വാർത്തകളും വിശേഷങ്ങളുമായി സനീഷും ഹർഷനും ടെലിവിഷൻ സ്ക്രീനിലെത്തും; മടങ്ങിവരവ് ‘ന്യൂസ് മലയാളം’ ചാനലിലൂടെ


കൊച്ചി: പ്രമുഖ മലയാളം മാധ്യമപ്രവർത്തകരായ സനീഷ് ഇളയിടത്തും ടിഎം ഹർഷനും ടെലിവിഷൻ ജേർണലിസം രംഗത്തേക്ക് തിരികെയെത്തുന്നു. ഉടൻ പ്രവർത്തനം ആരംഭിക്കാൻ പോകുന്ന ന്യൂസ് മലയാളം 24*7 എന്ന ടിവി ചാനലിലൂടെയാണ് ഇരുവരുടെയും മടങ്ങിവരവ്.

ട്രൂ കോപ്പി തിങ്കിന്റെ സി ഇ ഓ ആൻഡ് എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു ടിഎം ഹർഷൻ. ദ മലബാർ ജേർണലിന്റെ എഡിറ്ററായിരുന്നു സനീഷ് ഇളയിടത്ത്. ഇരുവരും സ്ഥാനങ്ങൾ രാജിവെച്ചാണ് ന്യൂസ് മലയാളം 24*7 ചാനലിലൂടെ മുഖ്യധാര ടെലിവിഷൻ ജേർണലിസം രംഗത്തേക്ക് വീണ്ടുമെത്തുന്നത്.

വാർത്താ അവതരണ രംഗത്ത് തങ്ങളുടേതായ ഇടംസൃഷ്ടിച്ച മാധ്യമപ്രവർത്തകരാണ് ഹർഷനും സനീഷ് ഇളയിടത്തും. എന്നാൽ മുഖ്യധാര ടെലിവിഷൻ ജേർണലിസത്തിൽ നിന്നും ഇടവേളയെടുത്ത ഇരുവരും സമാന്തര മാധ്യമപ്രവർത്തന മേഖലയിലും സാമൂഹിക മാധ്യമങ്ങളിലും സജീവമായിരുന്നു.

കൈരളി ടിവി, ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ്, മീഡിയ വൺ, 24 ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളിലായിരുന്നു ടിഎം ഹർഷൻ പ്രവർത്തിച്ചിരുന്നത്. 24 ന്യൂസിന്റെ അസോസിയേറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റർ ആയിരിക്കെ 2021 ഫെബ്രുവരിയിൽ ചാനലിൽ നിന്നും രാജിവെച്ചു. എഡിറ്റോറിയൽ അഭിപ്രായ ഭിന്നതയെ തുടർന്നാണ് രാജിയെന്നായിരുന്നു വിവരം. അതിന് ശേഷമാണ് ട്രൂ കോപ്പി തിങ്കിലേക്ക് എത്തുന്നത്.

മംഗളം, വർത്തമാനം തുടങ്ങിയ പത്രങ്ങിലൂടെ മാധ്യമപ്രവർത്തന രംഗത്തേക്ക് എത്തിയ വ്യക്തിയാണ് സനീഷ് ഇളയിടത്ത്. ഇന്ത്യാ വിഷനിലൂടെയാണ് ടെലിവിഷൻ ജേർണലിസത്തിലേക്ക് എത്തുന്നത്. പിന്നീട് ഇന്ത്യാവിഷൻ വിട്ട അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ്, മീഡിയവൺ, ന്യൂസ് 18 മലയാളം തുടങ്ങിയ ചാനലുകളുടെ മുഖമായി മാറി. 2022 ന്റെ തുടക്ക കാലത്താണ് സനീഷ് ന്യൂസ് 18 മലയാളത്തിൽ നിന്നും രാജിവെക്കുന്നത്. 

സനീഷും ഹർഷനും കൃത്യമായ ഇടതുപക്ഷ നിലപാട് പങ്കുവെക്കുന്ന മാധ്യമപ്രവർത്തകരാണ് . മാധ്യമപ്രവർത്തന മേഖലയിലെ കൊള്ളരുതായ്മകളെ പരസ്യമായി ചോദ്യം ചെയ്യുകയും, തെറ്റുകളിൽ യാതൊരു മടിയും കൂടാതെ ക്ഷമ ചോദിച്ചും മാതൃകയായിട്ടുണ്ട് ഇരുവരും. ആലപ്പുഴയിലെ സിപിഎം പ്രവർത്തകനായ ഒമനക്കുട്ടൻ പ്രളയ സമയത്ത് ദുരന്തബാധിതരിൽ നിന്ന് ഫണ്ട് പിരിച്ചെന്ന വ്യാജ വാർത്ത മലയാള മാധ്യമ വിമർശനത്തിന് എന്നും ശക്തിപകരുന്ന ആയുധമാണ്. എന്നാൽ ഈ വിഷയത്തിൽ സനീഷും ഹർഷനും അന്ന് ഓമനക്കുട്ടനോടും പൊതു സമൂഹത്തോടും മാപ്പ് പറഞ്ഞത് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

തമിഴ് ചാനലായ ന്യൂസ് തമിഴ് 24*7 എന്ന ചാനലിന്റെ ഉടമസ്ഥരാണ് ന്യൂസ് മലയാളം 24*7 നും ആരംഭിക്കുന്നത്. മംഗളം ചാനലിന്റെ സിഇഒ ആയിരുന്ന അജിത് കുമാറാണ് പുതിയ ചാനലിന്റേയും സിഇഒ പദവിയിൽ. പ്രമുഖ മാധ്യമപ്രവർത്തകൻ എംപി ബഷീറും ചാനലിൽ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. ഈ മാസം അവസാനത്തോടെ ലോഞ്ച് ചെയ്യുന്ന ചാനൽ ലോക്സഭ തിരഞ്ഞെടുപ്പ് ഫലത്തോടെ സജീവമാകുമെന്നാണ് വിവരം.