കുഴഞ്ഞ് വീണ് മരിച്ച ഓട്ടോ തൊഴിലാളിയുടെ മൃതദേഹം കൊയിലാണ്ടിയിൽ പോസ്റ്റ്മോർട്ടം ചെയ്യില്ലെന്ന് ഡോക്ടർ; താലൂക്ക് ആശുപത്രിക്ക് മുമ്പിൽ ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധം


കൊയിലാണ്ടി: കുഴഞ്ഞുവീണ് മരിച്ച ഓട്ടോ തൊഴിലാളിയുടെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ട് ചെയ്യാതെ മെഡിക്കല്‍ കോളേലേക്ക് മാറ്റിയതിനെതിരെ വ്യാപക പ്രതിഷേധം. മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ ആശുപത്രിക്ക് മുമ്പില്‍ ഓട്ടോ തൊഴിലാളികള്‍ പ്രതിഷേധിച്ചു. ആശുപത്രി സ്റ്റാഫിന്റെ റിട്ടയേര്‍മെന്റ് പരിപാടി ഉള്ളതിനാലാണ് പോസ്റ്റമാര്‍ട്ടം നടത്താത്തതെന്ന് ഓട്ടോ തൊഴിലാളികള്‍ ആരോപിച്ചു.

ഇന്ന് രാവിലെയാണ് ഓട്ടോ തൊഴിലാളിയായ കൊല്ലം ചിറയ്ക്ക് സമീപം കൂട്ടുംമുഖത്ത് ജിനീഷ് കുഴഞ്ഞ് വീണ് മരിച്ചത്. മരണത്തില്‍ അസ്വാഭാവികതയൊന്നും തന്നെ ഇല്ലാതിരിക്കെ താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറായ അഷ്‌റഫ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു.

അസ്വാഭാവികതയൊന്നുമില്ലാത്ത മരണത്തില്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ സൗകര്യം ഉണ്ടെന്നിരിക്കെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചതിനെ ബന്ധുക്കളും ജനപ്രതിനിധികളും നാട്ടുകാരും ചോദ്യം ചെയ്‌തെങ്കിലും നിലപാട് മാറ്റാന്‍ ഡോക്ടര്‍ തയ്യാറായില്ല. തുടര്‍ന്ന് വലിയ പ്രതിഷേധങ്ങള്‍ക്കാണ് ആശുപത്രി സാക്ഷ്യം വഹിച്ചത്.

ആശുപത്രി സൂപ്രണ്ടിനെയും ഡോക്ടറെയും ഏറെ നേരം തടഞ്ഞുവെച്ച് ബന്ധുക്കളും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പ്രതിഷേധിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട്,വൈസ് ചെയര്‍മാന്‍ കെ.സത്യന്‍ എന്നിവര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയതിനു ശേഷമാണ് ഉപരോധം അവസാനിച്ചത്.