കൊയിലാണ്ടിയിലെ വിവിധയിടങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ നശിപ്പിച്ചതില്‍ പ്രതിഷേധം; ബോധപൂര്‍വ്വം കലാപം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് ആരോപണം


കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ വിവിധയിടങ്ങളില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പതിപ്പിച്ച പോസ്റ്റര്‍ നശിപ്പിച്ചതായി പരാതി. കൊല്ലം പിഷാരികാവ് ക്ഷേത്ര പരിസരം, മൂടാടി, നന്തി, ഇരുപതാം മൈല്‍സ്, എന്നിവിടങ്ങളില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പതിച്ച സ്ഥാനാര്‍ത്ഥിയുടെ പ്രചരണ പോസ്റ്റര്‍ വ്യാപകമായി നശിപ്പിച്ചതില്‍ യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

തെരഞ്ഞെടുപ്പില്‍ പരാജയ ഭീതി ഉള്ളതിനാലാണ് ഇരുളിന്റെ മറവില്‍, സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ ഒരുമിച്ച് ചേര്‍ന്ന് യു.ഡി.എഫിന്റെ പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കുന്നത് എന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ. പ്രവീണ്‍ കുമാര്‍ പറഞ്ഞു.

സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വ്വും കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും ഇതിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ മഠത്തില്‍ അബ്ദുറഹ്‌മാന്‍, കണ്‍വീനര്‍ മഠത്തില്‍ നാണുമാസ്റ്റര്‍, ട്രഷറര്‍ വി.പി.ഭാസ്‌കരന്‍ എന്നിവര്‍ പറഞ്ഞു.