കൊയിലാണ്ടിയിൽ ഖബർസ്ഥാൻ മുകളിലൂടെ കെട്ടിടം പണിയാനായി നീക്കം; ശക്തമായി പ്രതിഷേധിച്ച് നാട്ടുകാർ
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഖബർസ്ഥാൻ മുകളിലൂടെ കെട്ടിടം പണിയാനായി നീക്കം. ശക്തമായി പ്രതിഷേധിച്ച് നാട്ടുകാർ. കൊയിലാണ്ടി നന്തി ദാറുസ്സലാം അറബി കോളേജിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൊയിലാണ്ടി സിദ്ധീഖ് പള്ളി (മൈതാനിപള്ളി) ബിൽഡിങ്ങിൽ പുതുതായി ആരംഭിക്കുന്ന ഹോട്ടലിന്റെ പുറക് വശത്താണ് അനധികൃതമായി ബിൽഡിങ്ങ് നിർമ്മിക്കുന്നതിനായി പണി ആരംഭിച്ചത്.
എന്നാൽ ഉച്ചയ്ക്ക് ഒരു മണിയോടെ ഖബർസ്ഥാനിനു മുകളിലൂടെയിവർ കുഴി എടുക്കുന്നത് ശ്രദ്ധയിൽപെടുകയിരുന്നു എന്ന് പ്രദേശവാസി ഇസ്മയിൽ പറഞ്ഞു. ഹോട്ടൽ പണിയുന്നതിനോടനുബന്ധിച്ച് കെട്ടിടം വികസിപ്പിക്കാനായി മണ്ണെടുത്തപ്പോഴാണ് ഖബർ കണ്ടത്. ഉടനെ തന്നെ പ്രദേശവാസികളെല്ലാം ചേർന്ന് തടയുകയായിരുന്നു.
പ്രദേശവാസികൾ കൊയിലാണ്ടി മുനിസിപ്പൽ എഞ്ചിനിയറെ വിവരമറിയിക്കുകയും, പരിശോധനയിൽ അനുവാദമില്ലാതെയാണ് പണി നടത്തുന്നതെന്നും തെളിഞ്ഞു. അനധികൃതമായി കെട്ടിടം പണിയുന്നത് താൽക്കാലികമായി നിർത്തി വയ്ക്കാൻ മുൻസിപ്പൽ എഞ്ചിനീയർ ഉത്തരവിട്ടു.
നാട്ടുകാരെല്ലാവരും ചേർന്നാണ് ഖബർസ്ഥാൻ തിരികെ മണ്ണിട്ട് മൂടിയത്. ഖബറുകളൊക്കെ മാറ്റി ഹോട്ടലിനുവേണ്ടി ബിൽഡിങ്ങ് നിർമ്മിക്കുന്നതിൽ ശക്തമായ പ്രതിഷേധമുണ്ടാവുമെന്ന് പ്രദേശ വാസികൾ അറിയിച്ചു.