റണ്‍വെ തെറ്റിച്ച് ബസ് ഓടിച്ചു; കോഴിക്കോട് സ്വകാര്യ ബസ് ഇടിച്ച് യുവാവിന് പരിക്ക്


കോഴിക്കോട്: റണ്‍വെ തെറ്റിച്ച് യാത്ര ചെയ്ത സ്വകാര്യ ബസ് ഇടിച്ച് യുവാവിന് പരിക്ക്. പുതിയാപ്പ സ്വദേശി തയ്യില്‍ ശ്യാം പ്രസാദിനാണ് (23)പരിക്കേറ്റത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം.

കണ്ണൂരില്‍ നിന്നും കോഴിക്കോടേയ്ക്ക് വരുന്ന ‘മര്‍വ്വ’ ബസ് ആണ് സ്‌കൂട്ടറിന് ഇടിച്ചത്. അപകടത്തില്‍ സ്‌കൂട്ടര്‍ ബസ്സിന് അടിയില്‍ അകപ്പെട്ട നിലയിലാണുളളത്.

പരിക്കേറ്റശ്യാംപ്രസാദിനെ നാട്ടുകാര്‍ ചേര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ സ്വകാര്യ  പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ്.

റണ്‍വെ തെറ്റിച്ച് മാവൂര്‍ റോഡ് ജംക്ഷന്‍ വഴി പോകുന്നതിനു പകരം ക്രിസ്ത്യന്‍ കോളജ് ജംക്ഷനില്‍ നിന്നു അശോകപുരം വഴി പുതിയ സ്റ്റാന്‍ഡിലേക്ക് പോകുകയായിരുന്ന ബസ് അശോകപുരം ജംക്ഷനില്‍ ശ്മശാനം റോഡിലേക്കു തിരിയുന്നതിനിടയിലാണു എതിരെ വന്ന ശ്യാംപ്രസാദ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ചത്.

ഇറങ്ങി ഓടിയ ബസ് ജീവനക്കാരിലൊരളെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടികൂടി. സ്ഥലത്തെത്തിയ പോലീസ് ബസും സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.