”തൊഴിലുറപ്പിന്‍ പെണ്ണുങ്ങളല്ല…ഷാഫിക്ക് വേണ്ടി വന്നവര്‍”; വടകരയില്‍ യുഡിഎഫ്‌ റാലിക്കിടെ തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിക്കുന്ന തരത്തിലുള്ള മുദ്രാവാക്യം വിളിക്കെതിരെ പ്രതിഷേധം


വടകര: വനിതാറാലിക്കിടെ തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിച്ച യുഡിഎഫ് നിലപാടിനെതിരെ വ്യാപക പ്രതിഷേധം. വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ നാമനിര്‍ദേശ പത്രിക നല്‍കുന്നതിന്റെ ഭാഗമായി വടകരയില്‍ നടത്തിയ വനിതകളുടെ റാലിയിലാണ് ലീഗ് വനിതാ നേതാവ് തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിക്കുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ചത്. മുദ്രാവാക്യം വിളിയുടെ ദൃശ്യങ്ങൾ നവ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ യുഡിഎഫിനെതിരെ വലിയ രീതിയിലാണ് പ്രതിഷേധങ്ങളുയരുന്നത്.

നാടിൻ്റെ സാംസ്കാരിക പൈതൃകത്തിന് കളങ്കം ചാർത്തുന്ന ഈ ദൃശ്യങ്ങൾ യുഡിഎഫ് നേതാക്കൾ ബോധപൂർവ്വം വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ പറയുന്നത്. പ്രകടനത്തിലുടനീളം തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളെ അപമാനിക്കുന്ന മുദ്രാവാക്യങ്ങളായിരുന്നു ഉയര്‍ന്നത്‌.

ഞങ്ങളുടെ കൂട്ടത്തിൽ “തൊഴിലുറപ്പിൻ പെണ്ണുങ്ങളല്ല” എന്നതായിരുന്നു പ്രധാനപ്പെട്ട മുദ്രാവാക്യം. ദിവസങ്ങൾക്ക് മുമ്പ് എൽഡിഎഫ് വനിതാ കൂട്ടായ്മ വടകരയിൽ നടത്തിയ പരിപാടിയിലെ പതിനായിരങ്ങളുടെ പങ്കാളിത്തം കണ്ടു വിളറിപൂണ്ടാണ് ഈ മുദ്രാവാക്യം വിളിച്ചതെങ്കിലും അധ്വാനിക്കുന്ന തൊഴിലാളികളോടുള്ള പരിഹാസവും ജന്മിത്വകാലത്ത് നിലനിന്നിരുന്ന ചെക്കൻ വിളിപോലുള്ള ജാതിബോധവുമാണ് ഇപ്പോഴും യുഡിഎഫിനെ നയിക്കുന്നത് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ മുദ്രാവാക്യത്തിലൂടെ പ്രകടമായതെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു.

“തമ്പ്രാനെന്നു വിളിപ്പിക്കും പാളേൽ കഞ്ഞി കുടിപ്പിക്കും” എന്ന വിമോചന സമര കാലത്തെ മുദ്രാവാക്യത്തിന്റെ പുതിയ പതിപ്പാണ് കഴിഞ്ഞ ദിവസം നടന്ന പ്രകടനത്തിൽ കണ്ടത്. തൊഴിലാളികളായ സാധാരണക്കാർ സമൂഹത്തിൽ നിന്നും മാറ്റി നിർത്തപെടേണ്ട വിഭാഗമാണെന്ന സവർണ്ണ മനോഭാവമാണ് യുഡിഎഫിനെ കൊണ്ട് ഇത്തരമൊരു മുദ്രാവാക്യം വിളിപ്പിച്ചത്. തൊഴിലാളികളോടുള്ള  വിവേചനം എന്നും യുഡിഎഫ് രാഷ്ട്രീയത്തിന്റെ മുഖമുദ്രയായിരുന്നു. സ്ത്രീകളേയും തൊഴിലാളികളേയും അപമാനിക്കുന്ന യുഡിഎഫ് രാഷ്ട്രീയത്തിനെതിരെ ജനാധിപത്യവിശ്വാസികളിൽ നിന്നും ശക്തമായ പ്രതിഷേധമുയരണമെന്നും എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു.