പയ്യോളിയില്‍ രണ്ട് മരണങ്ങള്‍ക്ക് കാരണമായ അപകടം പാഠമായില്ല; ദേശീയപാതയില്‍ അപകടകരമാംവിധം ലോറികള്‍ നിര്‍ത്തിയിടുന്നതിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം


പയ്യോളി: പയ്യോളിയില്‍ തിങ്കളാഴ്ച രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിനിപ്പുറവും ദേശീയപാതയില്‍ അപകടകരമാംവിധം ലോറികള്‍ നിര്‍ത്തിയിടുന്നത് തുടരുന്നു. നിര്‍മാണം പുരോഗമിക്കുന്ന ആറുവരി ദേശീയപാതയില്‍ പലയിടങ്ങളിലും ചരക്ക് ലോറികടക്കം അപടകരമായി നിര്‍ത്തിയിടുന്നത് തുടരുകയാണ്.

ഇരിങ്ങല്‍ മങ്ങൂല്‍പാറക്ക് സമീപം തിങ്കളാഴ്ച അപകടമുണ്ടായിരുന്നത് ഇത്തരത്തില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചാണ്. അപകടത്തില്‍ മടവൂര്‍ ചോലക്കര താഴം വെങ്ങോളിപുറത്ത് നാസറിന്റെ ഭാര്യ തന്‍സി(33)യും മകന്‍ ബിഷറുല്‍ ഹഫിയും മരണപ്പെട്ടിരുന്നു. അപകടം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും കാറിടിച്ച ലോറി റോഡില്‍ നിന്ന് മാറ്റിയിട്ടില്ല. കൂടാതെ ചൊവ്വാഴ്ചയോടെ മൂന്ന് ലോറികള്‍ കൂടി ഇവിടെ പാര്‍ക്ക് ചെയ്തിട്ടും അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധമുയരുന്നുണ്ട്.

മഹാരാഷട്രയില്‍ നിന്ന് സവാള ലോഡുമായി കൊച്ചിയിലേക്ക് പോകവെ വിശ്രമത്തിനായി റോഡില്‍ നിര്‍ത്തിയിട്ടതായിരുന്നു അപകടത്തില്‍പ്പെട്ട ലോറി. മങ്ങൂല്‍പ്പാറ മുതല്‍ ഇരിങ്ങല്‍ വരെ മാത്രം ഒരു കിലോമീറ്ററോളം ദൂരം നിര്‍മാണം പുരോഗമിക്കുന്ന ആറുവരിപ്പാതയിലൂടെയാണ് ഇരുവശത്തേക്കും വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. അതുകൊണ്ട് ഇവിടെ വീതിയേറിയ റോഡായത് കൊണ്ട് പതിവായി ലോറികള്‍ രാത്രിയും പകലും നിര്‍ത്തിയിടുന്നത് അപകട സാധ്യത ക്ഷണിച്ചുവരുത്തുകയാണ്.

എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാകാത്ത മറ്റ് ഭാഗങ്ങളില്‍ ലോറിയടക്കമുള്ള വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് അപകട ഭീഷണിയാവാറില്ല. ഹൈവെ പോലീസടക്കം ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത പാലിക്കാത്തതില്‍ പൊതുവെ ആക്ഷേപമുയരുന്നുണ്ട്.