കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണം: യൂത്ത് ലീഗ്


പേരാമ്പ്ര: പേരാമ്പ്രയില്‍ സ്വകാര്യ ബസ് ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ട് ദിവസമായി നടക്കുന്ന ബസ് പണി മുടക്ക് പിന്‍വലിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ബസ് പണിമുടക്കിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ യാത്രാ പ്രശ്‌നം നേരിടുന്നുണ്ട്. പ്രത്യേക യോഗം വിളിച്ചു ചേര്‍ത്ത് പ്രശ്‌നം പരിഹരിക്കണമെന്നാണ് യൂത്ത് ലീഗിന്റെ ആവശ്യം.

ഗവണ്‍മെന്റ്, സ്വകാര്യ കോളേജുകളിലായി നിരവധി വിദ്യാര്‍ത്ഥികളാണ് കല്ലോട് മേഖലയില്‍ പഠനം നടത്തുന്നത്. ബസ് സ്‌റ്റോപ്പില്‍ നിര്‍ത്തി വിദ്യാര്‍ത്ഥികളെ കയറ്റുന്നതുമായി ബന്ധപ്പെട്ട് ഇവിടെ സംഘര്‍ഷങ്ങളും പതിവാണ്. കഴിഞ്ഞ ദിവസം ഇത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളുടെ ദേഹത്തേക്ക് ബസ് കയറ്റാനുള്ള ശ്രമം നടക്കുകയും ഇത് സംഘര്‍ഷത്തിനിടയാക്കുകയുമായിരുന്നു. തുടര്‍ന്നാണ് സ്വകാര്യ ബസുകള്‍ പണിമുടക്കിയത്.

പോലീസ് ഇടപെടല്‍ കാര്യക്ഷമമാക്കി പ്രശ്‌നത്തിന് ശ്വാശ്വത പരിഹാരം കാണണമെന്നാണ് യൂത്ത് ലീഗ് ആവശ്യപ്പെടുന്നത്. അല്ലാത്ത പക്ഷം വിദ്യാര്‍ത്ഥിക്കൊപ്പം യൂത്ത് ലീഗും സമര രംഗത്തേക്ക് ഇറങ്ങുമെന്ന് കമ്മിറ്റി വ്യക്തമാക്കി.  പ്രസിഡന്റ് പി സി മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി, ഭാരവാഹികളായ മുഹമ്മദലി കോറോത്ത്, സലീം മിലാസ്, കെ സി മുഹമ്മദ്, കെ കെ റഫീഖ്, സി കെ ജറീഷ്, ടി കെ നഹാസ്, ശംസുദ്ധീന്‍ വടക്കയില്‍, സത്താര്‍ കീഴരിയൂര്‍, സുബൈര്‍ തുറയൂര്‍ എന്നിവര്‍ സംസാരിച്ചു.