”വയസാം കാലത്ത് ഞങ്ങളെക്കൊണ്ട് ഈ പടികയറ്റിക്കാമോ?’ താല്‍ക്കാലിക കെട്ടിടത്തിലേക്ക് കൊയിലാണ്ടി ട്രഷറി മാറ്റിയിട്ട് ഒരു വര്‍ഷത്തിനിപ്പുറവും കെട്ടിടം പുതുക്കി പണിയാന്‍ നടപടിയായില്ല, പടികയറി കാല് വയ്യാതായെന്ന് പെന്‍ഷന്‍കാര്‍


കൊയിലാണ്ടി: കൊയിലാണ്ടി സബ് ട്രഷറി കെട്ടിടം പുതുക്കി പണിയാനായി മാറ്റിയിട്ട് ഒരു വര്‍ഷത്തോളമാകുമ്പോഴും പഴയ കെട്ടിടം പൊളിക്കുകയോ പ്രവൃത്തി ആരംഭിക്കുകയോ ചെയ്തിട്ടില്ല. നിലവില്‍ പതിനാലാം മൈല്‍സിലെ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് താല്‍ക്കാലികമായി ട്രഷറി പ്രവര്‍ത്തിക്കുന്നത്. അരങ്ങാടത്ത് പടികള്‍ കയറേണ്ടതിനാല്‍ പ്രായമേറിയവരും ശാരീരിക ബുദ്ധിമുട്ടുള്ളവരുമായ പെന്‍ഷന്‍കാര്‍ക്ക് അവിടെ എത്തിച്ചേരുകയെന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

2023 ജൂലൈ 18 മുതലാണ് നിലവിലുള്ള കെട്ടിടം പുതുക്കി പണിയുന്നതിനായി സബ് ട്രഷറിയുടെ പ്രവര്‍ത്തനം താല്‍ക്കാലിക കെട്ടിടത്തിലേക്ക് മാറ്റിയത്. നിലവിലുള കെട്ടിടം കാലപ്പഴക്കം കാരണം തകര്‍ച്ച ഭീഷണി നേരിട്ട സാഹചര്യത്തിലായിരുന്നു ഇത്. എന്നാല്‍ താല്‍ക്കാലിക കെട്ടിടത്തില്‍ ട്രഷറി പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷമാകാറുമ്പോഴും പഴയ കെട്ടിടം പൊളിക്കുകയോ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം തുടങ്ങാനുള്ള നടപടിയോ ഉണ്ടായിട്ടില്ല.

സാങ്കേതിക പ്രശ്‌നങ്ങളാണ് കെട്ടിടത്തിന്റെ പണി നീണ്ടുപോകാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ തലത്തിലുള്ള വിശദീകരണം. രണ്ടുകോടി രൂപയാണ് കെട്ടിട നിര്‍മ്മാണത്തിന് അനുവദിച്ചത്. എന്നാല്‍ ഇതിന് ഭരണാനുമതി ലഭിക്കാത്തതാണ് പ്രവൃത്തി തുടങ്ങാന്‍ വൈകുന്നതെന്ന് അധികൃതര്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയാവാം ഭരണാനുമതി വൈകാന്‍ കാരണം. രണ്ടുമാസത്തിനുള്ളില്‍ ഭരണാനുമതി നേടിയെടുത്ത് പ്രവൃത്തി തുടങ്ങാനുള്ള നടപടി സ്വീകരിക്കുന്നുണ്ടെന്നാണ് വിവരം.

1947ലാണ് കൊയിലാണ്ടിയിലെ സബ് ട്രഷറി സ്ഥാപിതമായത്. കൊയിലാണ്ടി നഗരത്തിലെ കോടതി കോമ്പൗണ്ടിനുള്ളിലായതിനാല്‍ ആളുകള്‍ക്ക് വരാനും പോകാനുമൊക്കെ ഏറെ സൗകര്യമായിരുന്നു.
ഇവിടെ 3100ല്‍ അധികം പെന്‍ഷന്‍ ഇടപാടുകാരും മറ്റ് ഇടപാടുകാരുമുണ്ട്. താലൂക്കിലെ 200ലേറെ വരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങളുടെ ഇടപാടുകളും ഇവിടെ നിന്നാണ് നടക്കുന്നത്.