വോട്ടിങ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടര്‍മാരുടെ ക്യു; കൊയിലാണ്ടിയില്‍ 72.03% പോളിങ്


വടകര: സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് സമയം അവസാനിച്ചപ്പോള്‍ വടകരയില്‍ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂ തുടരുന്നു. 72.03% ആണ് വടകരയില്‍ വോട്ടു ചെയ്തത്. 70.03% പോളിങ്ങാണ് കൊയിലാണ്ടിയില്‍ രേഖപ്പെടുത്തിയത്.

കൊയിലാണ്ടി മാടാക്കര എല്‍.പി  സ്‌കൂളിലെ 145ാം  പോളിങ് ബൂത്തില്‍ വോട്ടെടുപ്പ് അവസാനിച്ചശേഷവും 250 ഓളം പേര്‍ വോട്ട് ചെയ്യാനുള്ള ക്യൂവിലുണ്ട്. ചെങ്ങോട്ടുകാവ് സ്‌കൂളിലും ആന്തട്ട ഗവ.യു.പി സ്‌കൂളിലും വോട്ടിങ് നീണ്ടുപോകുകയാണ്. വടകര മണ്ഡലത്തിലെ പല ഭാഗങ്ങളിലും സ്ഥിതി ഇതുതന്നെയാണ്.

നടുവണ്ണൂരിലെ കാവില്‍ എ.എം.എല്‍.പി സ്‌കൂളില്‍ ആറുമണിക്കുശേഷവും ക്യൂവില്‍ വോട്ടര്‍മാര്‍

ആറ് മണിവരെ ബൂത്തിലെത്തിയവര്‍ക്ക് ടോക്കണ്‍ നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് ക്യു അനുസരിച്ച് വോട്ട് ചെയ്യാനാകും. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് ആറ് മണിക്ക് സംസ്ഥാനത്ത് 65.16 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.

വോട്ടിങ് മെഷീനില്‍ നിന്ന് ബീപ് ശബ്ദം വരാന്‍ സമയമെടുക്കുന്നതാണ് പോളിങ് മന്ദഗതിയിലാകാന്‍ കാരണമെന്നാണ് പോളിങ് ഓഫീസര്‍മാര്‍ പറയുന്നത്. ഓപ്പണ്‍ വോട്ടുകള്‍ കൂടിയതും പോളിങ് വൈകാനിടയായി.