപ്പോള്‍ സദസിലെ എണ്‍പത് കഴിഞ്ഞവര്‍ക്കുപോലും ഒരു കൗമാരത്തിന്റെ വൈബായിരുന്നു. താളംപിടിച്ചും കയ്യടിച്ചും അവര്‍ ബീഗത്തിനൊപ്പം ചേര്‍ന്നു.


ഗസല്‍ ആരാധകരുടെ ഏക്കാലത്തെയും പ്രിയപ്പെട്ട ഗാനം, പങ്കജ് ഉധാസ് തന്റെ ശബ്ദത്തിലൂടെ അനശ്വരമാക്കിയ ‘ചിട്ടി ആയി ഹേ, വതന്‍ സേ ചിട്ടി ആയി ഹേ’ റാസ മൂളിയപ്പോള്‍ ഏറെ നേരത്തെ കാത്തിരിപ്പ് ധന്യമായതിന്റെ നിര്‍വൃതിയായിരുന്നു ഓരോരുത്തരുടെയും മുഖത്ത്.

സ്ത്രീകളും കുട്ടികളും പ്രായമായവരും അടക്കം ജനബാഹുല്യമുള്ള സദസ്സ് തന്നെയായിരുന്നു കൊയിലാണ്ടിയില്‍ റാസയെയും ബീഗത്തെയും എതിരേറ്റത്. രാത്രി എട്ടുമണിക്ക് പരിപാടി ആരംഭിക്കുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ കലാപരിപാടികള്‍ അവസാനിച്ച് ഗസല്‍ നൈറ്റ് ആരംഭിക്കുമ്പോള്‍ പത്തുമണി കഴിഞ്ഞിരുന്നു. എന്നാല്‍ ഒട്ടും അക്ഷമ കാണിക്കാതെ, റാസയും ബീഗവും പാടി അവസാനിപ്പിക്കുംവരെ സദസ്സ് സംഗീതലഹരിയില്‍ മയങ്ങിച്ചേര്‍ന്നു.

ജിത്തു ഉമ്മന്‍ തോമസ് (തബല), സമീര്‍ ഉമ്പായി (ഗിത്താര്‍), ജോര്‍ജ് (ധോലക്), വിവേക് രാജ (വയലിന്‍), സല്‍മാന്‍ കീ ബോര്‍ഡ് എന്നിവരായിരുന്നു പിന്നണിയിലുണ്ടായിരുന്നത്.