ബദർ നൽകുന്ന പാഠം| റമദാൻ സന്ദേശം 15 – എം.പി.തഖിയുദ്ധീൻ ഹൈതമി


എം.പി.തഖിയുദ്ധീൻ ഹൈതമി

ത്യാഗവും പുണ്യവും ഒരുമിക്കുന്ന പരിശുദ്ധ റമദാനിൽ അതിശക്തമായി അനുസ്മരിക്കപ്പെടുന്ന ഒരു സുദിനമാണ് ബദർ ദിനം.അല്ലാഹുവിന്റെ പരിശുദ്ധ ദീൻ ഈ ലോകത്ത് നിലനിൽക്കുവാൻ കാരണമായ സംഘട്ടനമായിരുന്നു ഇത്.മക്കയുടെയും മദീനയുടെയും ഇടയിലുള്ള ഒരു പ്രദേശത്തിന്റെ നാമമാണ് ബദർ എന്നുള്ളത്.ഹിജ്റയുടെ രണ്ടാം വർഷം വിശുദ്ധ റമളാനിൽ വ്രതാനുഷ്ഠാനം നിർബന്ധമാക്കപ്പെട്ട അതേ കാലഘട്ടത്തിൽ തന്നെയാണ് അല്ലാഹുവിൻറെ റസൂലും അനുയായികളും മക്കയിലെ ശത്രുക്കളുമായി സംഘട്ടനത്തിൽ ഏർപ്പെടുന്നത്.ബദർ ദിനം യൗമുൽ ഫുർഖാൻ എന്ന പേരിലും അറിയപ്പെടുന്നുണ്ട്.

ഇസ്ലാമിക ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു ബദർ .അല്ലാഹുവിൽ വിശ്വസിച്ചത് കാരണമായും അവൻന്റെ മതം പ്രബോധനം നടത്തിയത് കാരണമായും പ്രവാചകരും അനുയായികളും മക്കയിൽ ഒരുപാട് പീഡനങ്ങൾക്ക് ഇരയായി.പ്രവാചകൻ നടന്നു പോകുന്ന വഴികളിൽ ശത്രുക്കൾ മുള്ളുകൾ വിതറി.ഇസ്ലാമിക ചരിത്രത്തെ രക്തപങ്കിലമാക്കിയിട്ടായിരുന്നു മക്കയിലുണ്ടായിരുന്ന കുറേ ഖുറൈശികളും ഇസ്ലാമിന്റെ വിരോധികളും ഇസ്ലാമിനെതിരെ ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നത്.പ്രവാചകന്റെ അനുയായികളിൽ പലരെയും അവർ കൊന്നൊടുക്കി.എല്ലാം നബി തിരുമേനി സഹിച്ചു.

ഒടുവിൽ പ്രവാചകനെ വധിക്കാൻ വരെ മക്ക ഖുറൈശികൾ ആലോചനകൾ നടത്തി.ആ സമയം മക്കയിലുള്ള സ്വഹാബിമാർ മദീനയിലേക്ക് പലായനം ചെയ്തു.പിന്നീട് പ്രവാചകനും ഹിജ്റ എന്ന അത്ഭുത സംഭവത്തിലൂടെ പിറന്ന മണ്ണായ മക്കയിൽ നിന്നും മദീനയിലേക്ക് ഹിജ്റ പോയി.മദീനയിൽ എത്തിയ പ്രവാചകനെ മക്ക ഖുറൈശികൾ വീണ്ടും ആക്രമിക്കാൻ തുടങ്ങി.ഈ അവസരത്തിലാണ് നിങ്ങളെ ആക്രമിച്ചതിന്റെ പേരിൽ നിങ്ങൾ തിരിച്ചും ആക്രമിക്കാനുള്ള സമ്മതം നൽകിയിരിക്കുന്നു എന്ന അല്ലാഹുവിന്റെ വിശുദ്ധ ഖുർആൻ പ്രഖ്യാപനം നടക്കുന്നത്.

ആദ്യമെല്ലാം ശത്രുക്കളോട് പ്രവാചകനും അനുയായികളും വളരെ മമതയോടു കൂടെയായിരുന്നു പെരുമാറിയിരുന്നത്.എന്നാൽ അവരുടെ ആക്രമണങ്ങൾ സഹിക്കവയ്യാതെ വന്നപ്പോൾ അല്ലാഹുവിൻറെ കല്പനപ്രകാരം അവർക്കെതിരെ സംഘട്ടനത്തിന് പ്രവാചകൻ തയ്യാറാവുകയായിരുന്നു.

നിങ്ങൾ യുദ്ധത്തിന് പോവുകയാണെങ്കിൽ സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കരുതെന്നും,ഫലങ്ങൾ കായ്ക്കുന്ന വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കരുതെന്നും മൃഗങ്ങളെ കൊന്നു കളയരുത് എന്നും പ്രവാചകന്‍ അനുയായികൾക്ക് നിർദ്ദേശം നൽകിയിരുന്നു.നബി (സ) തങ്ങളും 313 അനുയായികളുമാണ് ബദർ സംഘട്ടനത്തിന്റെ വേളയിലേക്ക് പോകുന്നത്.ആയുധബലം കൊണ്ടും ആൾബലം കൊണ്ടും മുസ്ലിംകൾ ബലഹീനരായിരുന്നു.എന്നാൽ അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസമായിരുന്നു അവരുടെ ഹൃദയത്തെ നയിച്ചിരുന്നത്.

മക്കയിലെ ധീരന്മാരും ഖുറൈശി പ്രമുഖന്മാരും ആയിരുന്നു ശത്രുപക്ഷത്ത് ഉണ്ടായിരുന്നത്.എന്നിട്ടും അവർക്ക് വിജയിക്കാൻ സാധിച്ചില്ല.അബൂജഹൽ ഉൾപ്പെടെയുള്ള എഴുപത് ആളുകളാണ് കൊലചെയ്യപ്പെട്ടത്.അല്ലാഹുവിലുള്ള വിശ്വാസവും മനക്കരുത്തും ആയുധമാക്കി ശത്രുക്കൾക്കെതിരെ പോരാടാൻ തയ്യാറായപ്പോൾ അല്ലാഹു സത്യം വിജയിപ്പിച്ചു.ആയിരത്തോളം വരുന്ന ശത്രുക്കളോട് 313 ആളുകൾ യുദ്ധം ചെയ്ത് വിജയിച്ച ചരിത്രത്തിലെ അപൂർവ്വമായ നിമിഷത്തിന് ബദറിന്റെ മണ്ണ് സാക്ഷ്യം വഹിച്ചിരിക്കുകയാണ്.നബി തങ്ങളോട് കൂടെയുണ്ടായിരുന്ന ബദരീങ്ങളിൽ നിന്ന് 14 ആളുകളാണ് അന്ന് ശഹീദായത്.പരിശുദ്ധ റമദാൻ വ്രതം അനുഷ്ഠിച്ചു കൊണ്ട് വിജയിച്ച ഈ മഹാസംഭവം നമുക്ക് അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നതിന്റെ വലിയ പാഠം നൽകുന്നുണ്ട്. {mid4]

സർവ്വാധി നാഥനു വേണ്ടി എന്തും സമർപ്പിക്കാൻ , ജീവൻ വേണമെങ്കിൽ അതും അർപ്പിക്കാൻ തയ്യാറാവേണ്ട ഏറ്റവും വലിയ പാഠമാണ് ബദർ നൽകുന്നത്.ഇസ്ലാം എന്നു പറയുന്ന ഈ മനോഹരമായ പുഷ്പത്തെ നമ്മുടെ കയ്യിലേക്ക് എത്തിച്ചത് ബദർ എന്നു പറയുന്ന ഉന്നതമായ ആ സംഘട്ടനമാണ്.അതിലെ പാഠങ്ങൾ നാം ഉൾക്കൊള്ളാൻ തയ്യാറാവണം. അല്ലാഹുവിൻറെ ശത്രുക്കൾക്ക് ഒരിക്കലും ഈ ലോകത്ത് നിലനിൽപ്പില്ല എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ ഈ പോരാട്ടത്തിൽ നിന്ന് ഒരുപാട് പാഠങ്ങൾ ഉൾക്കൊള്ളാൻ നമുക്ക് സാധ്യമാവണം.ഏതു പ്രതിസന്ധിഘട്ടം വന്നാലും ക്ഷമയോടെ എല്ലാം അല്ലാഹുവിൽ അർപ്പിച്ചു മുന്നേറാനുള്ള മനസ്സ് വിശ്വാസികൾ കൈവരിക്കണം.ഈ വിശുദ്ധ റമദാനിലെ നന്മനിറഞ്ഞ രാപ്പകലുകളിൽ ബദ്‌രീങ്ങളായ മഹാരഥന്മാരുടെ വഴികളെ സ്വീകരിക്കാൻ സർവ്വശക്തൻ നമ്മെ അനുഗ്രഹിക്കട്ടെ- ആമീൻ.