പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ ബാങ്കിനെതിരെ നടത്തിയ പ്രചരണം വസ്തുതാവിരുദ്ധം; നിയമനടപടി സ്വീകരിക്കുമെന്ന് കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്ക്


കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുവദിച്ച പെന്‍ഷന്‍ തുക വിഷുവിന് വിതരണം ചെയ്യാതെ കൊയിലാണ്ടി സര്‍വീസ് സഹകരണ ബാങ്ക് രാഷ്ട്രീയ കളി നടത്തി എന്ന രീതിയില്‍ ഒരു സമൂഹമാധ്യമത്തില്‍ വന്ന പോസ്റ്റിനെതിരെ നിയമ നടപടിയെടുക്കുമെന്ന് ബാങ്ക് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. പതിറ്റാണ്ടുകളായി കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിനെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

ചൊവ്വാഴ്ച രാവിലെ വരെ സംസ്ഥാന സര്‍ക്കാരിന്റെ പെന്‍ഷന്‍ ഫണ്ട് ബാങ്കിന് ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ തീരുമാനപ്രകാരം ഒരുകോടി 1,30,01,400 രൂപയാണ് നഗരസഭയിലെ ക്ഷേമ പെന്‍ഷന്‍ കൊടുക്കാന്‍ വേണ്ടത്. ബാങ്കിന്റെ ദൈനംദിന പ്രവര്‍ത്തന ഫണ്ട് ഉപയോഗിച്ച് വിതരണം ചെയ്യുകയും ശേഷമുള്ള സംഖ്യ ലഭിക്കാനായി സംസ്ഥാന സഹകരണ ബാങ്കിന് അപേക്ഷ കൊടുത്തിട്ടുണ്ട്. പെരുന്നാളും രണ്ടാം ശനിയും വിഷുവും അവധി ദിവസമായിരുന്നു.

ബാങ്കിനെതിരെ വസ്തുതാവിരുദ്ധമായ പ്രചാരണം നടത്തിയവര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കാനും ശക്തമായ നിയമ നടപടിക്കും ബാങ്ക് ശ്രമം തുടങ്ങിയിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് പി.രത്‌നവല്ലി, വൈസ് പ്രസി. കെ.പി.വിനോദ് കുമാര്‍, ഡയറക്ടര്‍മാരായ പി.കെ.ശങ്കരന്‍, വി.എം.ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.