നാടകാനുഭവങ്ങളുമായി ജയപ്രകാശ് കുളൂരും സൂക്ഷ്മജീവികളുടെ കഥകളുമായി വിജയകുമാര്‍ ബ്ലാത്തൂരുമെത്തി; കുട്ടികള്‍ക്ക് നവ്യാനുഭവമായി പൂക്കാട് കലാലയത്തിന്റെ നാടക ക്യാമ്പ്


പൂക്കാട്: കുട്ടികള്‍ക്കായി അവധിക്കാല നാടക ക്യാമ്പ് കളിയാട്ടം സംഘടിപ്പിച്ച് പൂക്കാട് കലാലയം. കളിആട്ട വേദിയില്‍ ജയപ്രകാശ് കുളൂര്‍ നാടകാനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവെച്ചു. സത്യപ്രകാശനമാണ് നാടകത്തിലൂടെ നടക്കേണ്ടതെന്നും നിഷ്‌ക്കളങ്കരായ കുട്ടികളെ നാടകം പഠിപ്പിക്കേണ്ടതില്ലെന്നും മുതിര്‍ന്നവര്‍ കുട്ടികളായി മാറുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വിജയകുമാര്‍ ബ്ലാത്തൂര്‍ അന്തരീക്ഷത്തിലെ സൂക്ഷ്മ ജീവികളെക്കുറിച്ചും അവ മനുഷ്യന് ചെയ്യുന്ന ഉപകാരങ്ങളെക്കുറിച്ചും ഉപദ്രവങ്ങളെക്കുറിച്ചും കുട്ടികള്‍ക്ക് വിശദമാക്കിക്കൊടുത്തു. വൈകിട്ട് നടന്ന നാടകോത്സവത്തില്‍ വേളൂര്‍ ജി.എം.യു.പി. സ്‌ക്കൂള്‍ അവതരിപ്പിച്ച ശങ്കരന്‍ തെങ്ങേല്‍ എന്ന നാടകവും പ്രശസ്ത സിനിമാ നടന്‍ സന്തോഷ് കിഴാറ്റൂര്‍ അവതരിപ്പിച്ച പെണ്‍നടന്‍ എന്ന നാടകവും അരങ്ങേറി.