വിതരണത്തിന് ആവശ്യമായ സ്റ്റോക്ക് റേഷന്‍ കടകളില്‍ എത്തിയില്ല; കൊയിലാണ്ടി താലൂക്കില്‍ റേഷന്‍ വിതരണം മുടങ്ങുന്നു


Advertisement

കൊയിലാണ്ടി: കരിവണ്ണൂര്‍ എന്‍.എഫ്.എസ്.എ ഗോഡൗണില്‍ നിന്നും വിതരണത്തിന് ആവശ്യമായ സ്‌റ്റോക്ക് റേഷന്‍ കടകളില്‍ എത്താത്തതിനാല്‍ കൊയിലാണ്ടി താലൂക്കില്‍ ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം മുടങ്ങുന്നു. ഈ മാസം അഞ്ചാം തീയതി മുതല്‍ റേഷന്‍ വിതരണം തുടങ്ങാന്‍ തീരുമാനിച്ചെങ്കിലും ഒമ്പതാം തീയതി മുതലാണ് വിതരണം ആരംഭിച്ചത്. 20 ശതമാനം കടകളില്‍ മാത്രമേ റേഷന്‍ സാധനങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.

Advertisement

ഒക്ടോബര്‍ നവംബര്‍ മാസം വിതരണം ചെയ്ത ലോറി വാടക ലഭിക്കാത്തതിനാല്‍ വാതില്‍പ്പടി വിതരണം നിര്‍ത്തിവെച്ച് തിങ്കളാഴ്ച മുതല്‍ ലോറി തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലാണ്. ഏഴുമാസമായി തുടര്‍ച്ചയായി മാസം ആദ്യവാരം മുതല്‍ ലോറിക്കാരും കരാറുകാരും സമരം നടത്തുന്നത് പതിവായിരിക്കുകയാണ്. ഈക്കാരണം കൊണ്ട് വിതരണത്തിന് ആവശ്യമായ സാധനങ്ങള്‍ എത്തിക്കാന്‍ കഴിയാത്തതും റേഷന്‍ വിതരണം മുടങ്ങുന്നതും പതിവാണ്.

Advertisement

റേഷന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ഓള്‍ കേരള റീറ്റെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി.പവിത്രന്‍, താലൂക്ക് പ്രസിഡണ്ട് പുതുക്കോട് രവീന്ദ്രന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.