ചെങ്ങോട്ടുകാവ് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ സ്ത്രീ സൗഹൃദ പദ്ധതികള്‍ക്ക് മുന്‍തൂക്കം; ഈ വര്‍ഷം നടപ്പാക്കുന്നത് 11.46 കോടി രൂപയുടെ 158 പദ്ധതികള്‍


ചെങ്ങോട്ടുകാവ്: സ്ത്രീ സൗഹൃദ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കി ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ 2023-24 വാര്‍ഷിക പദ്ധതി. ആകെ 11.46 കോടി രൂപയുടെ 158 പദ്ധതികളാണ് ഈ വര്‍ഷം പഞ്ചായത്തില്‍ നടപ്പാക്കുക. പദ്ധതികള്‍ക്ക് ഡിസിസി അംഗീകാരം നല്‍കി.

സ്ത്രീ സൗഹൃദ പഞ്ചായത്തിന്റെ ഭാഗമായി സ്ത്രീകളുടെ വിശേഷാല്‍ ഗ്രാമസഭകള്‍ നടത്തും. സ്ത്രീകളെ വാര്‍ഡു തല കോര്‍ഡിനേറ്റര്‍മാരായി കണ്ടെത്തും. ജന്റര്‍ വികസനം, ജാഗ്രത സമിതി, നാരീ ശക്തി, ഉജ്ജ്വല കൗമാരം, അങ്കണവാടി – കുടുംബശ്രീ കലോത്സവങ്ങള്‍, സ്ത്രീ സൗഹൃദ ശുചി മുറി പദ്ധതി, അഗതി രഹിത- ആശ്രയ പദ്ധതി, വനിതകള്‍ക്ക് സ്വയം തൊഴില്‍ പദ്ധതികള്‍ എന്നിവ നടപ്പാക്കും.

വയോജന സൗഹൃദ പഞ്ചായത്തിന്റെ ഭാഗമായി പകല്‍ വീട്. പാലിയേറ്റീവ് പരിചരണം, വയോ ശ്രദ്ധ-വയോ കാന്തി, സമ്പൂര്‍ണ്ണ കാന്‍സര്‍ കെയര്‍, സ്‌നേഹ സ്പര്‍ശം, വയോജനങ്ങള്‍ക്ക് മരുന്ന്, മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള സഹായ പദ്ധതിയും അംഗീകാരിച്ചിട്ടുണ്ട്. ശുചിത്വ മേഖലയില്‍ ചേലോടെ ചെങ്ങോട്ടു കാവ് -ക്ലീന്‍ – ഗ്രീന്‍ വില്ലേജ് പദ്ധതിക്കും അംഗീകാരം ലഭിച്ചു.

എം.സി.എഫ് ന്റെ രണ്ടാം ഘട്ട പ്രവര്‍ത്തിക്കും എംസിഎഫ് കേന്ദ്രീകരിച്ച് വിപണന കേന്ദ്രത്തിനും അംഗീകാരമായി. ഗാര്‍ഹിക റിങ് കമ്പോസ്റ്റ് പദ്ധതി, വഴിയോര വിശ്രമ കേന്ദ്രം രണ്ടാം ഘട്ട പദ്ധതി, അജൈവ മാലിന്യ ശേഖരണം, നീര്‍ച്ചാല്‍ നവീകരണം, എഫ്.എച്ച്.സിയില്‍ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലന്റ് എന്നീ പദ്ധതികളും കൂടാതെ അങ്കണവാടികളുടെ ഭൗതിക സൗകര്യത്തിന് 30 ലക്ഷം രൂപയും വകയിരുത്തയിട്ടുണ്ട്.

ചേലിയ സബ് സെന്റര്‍, ഹോമിയോ ഡിസ്പന്‍സറി, വെറ്ററിനറി ഡിസ്പന്‍സറി എന്നിവക്ക് കെട്ടിടം നിര്‍മ്മിക്കുന്നതാണ്. ചെങ്ങോട്ടുകാവില്‍ എ.ബി.സി സെന്റര്‍, കുടുബാരോഗ്യ കേന്ദ്രത്തിന് സോളാര്‍ വിളക്ക്, പൊതുകുളങ്ങളുടെ സംരക്ഷണം, മാടാക്കര സ്‌കൂള്‍ ഭൗതിക സൗകര്യം മെച്ചപ്പെടുത്തല്‍, ജനകീയ തെരുവ് വിളക്ക് പദ്ധതിയും അംഗീകരിച്ചു.

പട്ടികജാതി സങ്കേതങ്ങളില്‍ തെരുവ് വിളക്ക്, ലൈഫ് പദ്ധതി പ്രകാരം മുന്‍ഗണനാ ക്രമത്തില്‍ വീട് നല്‍കുന്നതിന് 4.8 കോടി രൂപയുടെ പദ്ധതിയും കൂടാതെ 40 ഗ്രാമീണ റോഡുകളുടെ പ്രവര്‍ത്തിക്കും തുക വകയിരുത്തിയിട്ടുണ്ട്. ഉത്പാദന മേഖയില്‍ 1.29കോടി രൂപ വകയിരുത്തി 36 പദ്ധതികള്‍ അംഗീകരിച്ചു.