പാപമുക്തമായ ഹൃദയത്തോടെ ഇലാഹിൽ അലിഞ്ഞുചേരാം | റമദാൻ സന്ദേശം 23 – എം.പി.തഖിയുദ്ധീൻ ഹൈതമി


റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി

ഭൗതിക സാഹചര്യങ്ങളിൽ ജീവിക്കുന്നവർ തിന്മകൾക്ക് പ്രേരകമാകുന്ന നിരവധി അവസരങ്ങളെ അഭിമുഖീകരിക്കേണ്ടി വരും.എന്നാൽ അതിൽ നിന്നെല്ലാം വിട്ടു നിന്ന് ഹൃദയത്തിൽ രൂഢമൂലമായ ഈമാനിന്റെയും ഇഖ്ലാസിന്റെയും കരുത്തിൽ അല്ലാഹുവിനെ ഭയപ്പെടുന്നവരാണ് യഥാർത്ഥ സത്യവിശ്വാസികൾ.സമയവും സാഹചര്യവുമനുസരിച്ച് സ്വഭാവത്തിനും പ്രവർത്തനങ്ങൾക്കും മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെങ്കിൽ അത് നമ്മുടെ തഖ്‌വയുടെ പോരായ്മയാണെന്ന് മനസ്സിലാക്കണം.മനുഷ്യൻ സ്വന്തം ഹൃദയത്തോടുള്ള സമീപനം മാറ്റാൻ സന്നദ്ധമായാൽ മാത്രമേ അല്ലാഹു അവനോടുള്ള സമീപനം മാറ്റുകയുള്ളൂ.

ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകൾ കാരണം നമ്മൾ അറിയാത്ത പല വഴികളിലൂടെയും അല്ലാഹുവിന്റെ പരീക്ഷണങ്ങൾ നമുക്ക് വന്നുചേർന്നേക്കാം.ചെറു തെറ്റുകൾ കാരണമായും ഇങ്ങനെ സംഭവിച്ചേക്കാം.

നാം സമൂഹത്തിൽ കപടമുഖവുമായി ഒരുപാട് തെറ്റുകൾ ചെയ്തു നടക്കുമ്പോൾ പ്രത്യക്ഷത്തിൽ നമ്മുടെ മുഖം പ്രകാശിക്കുകയും പരോക്ഷമായി കൂടുതൽ ഇരുൾ മുറ്റുകയും ചെയ്യും.അത്തരത്തിലുള്ള നന്മയുടെ പ്രകടനപരത വിശ്വാസിക്ക് യോജിച്ചതല്ല.

തെറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നതും അവസരം അന്വേഷിക്കുന്നതും അല്ലാഹുവിൽ വിശ്വസിക്കുന്ന ഒരു മനുഷ്യന് യോജിച്ചതല്ല.സൗബാൻ (റ) വിനോട് നബി തിരുമേനി(സ) പറഞ്ഞു : “വെള്ളക്കൊട്ടാരത്തിന് സമാനമായ നന്മകളുമായി ഒരുകൂട്ടം ജനങ്ങൾ അന്ത്യനാളിൽ വരും. പക്ഷേ അതെല്ലാം നിഷ്ഫലമാകും. അവർ ആരാണെന്നറിയുമോ, പ്രവാചകർ വിശദീകരിച്ചു; അത് അവസരം ലഭിച്ചാൽ തെറ്റ് ചെയ്യുമെന്ന് ഉറപ്പിച്ച ആളുകളാണ്. അവർ എത്ര നന്മ ചെയ്താലും അല്ലാഹുവിന് മുമ്പിൽ അത് സ്വീകാര്യയോഗ്യമല്ലാതായിത്തീരും.

വിശുദ്ധ റമദാനിലെ അനുഗ്രഹീതമായ രാപ്പകലുകൾ നമ്മിൽ നിന്നും വിടപറഞ്ഞു കൊണ്ടിരിക്കുകയാണ്.റമദാൻ നമ്മോട് യാത്ര പറയുന്ന ഈ അവസരത്തിലെങ്കിലും നാം അറിഞ്ഞുകൊണ്ട് രഹസ്യമായി ചെയ്യുന്ന പാപങ്ങളിൽ നിന്നും അകന്നു നിൽക്കാനും അല്ലാഹുവിനോട് ചെയ്തുപോയ തെറ്റുകളെയോർത്ത് പശ്ചാത്തപിച്ചു മടങ്ങുവാനും വിശ്വാസി സന്നദ്ധരാവണം.അല്ലാഹു അനുഗ്രഹിക്കട്ടെ- ആമീൻ.


കൊയിലാണ്ടി ന്യൂസ് ഡോട് കോമിൽ മുൻപ് പ്രസിദ്ധീകരിച്ച റമദാൻ സന്ദേശങ്ങൾ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…