പാര്‍സല്‍ സംവിധാനം നിര്‍ത്തലാക്കുന്നതോടെ കൊയിലാണ്ടി സ്‌റ്റേഷന്റെ വരുമാനം ഇടിയും; ബി ക്ലാസ് സ്റ്റേഷന്‍ സി ക്ലാസായി തരംതാഴുമെന്ന് ആശങ്ക


കൊയിലാണ്ടി: പാര്‍സല്‍ സംവിധാനംനിര്‍ത്തലാക്കിയത് കൊയിലാണ്ടി സ്റ്റേഷന്റെ വരുമാനത്തെയും വികസനത്തെയും ബാധിക്കുമെന്ന് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍. നാഗര്‍കോവില്‍ നിന്നും മംഗളുരുവില്‍ നിന്നും ഫിഷിങ് നെറ്റ് ഉള്‍പ്പെടെയുള്ള പാര്‍സലുകള്‍ കൊയിലാണ്ടിയിലാണ് എത്തുന്നത്. ഇത് നിര്‍ത്തലാക്കുന്നതോടെ കൊയിലാണ്ടി സ്‌റ്റേഷന്റെ വരുമാനത്തില്‍ ഗണ്യമായ കുറവ് വരുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു.

വരുമാനം കണക്കിലെടുത്ത് ഇപ്പോള്‍ ബി.ക്ലാസ് സ്‌റ്റേഷനാണ് കൊയിലാണ്ടി. പാര്‍സല്‍ സര്‍വീസ് ഇല്ലാതാകുമ്പോള്‍ വരുമാനം കുറയുകയും കൊയിലാണ്ടി സ്‌റ്റേഷന്‍ സി.ക്ലാസായി തരംതാഴുകയും ചെയ്യുമെന്നാണ് ആശങ്ക.

വയനാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പാര്‍സലുകള്‍ കൊയിലാണ്ടി സ്റ്റേഷനിലാണ് എത്തിയിരുന്നത്. മാസം 30 ബൈക്ക് വരെ ഇവിടെ പാര്‍സലായി എത്തുമായിരുന്നു.

കൊയിലാണ്ടിയും വടകരയും അടക്കം പത്ത് സ്റ്റേഷനുകളിലെ പാഴ്സല്‍ സംവിധാനമാണ് ദിവസങ്ങള്‍ക്ക് മുമ്പ് റെയില്‍വേ നിര്‍ത്തലാക്കിയത്. ചെന്നൈ റെയില്‍വേ കൊമേഴ്സ്യല്‍ മാനേജര്‍ മെയ് 23ന് നല്‍കിയ ഉത്തരവ് ബുധനാഴ്ച മുതല്‍ നിലവില്‍ വന്നു.

മാഹി, കണ്ണപുരം, കുറ്റിപ്പുറം, പട്ടാമ്പി, കാഞ്ഞങ്ങാട്, ആര്‍ക്കോണം, പയ്യന്നൂര്‍, ചെറുവത്തൂര്‍ എന്നിവയാണ് പാര്‍സല്‍ സംവിധാനം നിര്‍ത്തലാക്കിയ മറ്റ് സ്റ്റേഷനുകള്‍. ഇവിടെയെല്ലാം ജോലി ചെയ്യുന്ന പോര്‍ട്ടര്‍മാരുടെ സേവനമാണ് ഇതോടെ ഇല്ലാതാകുന്നത്.