പിഷാരികാവ് കാളിയാട്ട മഹോത്സവം; സുരക്ഷയുറപ്പാക്കാൻ സർവ്വ സജ്ജമായി പോലീസും, ഫയർഫോഴ്സും, ആരോഗ്യ വിഭാഗവും


Advertisement

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവം നടത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനുള്ള എല്ലാ നടപടികളുമെടുത്തതായി പോലീസും ഫയര്‍ ഫോഴ്സും നഗരസഭാ ആരോഗ്യ വിഭാഗവും. കാളിയാട്ടം നടത്തിപ്പുമായി ബന്ധപ്പെട്ട് ഈ മാസം ഇരുപതിന് കലക്ടറുടെ നേതൃത്വത്തില്‍ പൊലീസ്, ഫയര്‍ഫോഴ്സ്, നഗരസഭാ അധികൃതര്‍, ക്ഷേത്ര ഭാരവാഹികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവരുടെ യോഗം വിളിയ്ക്കുകയും സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഇതുപ്രകാരമുള്ള ക്രമീകരണങ്ങളാണ് ഓരോ വിഭാഗവും ചെയ്തിരിക്കുന്നത്.

Advertisement

കലക്ടര്‍ നിര്‍ദേശിച്ച പ്രകാരമുള്ള എല്ലാ ക്രമീകരണങ്ങളും നഗരസഭാ ആരോഗ്യ വിഭാഗം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാബു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ക്ഷേത്ര പരിസരത്തെയും അടുത്തുള്ള വീടുകളിലെയും കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്തിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് ഭക്ഷ്യവസ്തുക്കള്‍ക്ക് വില്‍ക്കുന്നവര്‍ക്ക് നഗരസഭയില്‍ നിന്നുള്ള താല്‍ക്കാലിക ലൈസന്‍സും ഹെല്‍ത്ത് കാര്‍ഡും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വിഭാഗവും ആരോഗ്യ വിഭാഗവും സംയുക്ത പരിശോധന നടത്തി സുരക്ഷിതത്വം ഉറപ്പാക്കും.

Advertisement

ഇതിനു പുറമേ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നവര്‍ കുടിവെള്ള സ്രോതസ്സ് പരിശോധിച്ച റിപ്പോര്‍ട്ട് കൈവശംവെക്കണം. ഇത്തരം റിപ്പോര്‍ട്ട് ഇല്ലാത്തവരെ ക്ഷേത്രപരിസരത്ത് കച്ചവടം നടത്താന്‍ അനുവദിക്കില്ല. ആരോഗ്യകാര്യങ്ങളില്‍ ബോധവത്കരണം നടത്തുന്നതിനായി ക്ഷേത്രപരിസരത്ത് നഗരസഭയുടെ സ്റ്റാള്‍ ഉണ്ടാവുമെന്നും എച്ച്.ഐ അറിയിച്ചു.

ഉത്സവത്തിന്റെ കൊടിയേറ്റ ദിനമായ നാളെ മാത്രം 100 ഓളം പോലീസുകാരെയാണ് സുരക്ഷയ്‌ക്കൊരുക്കിയിരിക്കുന്നതെന്ന് കൊയിലാണ്ടി എസ്.ഐ ഷൈലേഷ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. പുലര്‍ച്ചെ അഞ്ച് മണി മുതല്‍ ഉദ്യോഗസ്ഥര്‍ ക്ഷേത്ര പരിസരത്തെത്തുമെന്നും അദ്ദേഹം അറിയിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രത്യേകിച്ച് ഉത്സവത്തിന്റെ അവസാന ദിവസങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കേണ്ടി വരുമെന്നും ഇതേക്കുറിച്ചുള്ള അന്തിമ തീരുമാനം അടുത്ത ദിവസം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement

അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ സജ്ജമാണെന്ന് ഫയര്‍ഫോഴ്സും കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. മാര്‍ച്ച് 30, 31 തിയ്യതികളില്‍ ഫയര്‍ഫോഴ്സിന്റെ ഒരു വാഹനവും രണ്ട് ജീവനക്കാരും ക്ഷേത്ര പരിസരത്തുണ്ടാവുമെന്നും സേന അറിയിച്ചു.