യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം


തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുള്‍പ്പെടെ നാലു കേസിലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം. ഇതോടെ രാഹുല്‍ ഇന്ന് ജയില്‍ മോചിതനാകും. തിരുവനന്തപുരം ജില്ലാ സെക്ഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി എട്ടാം ദിവസമാണ് രാഹുലിന് നാലു കേസുകളിലും ജാമ്യം ലഭിച്ചിരിക്കുന്നത്.

സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘര്‍ഷവുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്‌റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ആദ്യം ജാമ്യം ലഭിച്ചത്. തുടര്‍ന്ന് ഡിജിപി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലും ജാമ്യം ലഭിക്കുകയായിരുന്നു. മറ്റു രണ്ട് കേസുകളില്‍ ഇന്നലെ ജാമ്യം ലഭിച്ചിരുന്നു.

ആറാഴ്ച വരെ എല്ലാ തിങ്കളാഴ്ചയും 10മണിക്കും ഒരുമണിക്കും ഇടയില്‍ പോലീസ് ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണം. പൊതുമുതല്‍ നശിപ്പിച്ചതിന് കോടതി നിര്‍ദ്ദേശിച്ച തുക കെട്ടിവെക്കണം എന്നീ ഉപാധികളോടെയാണ് സെക്രട്ടറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസില്‍ കോടതി ജാമ്യം അനുവദിച്ചത്. കൂടാതെ 50,000 രൂപയും കെട്ടിവയ്ക്കണം. 

ഡിജിപി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസില്‍ 25,000 രൂപയോ തത്തുല്യമായ ആള്‍ജാമ്യമോ വേണം. ഒരു മാസത്തേക്ക് എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനവുദിച്ചത്. നിലവില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് രാഹുലുള്ളത്.