ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മയാണ് കീഴരിയൂര്‍ ബോംബ് കേസ്; ബ്രിട്ടീഷുകാരെ ഞെട്ടിച്ച് ക്വിറ്റിന്ത്യാ സമരത്തില്‍ ഒരു നാട് ഒന്നടങ്കം ചേര്‍ന്ന ആ പോരാട്ട ചരിത്രമറിയാം


സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ കോഴിക്കോട്ടുകാരുടെ മായാത്ത കയ്യൊപ്പ്. ഇന്നും വിപ്ലവ ആവേശത്തിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന മണ്ണ്, ക്വിറ്റിന്ത്യാ സമരചരിത്രത്തിന്റെ ഭാഗമായ വീരേതിഹാസമാണ് കീഴരിയൂര്‍. ബോംബ് സ്‌ഫോടനം നടത്തി ബ്രിട്ടീഷുകാരെ ഞെട്ടിക്കുക എന്നതായിരുന്നു പ്രത്യക്ഷലക്ഷ്യം. ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്ന് തുരത്താന്‍ അതിശക്തമായ പോരാട്ടം വേണമെന്ന നിലപാടുമായി ഇറങ്ങിത്തിരിച്ച ഒരുകൂട്ടം രാജ്യസ്‌നേഹികളായിരുന്നു ഇതിനു പിന്നില്‍.

ഗാന്ധിജിയുടെ ആഹ്വാനം കൊണ്ട് അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ അഖിലേന്ത്യ പൗരസ്വാതന്ത്ര്യത്തിന്റെ സെക്രട്ടറികൂടിയായ ഡോ.കെ.ബി.മേനോന്‍ ചാലപ്പുറത്ത് വേര്‍ക്കോട്ട് രാഘവന്‍ നായരുടെ വീട്ടില്‍ രഹസ്യയോഗം ചേര്‍ന്നു. ആളപായം ഇല്ലാതെ കാര്യം സാധിക്കുക എന്നതായിരുന്നു ലക്ഷ്യം.

അത്ര പെട്ടെന്ന് ബ്രിട്ടീഷുകാര്‍ക്ക് എത്തിപ്പെടാന്‍ പറ്റാത്ത ഒരിടം, അങ്ങനെയൊരു ഇടത്തായിരിക്കണം ബോംബ് നിര്‍മ്മാണം നടക്കേണ്ടതെന്നവര്‍ ഉറപ്പിച്ചു. ഏറെ ആലോചനക്കൊടുവില്‍ കീഴരിയൂര്‍ എന്ന ഗ്രാമം തിരഞ്ഞെടുക്കുകയായിരുന്നു. കൊയിലാണ്ടിയില്‍ നിന്ന് നെല്യാടിപ്പുഴ കടന്നുവേണം കീഴരിയൂരിലെത്താന്‍. അന്നു നെല്യാടിപ്പുഴയ്ക്കു കുറുകെ പാലമില്ലാത്തതിനാല്‍ അത്ര പെട്ടെന്ന് ബ്രിട്ടീഷുകാര്‍ക്ക് എത്തിപ്പെടാന്‍ കഴിയില്ല.

പുറം ലോകം അറിയാതെ കീഴരിയൂരിലെ കുന്തങ്കല്ലിലുള്ള വീട്ടില്‍ വച്ച് ബോംബ് നിര്‍മ്മിച്ചു. പച്ചിലക്കൂട്ടുകളും മറ്റും ചേര്‍ത്താണ് ബോബ് നിര്‍മിച്ചത്. നാട്ടിലെ ചില സ്ത്രീകളും തങ്ങളാലാവുന്ന സഹായവുമായി എത്തി. നവംബര്‍ ഒമ്പതിന് ബോംബുനിര്‍മാണം പൂര്‍ത്തീകരിക്കാത്തതിനാല്‍ സ്‌ഫോടനം പതിനേഴിലേക്കു മാറ്റി.

മാവിട്ടു മലയിലെ പാറക്കെട്ടിനു മുകളിലെ താന്നി മരത്തിനടുത്ത് ബോംബ് പരീക്ഷിച്ചത്. അതിഭയങ്കര ശബ്ദത്തോടെ ബോബ് പെട്ടി. പാറക്കെട്ടുകള്‍ ചിന്നിചിതറി, താനിമരം കത്തി കരിഞ്ഞു. ബോബ് പൊട്ടിയ ശബ്ദം പാലത്തിന് ഇപ്പുറവും എത്തി. വിവരം പോലീസ് അറിഞ്ഞു. പിന്നീട് നടന്നത് ബ്രിട്ടീഷ് സേനയുടെ നരനായാട്ടായിരുന്നു.

ഇതിനിടെ സമരപോരാളികള്‍ ബോംബും നിര്‍മാണ സാമഗ്രികളും കാട്ടിലൂടെ ചുമന്നുകൊണ്ടുപോയി. എല്ലായിടത്തും ബോംബ് സ്‌ഫോടനം നടത്താനുള്ള പദ്ധതി പാളിയെങ്കിലും പാട്യം വില്ലേജ് ഓഫീസ്, കീഴ്ത്തള്ളി വില്ലേജ് ഓഫീസ്, മദ്രാസ് ഗവര്‍ണര്‍ പ്രസംഗിക്കുന്ന കോഴിക്കോട്ടെ പന്തല്‍, കല്ലായി റെയില്‍വേ സ്റ്റേഷന്‍, കല്ലായി ടിംബര്‍ കേന്ദ്രം, മലാപ്പറമ്പ് ഗോള്‍ഫ് ക്ലബ്, തലശേരി പാത്തിപ്പാലം, പാലക്കാട് വിക്ടോറിയ കോളേജ് ബാല്, മുക്കാളി മത്സ്യം ഉണക്കുകേന്ദ്രം, പള്ളിക്കുന്ന പോസ്റ്റ് ഓഫീസ്, കണ്ണൂര്‍ ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ ഒരേസമയം ബോംബ് സ്‌ഫോനമുണ്ടായി.

ബോംബ് സ്‌ഫോടനങ്ങള്‍ക്കു ശേഷം ബ്രിട്ടീഷ് പൊലീസ് കീഴരിയൂരിലെ വീടുകളില്‍ അതിക്രമങ്ങള്‍ അഴിച്ചുവിട്ടത് ചരിത്രത്തിന്റെ ഭാഗമാണ്. കീഴരിയൂരില്‍ പോലീസ് ക്വാമ്പ് തുറന്നു. കണ്ണില്‍ കണ്ടവരെയെല്ലാം തല്ലി ചതച്ചു. മിക്കവരും ഒളിവില്‍ പോയിരുന്നു. പ്രക്ഷോഭത്തിന് ഇറങ്ങിത്തിരിച്ചവരുടെ കുടുംബത്തെ പോലും വെറുതെ വിട്ടില്ല. മുള്ളങ്കണ്ടി മീത്തല്‍ കുഞ്ഞിരാമന്‍ ആണ് കീഴരിയൂര്‍ ബോംബ് കേസിലെ ഏക രക്തസാക്ഷി. ഇരുട്ടറകളില്‍ ദിവസങ്ങളോളം പൂട്ടിയിട്ടും ക്രൂര മര്‍ദനത്തിന് ഇരയാക്കിയും പീഢിപ്പിച്ചു. ഇരുട്ടറയിലെ കുഞ്ഞ് ദ്വാരത്തിലൂടെ അകത്തേക്ക് കടന്ന വെളിച്ചത്തിന്റെ ഗതി കണക്കാക്കിയായിരുന്നു തടവുകാര്‍ സമയം പോലും കണക്കാക്കിയിരുന്നത്. രാത്രിയും പകലും തിരച്ചറിയാന്‍ കഴിയാഞ്ഞ ദിനങ്ങള്‍.

സര്‍ക്കാര്‍ കെട്ടിടങ്ങളും റെയില്‍പാളങ്ങളും ബോംബ് വെച്ച് തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ കീഴരിയൂരിലെ കുന്നുകള്‍ ഒളിതാവളമാക്കി ബോംബുണ്ടാക്കിയെന്ന കേസില്‍ ഡോ.കെ.ബി.മേനോന്‍, എന്‍.എ.കൃഷ്ണന്‍ നായര്‍, വി.എ.കേശവന്‍ നായര്‍, സി.പി.ശങ്കരന്‍ നായര്‍, ഡി.ജയദേവ റാവു, ഒ.രാഘവന്‍ നായര്‍, കാരിയാല്‍ അച്ചുതന്‍, ഇ.വാസുദേവന്‍ നായര്‍, എന്‍.പി.അബു, കൊയപ്പളളി നാരായണന്‍ നായര്‍ എന്ന കരുണാകരന്‍ നായര്‍, തൈക്കണ്ടി പാച്ചര്‍, കുറുമയില്‍ കേളുക്കുട്ടി, കെ.നാരായണന്‍, കുനിയില്‍ കുഞ്ഞിരാമന്‍, മുളളന്‍കണ്ടി മീത്തല്‍ കുഞ്ഞിരാമന്‍, മീത്തലെ അരയങ്ങോട്ട് ഉണ്ണിക്കുട്ടി, എ.കെ.മുഹമ്മദ് നഹ, വളളിയില്‍ ശങ്കരന്‍ക്കുട്ടി, അബ്ദുളളക്കോയതങ്ങള്‍, പി.മമ്മൂട്ടി,കെ.വി.ചാമു, എ.കെ.പ്രഭാകരന്‍, സി.ചോയുണ്ണി, കെ.ടി.അലവി, വി.അച്ചുതന്‍ വൈദ്യര്‍, കെ.ഗോപാലന്‍ നായര്‍, പി.കെ.ദാമോദരന്‍ നായര്‍ തുടങ്ങിയവര്‍ പ്രതികളായിരുന്നു. പ്രതികളില്‍ 32 പേര്‍ക്ക് തടവ് ശിക്ഷ വിധിച്ചു. 12 പേര്‍ക്ക് 7 വര്‍ഷം തടവും ഒരാള്‍ക്ക് 10 വര്‍ഷം തടവും ലഭിച്ചു. കൊടിയ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് ഇവര്‍ക്ക്.

വിചാരിച്ച പോലെ സ്‌ഫോടനം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും കീഴരിയൂര്‍ ബോംബ് കേസ് സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ വലിയ ഭാഗമായി. കീഴരിയൂര്‍ ബോംബ് കേസിനെക്കുറിച്ച് അന്വേഷിച്ച് നേതാജി സുഭാഷ് ചന്ദ്രബോസ് കെ.ബി.മേനോനെഴുതിയ കത്തും ചരിത്രപ്രസിദ്ധമാണ്.