സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാദ്ധ്യത; കോഴിക്കോട് ജില്ലയില്‍ നാളെ യെല്ലോ അലര്‍ട്ട്


കോഴിക്കോട്: സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ബുധനാഴ്ച്ച കോഴിക്കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട്. നാളെ മുതല്‍ മഴ കൂടുതല്‍ ശക്തമായേക്കും.

കോഴിക്കോടിന് പുറമെ നാളെ കണ്ണൂര്‍, മലപ്പുറം, കാസര്‍കോട്, ഇടുക്കി ജില്ലകളിലും മറ്റന്നാള്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍ ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

തെക്കന്‍ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

നാളെ വടക്കന്‍ കേരള- കര്‍ണാടക തീരങ്ങള്‍, ലക്ഷദ്വീപ് പ്രദേശം എന്നിവടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാദ്ധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.