റെയിൽവേ സ്റ്റേഷനിൽ ഓട്ടോ റിക്ഷകൾ പാർക്ക് ചെയ്യാൻ വൻ തുക പിരിക്കാൻ റെയിൽവേ; കൊയിലാണ്ടി സ്റ്റേഷനിൽ പാർക്ക് ചെയ്യുന്നത് അവസാനിപ്പിക്കുമെന്ന് തൊഴിലാളികൾ, പ്രതിഷേധം



കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്യുന്ന ഓട്ടോറിക്ഷകളില്‍ നിന്നും പാര്‍ക്കിങ് ഫീസ് എന്ന നിലയില്‍ പണം ഈടാക്കാനുള്ള തീരുമാനത്തിനെതിരെ കൊയിലാണ്ടിയിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍. പാര്‍ക്കിങ് പെര്‍മിറ്റ് അനുവദിച്ചു കിട്ടാന്‍ ഓരോ ഓട്ടോറിക്ഷയ്ക്കും മൂന്നുമാസത്തേക്ക് 354 രൂപ പണം അടയ്ക്കണമെന്ന നിര്‍ദേശമാണ് തൊഴിലാളികള്‍ക്ക് ഇടയില്‍ പ്രതിഷേധത്തിനു വഴിവെച്ചിരിക്കുന്നത്.

തൊഴിലാളി വിരുദ്ധ നിയമം പിന്‍വലിക്കണമെന്ന് ഓട്ടോ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ച് റെയില്‍വെ അധികാരികള്‍ക്കും, സ്ഥലം എം.പി, എം.എല്‍.എ എന്നിവര്‍ക്ക് നിവേദനം നല്‍കാനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

പാര്‍ക്കിങ് പെര്‍മിറ്റിന് പണം അടയ്ക്കണം എന്നത് നിര്‍ബന്ധമാക്കിയാല്‍ ഓട്ടോറിക്ഷകള്‍ റെയില്‍വേ സ്‌റ്റേഷന് സമീപം പാര്‍ക്ക് ചെയ്യുന്നത് അവസാനിപ്പിക്കുമെന്ന് ഓട്ടോ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു കൊയിലാണ്ടി ഏരിയ കമ്മിറ്റിയംഗം രാധാകൃഷ്ണന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഓട്ടോറിക്ഷകള്‍ക്ക് പാര്‍ക്കിങ് പെര്‍മിറ്റ് എന്ന നിലയില്‍ ചെറിയൊരു തുക ഈടാക്കാറുണ്ടായിരുന്നു. പിന്നീട് റെയില്‍വേ പാര്‍ക്കിങ് പിരിക്കാന്‍ സ്വകാര്യ ഏജന്‍സികളെ അനുവദിക്കുകയും ചെറിയൊരു തുക പിരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ആറുവര്‍ഷമായി ഓട്ടോറിക്ഷകളോട് പണം പിരിക്കാറില്ല. കോവിഡിനുശേഷം ഇത്തരമൊരു നീക്കമുണ്ടായപ്പോള്‍ തൊഴിലാളികളുടെ ഏതിര്‍പ്പിനെ തുടര്‍ന്ന് അത് പിന്‍വലിക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

മൂന്നുമാസത്തേക്ക് 354 രൂപയെന്നത് ഓട്ടോ തൊഴിലാളികളെ സംബന്ധിച്ച് വലിയ തുകയാണ്. മിനിമം ചാര്‍ജ് 30 രൂപയാണ്. വണ്ടിയുടെ ടാക്‌സായി അറുനൂറ് രൂപയാണ് അടയ്‌ക്കേണ്ടത്. ഇന്ധനവിലയും കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തില്‍ പാര്‍ക്കിങ് ഫീസ് പിരിക്കാനുള്ള നീക്കത്തില്‍ നിന്നും റെയില്‍വേ പിന്നോട്ടുപോകണമെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ക്കിങ് ഫീസിനുള്ള അപേക്ഷാഫോറം കൈപ്പറ്റില്ലെന്ന് തൊഴിലാളികള്‍ ഒറ്റക്കെട്ടായി തീരുമാനിച്ചിട്ടുണ്ട്. ജനപ്രതികളെ ഇതുസംബന്ധിച്ച ആശങ്കകള്‍ അറിയിക്കുമെന്നും തൊഴിലാളികള്‍ വ്യക്തമാക്കി.