മില്‍മ, ശബരി, ഉല്‍പന്നങ്ങള്‍ വാങ്ങാനും ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനും സൗകര്യം, മുഖം മിനുക്കി റേഷന്‍ കടകള്‍; കെ-സ്‌റ്റോറുകളുടെ സംസ്ഥാന തല ഉദ്ഘാടനം നാളെ


തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളുടെ മുഖം മിനുക്കുന്നു. റേഷന്‍ കടകള്‍ വഴി കൂടുതല്‍ ഉല്‍പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന കെ സ്റ്റോര്‍ പദ്ധതി ഞായറാഴ്ച യാഥാര്‍ഥ്യമാകും. മില്‍മ,ശബരി, ഉല്‍പന്നങ്ങള്‍ വാങ്ങാനും ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനും സൗകര്യം ലഭ്യമാക്കിയാണ് കെ സ്റ്റോറുകള്‍ നിലവില്‍ വരാന്‍ പോവുന്നത്.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൃശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. റേഷന്‍കടകളിലെ ഇ-പോസും ത്രാസും തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. ആദ്യഘട്ടത്തില്‍ 108 റേഷന്‍കടകളെ കെ സ്റ്റോറുകളായി മാറ്റും. കെ സ്റ്റോര്‍ പദ്ധതി നടപ്പാക്കാന്‍ തയാറായി നിലവില്‍ 850 ഓളം റേഷന്‍ വ്യാപാരികള്‍ മുന്നോട്ടുവന്നിട്ടുണ്ട്.

ബാങ്കിങ് ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാകാന്‍ പ്രയാസമുള്ള പ്രദേശങ്ങളിലെ റേഷന്‍കടകള്‍ക്കാണ് ഈ പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നത്. 10,000 രൂപ വരെ ഇടപാട് നടത്താന്‍ കഴിയുന്ന മിനി ബാങ്കിങ് സംവിധാനം, ഇലക്ട്രിസിറ്റി ബില്‍, വാട്ടര്‍ ബില്‍ ഉള്‍പ്പെടെയുള്ള യൂട്ടിലിറ്റി പേയ്‌മെന്റുകള്‍, മിതമായ നിരക്കില്‍ അഞ്ച് കിലോഗ്രാം തൂക്കമുള്ള പാചകവാതക കണക്ഷന്‍, ശബരി, മില്‍മ ഉല്‍പന്നങ്ങള്‍ എന്നിവ കെ സ്റ്റോറുകളില്‍ ലഭിക്കും.

നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ പാചകവാതക സിലിണ്ടറും, അക്ഷയ കേന്ദ്രങ്ങളുടെ മാതൃക വിവിധ സേവനങ്ങളും, ചെറിയ തോതിലുള്ള ബാങ്കിംഗ് ഇടപാടുകളും സാധ്യമാക്കുന്ന തരത്തില്‍ റേഷന്‍ കടകളെ മാറ്റുന്ന പദ്ധതിയാണ് കെ- സ്റ്റോര്‍. ഇ- പോസ് മെഷീനെ ത്രാസുമായി ബന്ധിപ്പിക്കുന്നതിലൂടെ, റേഷന്‍ വിതരണം സുതാര്യമാക്കാനും, അളവിന് അനുസരിച്ച് സാധനങ്ങള്‍ കാര്‍ഡ് ഉടമയ്ക്ക് കിട്ടുന്നവെന്ന് ഉറപ്പുവരുത്താനും സാധിക്കുന്നതാണ്.

ഈ വര്‍ഷം 1000 റേഷന്‍കടകളെ കെ സ്റ്റോര്‍ ആക്കാനാണ് ലക്ഷ്യമിടുന്നത്. അധിക സേവനങ്ങളുടെ പേരില്‍ ഫീസ് ഇടാക്കില്ലെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ജനങ്ങള്‍ക്ക് കൂടുതല്‍ സേവനങ്ങളും ഉല്പന്നങ്ങളും ലഭ്യമാകുന്നതോടൊപ്പം റേഷന്‍ വ്യാപാരികള്‍ക്ക് അധിക വരുമാനവും ഈ പദ്ധതിയിലൂടെ ലഭിക്കും. ഘട്ടം ഘട്ടമായി കൂടുതല്‍ സേവനങ്ങളും ഉല്പന്നങ്ങളും കെ-സ്റ്റോറിലൂടെ ലഭ്യമാക്കും.

വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെയും കുടുംബശ്രീ ഉള്‍പ്പെടെയുള്ള ചെറുകിട യൂണിറ്റുകളുടെയും ഉല്പന്നങ്ങള്‍ ഭാവിയില്‍ കെ-സ്റ്റോറിലൂടെ ലഭ്യമാക്കുവാനാണ് തീരുമാനം. നിലവിലെ റേഷന്‍കടകളുടെ മുഖച്ഛായ മാറ്റി സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന വിധത്തില്‍ കൂടുതല്‍ ഉല്പന്നങ്ങളും സേവനങ്ങളും മിതമായ നിരക്കില്‍ ലഭ്യമാക്കുവാനാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

കെ-സ്റ്റോര്‍ സേവനങ്ങള്‍

റേഷന്‍കട: അരി, ഗോതമ്പ്, മണ്ണെണ്ണ, ആട്ട
മാവേലി സ്റ്റോര്‍: സബിസിഡി സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള ശബരി ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍
ഗ്യാസ്: അഞ്ച് കിലോ ചോട്ടു ഗ്യാസ്
മില്‍മ ബൂത്ത്: പാല്‍, മറ്റ് പാലുല്‍പന്നം
അക്ഷയ സെന്റര്‍: ബില്‍ അടക്കാം, ഓണ്‍ലൈന്‍ അപേക്ഷ
മിനി ബാങ്ക്: 5000 രൂപവരെ പണം പിന്‍വലിക്കാം

പദ്ധതിയില്‍ അംഗമാകാന്‍ തയാറുള്ള റേഷന്‍ ഉടമകളെയാണ് പദ്ധതിയുടെ ഭാഗമാക്കുന്നത്. പദ്ധതിയില്‍ ഉള്‍പ്പെടണമെങ്കില്‍ കുറഞ്ഞത് 300 ചതുരശ്ര അടി കടക്ക് വിസ്തീര്‍ണം വേണം. ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന റേഷന്‍ കടകള്‍ക്ക് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍, ബാങ്കുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവയുടെ സേവനം ലഭ്യമാണെന്നും ഉറപ്പുവരുത്തും.