ജമ്മുകാശ്മീരിലെ കലിഗാവില്‍ തീവ്രവാദികളുമായി മുഖാമുഖം ഏറ്റുമുട്ടിയ പോരാട്ട വീര്യത്തിനുള്ള അംഗീകാരം; നാടിന് അഭിമാനം, രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ കൂത്താളി സ്വദേശി അരുണിനും


പേരാമ്പ്ര: യുദ്ധ മുഖത്ത് ഇന്ത്യയെ കാത്തുരക്ഷിച്ച രാജ്യത്തിന്റെ വീര യോദ്ധാവ്. നാടിന്റെ അഭിമാനമായി കൂത്താളി സ്വദേശി അരുണ്‍ കൃഷ്ണ. ഇത്തവണത്തെ രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹനായ അരുണ്‍ കൃഷ്ണ കൊയിലാണ്ടി ന്യൂസുമായി സംസാരിച്ചു.

ജമ്മുകാശ്മീരിലെ കലിഗാവില്‍ തീവ്രവാദികളുമായി മുഖാമുഖം ഏറ്റുമുട്ടി 3 വിഘടനവാദികളെ വധിക്കുകയും ഒരാളെ ജീവനോടെ പിടിക്കുകയും ചെയ്തതിനാണ് അരുണ്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചത്.

2021 മെയ്യ് 5 നായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. ജമ്മുകാശ്മീരിലെ കലിഗാവില്‍ തീവ്രവാദികള്‍ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സംഘം അങ്ങോട്ടേയ്ക്ക് പുറപ്പെടുകയും ഒന്നര ദിവസം നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവില്‍ മൂന്ന് പേരെ വധിക്കുകയും ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്യ്തു.

രാഷ്ട്രപതിയുടെ മെഡല്‍ നേടാന്‍ കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവും ഉണ്ട്. ഏതാണ്ട് എല്ലാവര്‍ഷവും മലയാളികള്‍ക്ക് രാഷ്ട്രപതിയുടെ മെഡല്‍ ലഭിക്കാറുണ്ട്. ചിലരെയെല്ലാം നാട്ടുകാര്‍ അറിയപ്പെടാതെ പോവുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സി.ആര്‍.പി.എഫ്. കാശ്മീര്‍ ഷോപ്പിയാനിലാണ് അരുണ്‍ പ്രവര്‍ത്തിക്കുന്നത്. കൂത്താളി കിഴക്കന്‍ പേരാമ്പ്രക്കടുത്തുള്ള താനിക്കണ്ടി നിവാസിയാണ് അരുണ്‍ കൃഷ്ണ.

ഇളവീട്ടില്‍ രാധാകൃഷ്ണന്റെയും വത്സലയുടെയും മകനാണ്. ഭാര്യ അഞ്ജു. മകന്‍ അന്‍വിന്‍കൃഷ്ണ.

summary:  a native of koothali has been awarded the president’s police medal