മുചുകുന്നിലും പുളിയഞ്ചേരിയിലും നാടക സൗഹൃദം പൂത്തുലഞ്ഞ കാലത്തെ കൂട്ടുകാരന്‍, ചാരുപറമ്പില്‍ രമേശന്റെ ഓര്‍മ്മകളിലൂടെ- രവീന്ദ്രന്‍ മുചുകുന്ന് എഴുതുന്നു


കൊയിലാണ്ടി: മുചുകുന്നിലെ പഴയകാല നാടക പ്രവര്‍ത്തകനായ ചാരുപറമ്പില്‍ രമേശന്റെ മരണ വാര്‍ത്തയറിഞ്ഞപ്പോള്‍ പഴയ ഒരുപാട് ഓര്‍മ്മകള്‍ മനസില്‍ വന്നു. ഞങ്ങളുടെ ഗ്രാമത്തില്‍ നാടക സൗഹൃദം പൂത്തുലഞ്ഞ ഒരു കാലത്തായിരുന്നു നല്ല നാടകങ്ങള്‍ക്കായി ഞങ്ങള്‍ സമ്മേളിച്ചിരുന്നത്. എന്റെ വീട്ടിലെത്തി രമേശന്‍ വാങ്ങിച്ചുപോയ സ്‌ക്രിപ്റ്റുകളെ അദ്ദേഹം അരങ്ങില്‍ അനശ്വരമാക്കി. പ്രിയപ്പെട്ട അവിവാഹിതന്‍, ഇത്രമാത്രം (പി.എം.താജ്), ജനിക്കാനും പേടി മരിക്കാനും പേടി, തീക്കനല്‍ അങ്ങനെ ഒരുപാട് നാടകങ്ങള്‍.. പിന്നെ സുവീരന്റെ ചക്രം, കാഴ്ച്ച ബംഗ്ലാവ് കെ.ടി.എസുമായി സഹകരിച്ച് ചില നാടകങ്ങള്‍….!

അരങ്ങില്‍ സംവിധായകനായും നടനായും അവന്‍ കഴിവുതെളിയിച്ചു. കേരളോത്സവത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ നടനായിരുന്നു. മുചുകുന്ന് കോളേജ് യൂണിയന്‍ നാടക മത്സരങ്ങൡ കുട്ടികള്‍ക്കുവേണ്ടി നാടകങ്ങള്‍ ഡയറക്ട് ചെയ്തു. മുചുകുന്ന് യു.പി സ്‌കൂളിന്റെ 100ാം വാര്‍ഷികത്തിനുവേണ്ടി ഒരുക്കിയ തീക്കനല്‍ എന്ന നാടകത്തിലാണ് അവസാനമായി വേഷമിട്ടത്.

ഇടയ്ക്ക് ഒരു നാടകത്തില്‍ എനിക്ക് രമേശനെ മാറ്റി നിര്‍ത്തേണ്ടി വന്നു. അത് ഞങ്ങളുടെ സൗഹൃദത്തില്‍ വിള്ളലുണ്ടാക്കി. മാറ്റിനിര്‍ത്തി ഞാന്‍ ചെയ്ത നാടകം അരങ്ങില്‍ നാടകം നടന്നുകൊണ്ടിരിക്കെ രമേശന്‍ പിന്നിലൂടെ സ്റ്റേജില്‍ കയറി നാടകത്തെ അലോസരപ്പെടുത്തി. പിന്നെ അവന്‍ അവന്റെ വഴിയിലും ഞാന്‍ എന്റെ വഴിയിലും നടന്നു. നാടകേതര സൗഹൃദം മാത്രം പിന്നെയും
വെച്ചുപുലര്‍ത്തി.

രമേശന്‍ നന്നായി എഴുതുമായിരുന്നു. ആനുകാലികളില്‍ ഒരുപാടെഴുതി. മാസികകള്‍ക്ക് അയക്കും മുന്‍പ്
എന്നെ വായിച്ചു കേള്‍പ്പിക്കുമായിരുന്നു. ഒരു കാലത്തിനു ശേഷം എല്ലാം ഉപേക്ഷിച്ചു. ഉത്തരവാദിത്തമുള്ള തൊഴിലാളിയായി. ജനങ്ങള്‍ക്കിടയില്‍ കടലില്‍ മത്സ്യം കണക്കെ, പണം പയറ്റും കുറികളുമായി
കൃത്യമായി കണക്കുകള്‍സൂക്ഷിച്ചും പാലിച്ചും നല്ല പൗരനായി ജീവിച്ചു.

പക്ഷെ അതിന് അധികം ആയുസുണ്ടായില്ല. പിന്നീട് ജീവിതം സ്വയം തല്ലിക്കൊഴിക്കുന്നതില്‍ ആഹ്ലാദിക്കുന്ന രമേശനെയാണ്് കണ്ടത്. ജീവിതത്തിന്റെ ഗതിവിഗതികളില്‍ ആര്‍ക്കും പിടികൊടുക്കാത്ത മനസ്സുമായി ഒടുവില്‍ അവന്‍ ജീവിത നാടകത്തിന്റെ തിരിശ്ശീല അറുത്തിട്ടു. ഓര്‍മ്മകളില്‍ രമേശന്‍ ഇനിയും പുനര്‍ജനിച്ചു കൊണ്ടിരിക്കും
അദരാജ്ഞലികള്‍ !