‘വാകമോളി പ്രദേശത്ത് ഡി.വൈ.എഫ്.ഐയ്ക്ക് വേരുറപ്പിക്കാന്‍ ഏറെ യത്‌നിച്ച സഖാവ്’; അരിക്കുളത്ത് പി.എസ്.ബിനീഷിനെ അനുസ്മരിച്ച് ഡി.വൈ.എഫ്.ഐ
കൊയിലാണ്ടി: വാകമോളി പ്രദേശത്തിന്റെ രാഷ്ട്രീയത്തിലും സാംസ്‌കാരിക മണ്ഡലത്തിലും സജീവമായി ഇടപെട്ട വ്യക്തിത്വമായിരുന്നു പി.എസ് ബിനീഷെന്ന് ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി.ബബീഷ്. അരിക്കുളത്ത് ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പി.എസ് ബിനീഷ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാകമോളി പ്രദേശത്ത് ഡി.വൈ.എഫ്.ഐയ്ക്ക് വേരുറപ്പിക്കാന്‍ ഏറെ യത്‌നിച്ചയാളാണ് അദ്ദേഹം. ഏറെ ശ്രദ്ധിക്കപ്പെടേണ്ട കവി കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മരണശേഷമാണ് ആ കവിതകള്‍ പുറംലോകം അറിഞ്ഞതെന്നും ബബീഷ് പറഞ്ഞു.
2004 ജൂണ്‍ പത്തിനാണ് പി.എസ്.ബിനീഷ് ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ടത്. അദ്ദേഹത്തിന്റെ പതിനെട്ടാം ചരമവാര്‍ഷിക ദിനമായിരുന്നു ഇന്ന്.
ചടങ്ങില്‍ ഡി.വൈ.എഫ്.ഐ വാകമോളി യൂണിറ്റ് പ്രസിഡന്റ് നിമിഷ പതാക ഉയര്‍ത്തി. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി നിതിന്‍ ലാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ ഡി.വൈ.എഫ്.ഐ വാകമോളി യൂണിറ്റ് സെക്രട്ടറി അതുല്‍ സ്വാഗതം പറഞ്ഞു. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം.സുഗതന്‍ മാസ്റ്റര്‍ പരിപാടിയില്‍ സംസാരിച്ചു. ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് ട്രഷറര്‍ അനുഷ, ജോയിന്റ് സെക്രട്ടറി ദിനൂപ് സി.കെ. എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.