ആശ്വാസ പ്രഖ്യാപനം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വസ്തുനികുതി, 2024 മാര്‍ച്ച് 31 വരെയുള്ള പിഴപ്പലിശ ഒഴിവാക്കി


കൊയിലാണ്ടി: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ അടയ്‌ക്കേണ്ട വസ്തുനികുതിയുടെ പിഴപ്പലിശ 2024 മാര്‍ച്ച് 31 വരെ ഒഴിവാക്കി. തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ആണ് ഇക്കാര്യം അറിയിച്ചത്. വസ്തു നികുതി പിരിവ് ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

വസ്തുനികുതി പരിഷ്‌കരണം നടപ്പിലാക്കിയ വര്‍ഷം എന്ന നിലയിലും ഇളവ് അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. പരമാവധി പേര്‍ വസ്തുനികുതി കുടിശിക അടച്ചുതീര്‍ക്കുന്നതിന് ഈ ഇളവ് സഹായിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഇത് പ്രയോജനപ്പെടും. ഇതിനകം തന്നെ വസ്തുനികുതിയോടൊപ്പം പിഴപ്പലിശ അടച്ചവര്‍ക്ക് അടുത്ത വര്‍ഷത്തെ വസ്തുനികുതിയില്‍ ഈ തുക ക്രമീകരിച്ചു നല്‍കുമെന്നും മന്ത്രി അറിയിച്ചു.

ഈ വര്‍ഷത്തെ മാത്രമല്ല, മുന്‍വര്‍ഷങ്ങളിലെ വസ്തുനികുതി കുടിശികയും പിഴപ്പലിശ ഇല്ലാതെ അടയ്ക്കാനാവും. വര്‍ഷങ്ങളായി നികുതി അടയ്ക്കാതെ വലിയ തുക കുടിശിക വരുത്തിയവരുണ്ട്. ഇത്തരക്കാര്‍ക്കും ഈ സൗകര്യം പ്രയോജനകരമാണ്. നികുതി കുടിശിക പിഴപ്പലിശ ഇല്ലാതെ അടയ്ക്കാനാകുന്ന ഈ സൗകര്യം പരമാവധി പേര്‍ ഉപയോഗിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ആറ് മാസത്തിലൊരിക്കലാണ് നിലവില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വസ്തുനികുതി അടയ്‌ക്കേണ്ടത്. നിശ്ചിത സമയത്തിനകം നികുതി ഒടുക്കിയില്ലെങ്കില്‍ മാസം 2% എന്ന നിരക്കില്‍ പിഴപ്പലിശ ചുമത്തുന്നു. ഈ തുകയാണ് സര്‍ക്കാര്‍ ഇളവ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ 2023-24 വര്‍ഷത്തെ വസ്തുനികുതി ഡിമാന്‍ഡ് 2636.58 കോടി രൂപയാണ്.