രണ്ടു നിലകളിലായി അഞ്ച് ക്ലാസ് റൂമുകള്‍, കമ്പ്യൂട്ടര്‍ ലാബ്, സ്റ്റാഫ് റൂം; കോതമംഗലം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കൊയിലാണ്ടി കോതമംഗലം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിച്ചു. ചടങ്ങില്‍ കാനത്തില്‍ ജമീല എംഎല്‍എ അധ്യക്ഷത വഹിച്ചു.
പൊതുവിദ്യഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ചാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. രണ്ടു നിലകളിലായി അഞ്ച് ക്ലാസ് റൂമുകള്‍, കമ്പ്യൂട്ടര്‍ ലാബ്, സ്റ്റാഫ് റൂം അതിനോടൊപ്പം പാചകപുരയും ഉള്‍പ്പെടുന്നതാണ് പുതിയ സ്‌കൂള്‍ കെട്ടിടം.
നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ വീണ്ടും ഫണ്ട് ആവശ്യമായതിനെ തുടര്‍ന്ന് എം.എല്‍.എ യുടെ ആസ്തി വികസന നിധിയില്‍ നിന്നും 45 ലക്ഷം രൂപ കൂടെ അനുവദിച്ചാണ് കെട്ടിടം പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ചടങ്ങില്‍ പിഡബ്ല്യുഡി കൊയിലാണ്ടി സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.കെ ബിനീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധാ കിഴക്കേപ്പാട്ട്, മുന്‍ എംഎല്‍എമാരായ പി. വിശ്വന്‍, കെ. ദാസന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ നിജില പറവക്കൊടി, കെ. ഷിജു, ഇന്ദിര ടീച്ചര്‍, കൗണ്‍സിലര്‍മാരായ എം .ദൃശ്യ, ഷീന, വി.പി ഇബ്രാഹിംകുട്ടി, കെ.കെ വൈശാഖ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് മണിയൂര്‍, എഇഒ എം.കെ മഞ്ജു, ബിപിസി എം. മധുസൂദനന്‍, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. പിടിഎ പ്രസിഡന്റ് എ.കെ സുരേഷ് ബാബു സ്വാഗതവും പ്രധാനധ്യാപകന്‍ പി. പ്രമോദ് കുമാര്‍ നന്ദിയും പറഞ്ഞു.