റമദാൻ വ്രതാനുഷ്ഠാനത്തിന്റെ ചില കർമ്മ ശാസ്ത്ര വിധികൾ | റമദാൻ സന്ദേശം 03 – എം.പി.തഖിയുദ്ധീൻ ഹൈതമി
റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി
സൃഷ്ടാവായ അല്ലാഹുവിൽ സർവ്വവും സമർപ്പിച്ച് അന്നപാനീയങ്ങളെയും ലൈംഗികതയെയും വെടിയുകയാണല്ലോ റമദാൻ വ്രതാനുഷ്ഠാനത്തിന്റെ പരമപ്രധാനമായ അടിസ്ഥാനം.നിയന്ത്രണങ്ങളില്ലാതെ ഭക്ഷണ പാനീയങ്ങൾ ആസ്വദിക്കുന്നവരോട് ദീർഘമായ മണിക്കൂറുകളാണ് അന്നപാനീയങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ കല്‌പ്പന.ഓരോ മനുഷ്യനിലും സൃഷ്ടാവ് മലക്കിന്റെ ഗുണങ്ങളും മൃഗത്തിന്റെ ഗുണങ്ങളും നൽകിയിട്ടുണ്ട്.
അന്നപാനീയങ്ങളിൽ നിന്നും ലൈംഗികതയിൽ നിന്നും വിട്ടുനിൽക്കുക വഴി മാലാഖമാരുടെ സ്വഭാവഗുണങ്ങൾ സ്വാംശീകരിക്കാൻ മനുഷ്യന് സാധിക്കുന്നു.ഒരർത്ഥത്തിൽ ഇതുതന്നെയാണ് വ്രതാനുഷ്ഠാനത്തിന്റെ ആധികാരിക പൊരുൾ.
റമദാൻ നോമ്പിന്റെ ചില കർമ്മ ശാസ്ത്ര വിധികൾ നമുക്ക് പരിചയപ്പെടാം.നോമ്പുകാരനായ വ്യക്തി നിർബന്ധമായ കുളി നിർവഹിക്കുമ്പോൾ അറിയാതെ ചെവിയിലേക്ക് വെള്ളം പ്രവേശിച്ചാൽ നോമ്പ് മുറിയുകയില്ല.അതേസമയം നോമ്പുകാരൻ പുഴയിലോ,കുളത്തിലോ മറ്റു ജലാശയങ്ങളിലോ മുങ്ങി കുളിക്കുകയും അതുകാരണം ചെവിയിൽ വെള്ളം പ്രവേശിക്കുകയും ചെയ്താൽ നോമ്പ് മുറിയും എന്നതാണ് പണ്ഡിത വീക്ഷണം.
വുളൂ ചെയ്യുന്ന സന്ദർഭത്തിൽ അമിതമാവാത്ത രീതിയിൽ വായിൽ വെള്ളം കൊപ്ലിക്കുകയും അതുകാരണമായി വെള്ളം കടക്കുകയും ചെയ്താൽ നോമ്പ് മുറിയുന്നതല്ല.നേത്രരോഗ വിദഗ്ധന്മാർ നിർദ്ദേശിക്കുന്ന കണ്ണിലുറ്റിക്കുന്ന തുള്ളി മരുന്നു( Eye drops) കൊണ്ടും വ്രതം നഷ്ടപ്പെടുകയില്ല.കണ്ണിലുറ്റിച്ച മരുന്ന് തൊണ്ടയിൽ എത്തിയാൽ അത് തുപ്പിക്കളഞ്ഞാൽ മതി.അത്താഴ ഭക്ഷണം കഴിച്ചതിന്റെ ശേഷം പല്ല് വൃത്തിയാക്കലും,വായ നന്നായി കഴുകലും പ്രത്യേകം സുന്നത്താകുന്നു.നോമ്പുകാരന സംബന്ധിച്ചിടത്തോളം നോമ്പിനെ നഷ്ടപ്പെടുത്താൻ സാധ്യതയുള്ള ലഘുവായ കാരണങ്ങളിൽ നിന്നു പോലും അകലം പാലിക്കൽ ആവശ്യമാണ്. അല്ലാഹു നമ്മുടെ വ്രതത്തെ പൂർണ്ണാർത്ഥത്തിൽ സ്വീകരിക്കട്ടെ-ആമീൻ.