കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിൽ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ(29/12/220 അറിയിപ്പുകൾ
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം
കേരള സ്കൂൾ കലോത്സവം പൂർണമായും ഹരിത ചട്ട പ്രകാരം; ഗ്രീൻ ബ്രിഗേഡ് ഓറിയന്റേഷൻ ക്ലാസ് സമാപിച്ചു
അറുപത്തി ഒന്നാമത് കേരള സ്കൂൾ കലോത്സവം പൂർണമായും ഹരിത ചട്ട പ്രകാരം നടക്കും. ഇതിന്റെ ഭാഗമായി ജില്ലയിൽ ഗ്രീൻ ബ്രിഗേഡുകൾ സജ്ജമായി. ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നടക്കുന്ന കലോത്സവ വേദികളിൽ ഗ്രീൻ ബ്രിഗേഡുകളായി സേവനമനുഷ്ഠിക്കുന്നവർക്ക് ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓറിയന്റേഷൻ ക്ലാസ് സമാപിച്ചു.
മൂന്ന് ദിവസങ്ങളിലായി സെന്റ് ജോസഫ്സ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ബി.ഇ.എം ജി.എച്ച്.എസ്.എസ്, ജി.ജി.എച്ച്.എസ്.എസ് നടക്കാവ് എന്നിവിടങ്ങളിലാണ് ക്ലാസ് സംഘടിപ്പിച്ചത്. 600 വിദ്യാർത്ഥികളും 100 രക്ഷിതാക്കളും ക്ലാസിന്റെ ഭാഗമായി.
പരിപാടി പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം ഫിറോസ് ഖാൻ ഉദ്ഘാടനം ചെയ്തു. ഡോ.ജോഷി ആന്റണി അധ്യക്ഷനായി. അഡ്വ.എം രാജൻ, പി. സിദ്ധാർത്ഥൻ, പ്രമോദ് കുമാർ,ഹന്ന ഫാത്തിമ ഹാഗർ, കെ.ബാബു ,ദീപക് സി.ഇ, ഗിരീഷ് കുമാർ, പ്രിയ.പി, കെ.കെ ശ്രീജേഷ് കുമാർ, പി.അഖിലേഷ് എന്നിവർ സംസാരിച്ചു.
അറിയിപ്പുകൾ
“തദ്ദേശകം 2023 ” ലഭ്യമാക്കും
തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രസിദ്ധീകരിക്കുന്ന 2023 വർഷത്തെ “തദ്ദേശകം 2023 ” ഗൈഡ് ഒന്നിന് 300 രൂപ വിലയ്ക്ക് പൊതുജനങ്ങൾക്കും ലഭ്യമാക്കും. ഗൈഡ് ആവശ്യമുളളവർ ജനുവരി 5 ന് മുൻപ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ മുൻകൂർ തുക അടക്കേണ്ടതാണെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അിറയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 04952371916
ടെണ്ടർ ക്ഷണിച്ചു
കൊടുവളളി ശിശു വികസന പദ്ധതി ഓഫീസിലേക്ക് 2022-23 വർഷത്തെ അങ്കണവാടി കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുദ്ര വെച്ച ടെണ്ടർ ക്ഷണിച്ചു. ഒരു അങ്കണവാടിക്ക് 2000 രൂപ നിരക്കിൽ 152 അങ്കണവാടിക്കൾക്ക് സാധനങ്ങൾ വിതരണം ചെയ്യേണ്ടതാണ്. ടാക്സ് ഉൾപ്പെടെ സാധനങ്ങൾ പ്രസ്തുത അങ്കണവാടികളിൽ എത്തിക്കുന്നതിനുളള തുകയാണ് ടെണ്ടറിൽ രേഖപ്പെടുത്തേണ്ടത്. അങ്കണവാടി കണ്ടിജൻസിയിൽ ഉൾപ്പെട്ട സാധനങ്ങളുടെ വിശദാംശങ്ങൾ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭ്യമാണ്. ടെണ്ടർ ഫോറത്തിന്റ വില 700+ജിഎസ്ടി, ടെണ്ടർ ഫോറം ഡിസംബർ 29 മുതൽ പ്രവർത്തി ദിവസങ്ങളിൽ പ്രസ്തുത ഓഫീസിൽ നിന്ന് ലഭ്യമാവും. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 16 ന് വൈകുന്നേരം 5 മണി. ടെണ്ടർ ഫോറങ്ങൾ തുറക്കുന്ന തിയ്യതി ജനുവരി 17 രാവിലെ10:30. കൂടുതൽ വിവരങ്ങൾക്ക്: 0495-2211525,7012870495
ഉന്നത വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 അധ്യയനവര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ ഡിഗ്രി, പ്രൊഫഷണല്‍ പി.ജി, ടി.ടി.സി, ഐ.ടി.ഐ, പോളി, ജനറല്‍ നേഴ്സിങ്ങ്, ബി എഡ്, മെഡിക്കല്‍ ഡിപ്ലോമ എന്നീ കോഴ്സുകളിൾ ഏതെങ്കിലും ആദ്യചാന്‍സില്‍ ഉന്നതവിജയം നേടിയ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ജില്ലയില്‍ ആദ്യത്തെ മൂന്നു സ്ഥാനക്കാര്‍ക്കു മാത്രമേ അവാര്‍ഡിന് അര്‍ഹതയുള്ളു. അപേക്ഷിക്കാനുളള യോഗ്യത ആര്‍ട്സില്‍ 60 ശതമാനത്തിലും, കോമേഴ്സില്‍ 70 ശതമാനത്തിലും, സയന്‍സില്‍ 80 ശതമാനത്തിലും കുറയാത്ത മാര്‍ക്ക് നേടിയിരിക്കണം. 2022 ജനുവരി 1 മുതല്‍ 2022 ഡിസംബര്‍ 31 വരെ ലഭിച്ച റിസള്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കോഴിക്കോട് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസർക്ക് 2023 ജനുവരി 1 മുതല്‍ 31വൈകുന്നേരം 3 മണി വരെ സമര്‍പ്പിക്കാം. ഫോറത്തിന്റെ മാതൃകയും മറ്റു വിവരങ്ങളും കോഴിക്കോട് ജില്ലാ ക്ഷേമനിധി ബോര്‍ഡ് ഓഫീസിലും www.agriworkersfund.org എന്ന വെബ്സൈറ്റിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 04952384006
നിയമനം
വടകര ബ്ലോക്ക് പഞ്ചായത്ത് മടിത്തട്ട് വയോജന പരിപാലന കേന്ദ്രത്തിന്റെ നടത്തിപ്പിന് ജെറിയാട്രിക് കൗണ്‍സിലിങില്‍ ഡിപ്ലോമ ഉള്ളവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസം 7000 രൂപ നൽകും. അപേക്ഷകര്‍ 18-36 വയസ്സിനിടയില്‍ പ്രായമുളളവര്‍ ആയിരിക്കണം. താല്പര്യമുളളവര്‍ ജനുവരി 5 ന് രാവിലെ 10 മണിക്ക് വടകര ബ്ലോക്ക് പഞ്ചായത്തിൽ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ രേഖകള്‍ ഹാജരാക്കണം. കൂടുതൽ വിവരങ്ങള്‍ക്ക്: 0496-2501822
കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിൽ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
ഐഎച്ച്ആര്‍ഡി യുടെ ആഭിമുഖ്യത്തില്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് അയലൂരില്‍ ജനുവരിയില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പിജി ഡിസിഎ, ഡിസിഎ, ( യോഗ്യത- ഡിഗ്രി ), ടാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷന്‍ (യോഗ്യത- എസ്എസ്എല്‍സി), ഡിസിഎ ( യോഗ്യത- പ്ലസ്ടു) സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (യോഗ്യത- എസ്എസ്എല്‍സി ), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (യോഗ്യത- പ്ലസ് ടു ),ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് (യോഗ്യത- ഡിഗ്രി / ത്രി വത്സര ഡിപ്ലോമ), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ ( യോഗ്യത-എംടെക്, ബിടെക്, എംഎസിസി). അപേക്ഷ ഫോറം www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഫോറം, രജിസ്‌ട്രേഷന്‍ ഫീസ് 150 രൂപ /-(ജനറല്‍ ) ,100രൂപ /-(എസ്‌സി/ എസ്ടി) ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ഡിസംബര്‍ 30 ന് വൈകുന്നേരം നാലു മണിക്ക് മുന്‍പ് ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങള്‍ക്ക്: 8547005029, 9495069307, 9447711279, 04923241766
പരിശീലനം നല്‍കുന്നു
കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജനുവരി 6,7 തിയ്യതികളില്‍ ഇറച്ചിക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. പരിശീലന ക്ലാസ്സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ ജനുവരി 5 ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോൺ: 04972-763473
അറിയിപ്പുകൾ
തിയ്യതി നീട്ടി
2022 -23 അധ്യയന വർഷത്തിൽ പ്രൊഫഷണൽ കോഴ്സിന് ആദ്യ വർഷം ചേർന്ന് പഠിക്കുന്ന വിമുക്തഭടൻമാരുടെ മക്കളിൽ നിന്നും ഓൺലൈനായി പ്രധാനമന്ത്രിയുടെ സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തിയ്യതി ഡിസംബർ 31 വരെ ദീർഘിപ്പിച്ചു. ഓൺലൈനിൽ അപേക്ഷിച്ചതിനുശേഷം പ്രിന്റ് ഔട്ടും മറ്റ് അനുബന്ധ രേഖകളും ജില്ല സൈനിക ക്ഷേമ ഓഫീസിൽ സമർപ്പിക്കണം. അപേക്ഷ സമർപ്പണത്തിനും വിശദവിവരങ്ങൾക്കും കേന്ദ്രീയ സൈനിക് ബോർഡിന്റെ വെബ്സൈറ്റ് സന്ദർശിക്കുക www.ksb.gov.in . കൂടുതൽ വിവരങ്ങൾക്ക് : 0495-2771881
ടെണ്ടർ ക്ഷണിച്ചു
കൊടുവളളി അഡീഷണൽ ഐസിഡിഎസ് കാര്യാലയത്തിലേക്ക് 2022-23 വർഷത്തെ അങ്കണവാടി കണ്ടിജൻസി സാധനങ്ങൾ വിരതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ/വ്യക്തികളിൽ നിന്നും മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. ഒരു അങ്കണവാടിക്ക് 2000 രൂപ നിരക്കിൽ 148 അങ്കണവാടികൾക്കാണ് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യേണ്ടത്. ടാക്സ് ഉൾപ്പെടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന സാധനങ്ങൾ ഉൾക്കൊളളിച്ച 148 കിറ്റുകൾ പ്രസ്തുത അങ്കണവാടികളിൽ എത്തിക്കുന്നതിനുളള തുകയാണ് ടെണ്ടറിൽ കാണിക്കേണ്ടത്. അങ്കണവാടി കണ്ടിജൻസിയിൽ ഉൾപ്പെട്ട സാധനങ്ങളുടെ വിശദാംശങ്ങൾ പ്രസ്തുത ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭ്യമാണ്. ടെണ്ടർ ഫോറത്തിന്റ വില 800+ജിഎസ്ടി, ഇ.എം.ഡി തുക -2960,ടെണ്ടർ ഫോറങ്ങളുടെ വില്പന ഡിസംബർ 26 മുതൽ ആരംഭിച്ചു. പ്രവർത്തി ദിവസങ്ങളിൽ പ്രസ്തുത ഓഫീസിൽ നിന്ന് ഫോറം ലഭ്യമാവും. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 10 ഉച്ചക്ക് 1മണി. ടെണ്ടർ ഫോറങ്ങൾ തുറക്കുന്ന തിയ്യതി ജനുവരി 10 വൈകീട്ട് 3 മണി. കൂടുതൽ വിവരങ്ങൾക്ക് :0495-2281044
കൂടിക്കാഴ്ച നടത്തുന്നു
ജല വിഭവ വകുപ്പ് (ഗവ : ഓഫ് ഇന്ത്യ ) പ്രൊജക്ട് സ്റ്റാഫ് തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത എം.എസ്.സി. കെമിസ്ട്രി. ജല ഗുണനിലവാര പരിശോധന, സോഫിസ്റ്റിക്കേറ്റഡ് അനലിറ്റിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്തുള്ള പ്രവർത്തി പരിചയം എന്നിവ അഭികാമ്യം. 2022 ഡിസംബർ 1 ൽ 40 വയസ്സിൽ കൂടാൻ പാടില്ല. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി ജനുവരി 10 ന് രാവിലെ 11 മണിക്ക് നാലാം നില, അനലിറ്റിക്കൽ ലാബോറട്ടറി, ഭൂജലവകുപ്പ്, മിനി സിവിൽ സ്റ്റേഷൻ ,കുന്ദമംഗലം ഓഫീസിൽ കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0495 2803537
ക്വട്ടേഷനുകൾ ക്ഷണിച്ചു
സി.പി.ഒ, ട്രാഫിക്, വനിതാ പി.എസ്, പൂതേരി, ചിന്താവളപ്പ് കോമ്പൗണ്ടുകൾ എന്നിവിടങ്ങളിലെ ഫലവൃക്ഷങ്ങളിൽ നിന്നും ആദായമെടുക്കുന്നതിനുളള അവകാശം ലേലം ചെയ്യുന്നു. ഡിസംബർ 31 ന് രാവിലെ 11.30 ന് എ ആർ ക്യാമ്പ് മാലൂർക്കുന്നിൽ വച്ചാണ് ലേലം. സീൽ ചെയ്ത ക്വട്ടേഷനുകൾ രാവിലെ 10 മുതൽ 10.30 വരെ എ.ആർ. ക്യാമ്പ് മാലൂർക്കുന്നിൽ സ്വീകരിക്കുമെന്ന് കോഴിക്കോട് സിറ്റി അസിസ്റ്റന്റ് കമാൻഡന്റ് -1 ഡി.എച്ച്.ക്യൂ അറിയിച്ചു.
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
തൂണേരി ശിശുവികസന പദ്ധതി കാര്യാലയത്തിനു കീഴിലെ തൂണേരി, എടച്ചേരി, പുറമേരി, വളയം, നാദാപുരം, വാണിമേല്‍, ചെക്യാട് എന്നീ പഞ്ചായത്തുകളില്‍ അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃക അതാത് പഞ്ചായത്തുകളില്‍ നിന്നും ലഭിക്കും.
അപേക്ഷകര്‍ 2022 ജനുവരി ഒന്നിന് 18 നും 46 നും ഇടയില്‍ പ്രായമുളളവരായിരിക്കണം. എസ് സി / എസ് എടി വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് മൂന്നു വര്‍ഷം നിയമാനുസൃതമായ ഇളവ് ഉണ്ടായിരിക്കും. വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ് എസ് എല്‍ സി പാസായിരിക്കണം. ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ് എസ് എല്‍ സി പാസായവര്‍ അപേക്ഷിക്കുവാന്‍ അര്‍ഹരല്ല. അപേക്ഷ തൂണേരി ഐ സി ഡി എസ് ഓഫീസിൽ സ്വീകരിക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 13 വൈകുന്നേരം 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04962555225.
വീടുകളിൽ പുൽകൃഷി വ്യാപകമാക്കണമെന്ന് മന്ത്രി ജെ ചിഞ്ചുറാണി; ക്ഷീരകർഷകർക്കായി കോൾ സെന്റർ സംവിധാനം ഒരുക്കും
കന്നുകാലികൾക്കായി വീടുകളിൽ പുൽകൃഷി വ്യാപകമാക്കണമെന്ന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കോഴിക്കോട് ജില്ലാ ക്ഷീരകർഷക സംഗമവും എഴുകുളം ക്ഷീരസംഘം പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും നന്മണ്ടയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ ക്ഷീര കർഷകർ അന്യസംസ്ഥാനത്ത് നിന്നെത്തുന്ന ഫീഡുകളാണ് ഉപയോഗിക്കുന്നത്. ഇതിനു മാറ്റമുണ്ടാകാൻ വീടുകളിൽ പുൽകൃഷി വ്യാപിപ്പിക്കാനാണ് വകുപ്പ് ആലോചിക്കുന്നത്. പുൽകൃഷി കർഷകർക്ക് ഒരു ഏക്കറിന് 16000 രൂപ സബ്സിഡി ഉൾപ്പെടെ കൊടുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ക്ഷീരകർഷകരുടെ ആവശ്യങ്ങൾ അറിയിക്കാനായി കോൾ സെന്റർ സംവിധാനം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കർഷകർക്കായി ക്ഷീര വികസന വകുപ്പ് 28 കോടി രൂപ ഇൻസെന്റീവായി മാറ്റിവെച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്തുകളും മുൻസിപ്പാലിറ്റികളും ഫണ്ടുകൾ മാറ്റിവെച്ചിട്ടുണ്ട്. ഫണ്ടുകൾ വരുന്നുമുറയ്ക്ക് അതാത് ക്ഷീര വികസന ഓഫീസുകൾ വഴി അടുത്തമാസം വരെ കർഷകരുടെ അക്കൗണ്ടിലേക്ക് ഈ തുകകൾ വരുമെന്നും മന്ത്രി പറഞ്ഞു.
പാലിന് വില വർദ്ധിപ്പിക്കുമ്പോൾ അതിൽ ഏറ്റവും കൂടുതൽ പണം കർഷകർക്ക് കിട്ടണമെന്നാണ് ഗവൺമെന്റ് മിൽമയോട് ആവശ്യപ്പെട്ടത്. അത് കൃത്യമായി നടപ്പാക്കിക്കൊണ്ട് അഞ്ച് രൂപ മൂന്ന് പൈസയും കർഷകർക്കാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
ക്ഷീരകർഷകരുടെ വീട്ടുമുറ്റത്ത് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 152 ബ്ലോക്ക് പഞ്ചായത്തുകളിലും ഓരോ വാഹനങ്ങൾ നൽകും. ഒരു നൈറ്റ് ഡോക്ടർ, ഒരു ഡ്രൈവർ കം അറ്റെൻഡർ എന്നിവർ വാഹനത്തിൽ ഉണ്ടായിരിക്കും. ഇതിനായി ഡ്രൈവർ കം അറ്റെൻഡർ തസ്തികയിലേക്ക് ആളെ എടുക്കും. സംസ്ഥാനത്ത് 29 വാഹനങ്ങൾ സജ്ജമായി കഴിഞ്ഞെന്നും ഇവയുടെ ഉദ്ഘാടനം ജനുവരി 5 ന് കേന്ദ്രമന്ത്രി നിർവഹിക്കുമെന്നും മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ ജില്ലകളിൽ രണ്ടു വാഹനങ്ങൾ വീതം നൽകും. ഇടുക്കി ജില്ലയിൽ മൂന്നു വാഹനങ്ങൾ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
കന്നുകാലികൾക്കുള്ള ഈ വർഷത്തെ പുതിയ മരുന്നുകൾ ഉടൻ ലഭ്യമാകും. മരുന്ന് ലഭ്യമാക്കുന്നതിനായി ടെൻഡർ നടപടികൾ സ്വീകരിച്ച് കഴിഞ്ഞു. ആവശ്യമായ മരുന്നുകൾ സംബന്ധിച്ച പ്രോജക്ട് വെറ്റിനറി ഡോക്ടർ പഞ്ചായത്തിൽ സമർപ്പിച്ചാൽ ഗവൺമെന്റ് കൂടി കൈകോർത്ത് പ്രൊജക്ടുകൾ പാസാക്കുമെന്നും മന്ത്രി പറഞ്ഞു.
പശുവിനെ വാങ്ങുമ്പോൾ തന്നെ ഇൻഷുറൻസ് ചെയ്യാനുള്ള നടപടികളും സ്വീകരിക്കണം. കേന്ദ്രവുമായി ആലോചിച്ച് ഒരു സമഗ്ര ഇൻഷുറൻസ് പദ്ധതി കേരളത്തിൽ എല്ലാ പശുക്കൾക്കും ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കും. ക്ഷീര ഗ്രാമം പദ്ധതി കഴിഞ്ഞവർഷം വരെ 10 പഞ്ചായത്തുകളിലാണ് ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ 20 പഞ്ചായത്തുകളിൽ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ അതിദരിദ്രരെ കണ്ടെത്തി അവർക്ക് ഓരോ പശുവിനെ വീതം കൊടുക്കുന്ന പദ്ധതി വകുപ്പ് കൊണ്ടുവന്നിട്ടുണ്ട്. പദ്ധതി വിജയപ്രദമാണെങ്കിൽ അടുത്തവർഷം കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിക്കും.
എല്ലാ ക്ഷീരസംഘങ്ങളിലും ക്ഷീര ശ്രീ പോർട്ടൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പോർട്ടൽ വഴി അപേക്ഷകൾ ഓൺലൈനിലൂടെ കൊടുക്കാനുള്ള സംവിധാനം ഉണ്ട്. ക്ഷീര ക്ഷേമനിധി ബോർഡ് വഴി നിരവധി പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കിവരുന്നതായും മന്ത്രി പറഞ്ഞു.
വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ അധ്യക്ഷനായിരുന്നു.
സംസ്ഥാനത്ത് ക്ഷീരവികസന മേഖല ശ്രദ്ധേയമായ മുന്നേറ്റങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ക്ഷീര മേഖലയെ സ്വയം പര്യാപ്തതയിൽ എത്തിക്കാനും ക്ഷീരകർഷകരുടെ അവകാശ സംരക്ഷണത്തിനായി മാതൃകാപരമായ പ്രവർത്തനമാണ് ക്ഷീരവികസന വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്നും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.
ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടർ സില്‍വി മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലയിലെ മുതിർന്ന ക്ഷീരകർഷകനെയും മികച്ച കർഷകരെയും ഇന്ത്യയിലെ ക്ഷീരമേഖലയിലെ മികവിന് നൽകുന്ന ഗോപാൽ രത്ന പുരസ്ക്കാരത്തിൽ അഞ്ചാം സ്ഥാനം ലഭിച്ച കൊടുവള്ളി ബ്ലോക്കിലെ മൈക്കാവ് ക്ഷീരസംഘത്തെയും ചടങ്ങിൽ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കെസിഎംഎംഎഫ് ചെയർമാൻ കെ.എസ് മണി, കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി ഉണ്ണികൃഷ്ണൻ, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽകുമാർ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് ഭാരവാഹികൾ, മിൽമ ഭാരവാഹികൾ, വിവിധ ക്ഷീരസംഘം പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടിയെ പ്രതിനിധികൾ, ക്ഷീര കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
ഏഴകുളം ക്ഷീരസംഘം പ്രസിഡന്റ് പി ശ്രീനിവാസൻ മാസ്റ്റർ സ്വാഗതവും ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രശ്മി ആർ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ക്ഷീര കർഷക സെമിനാറിൽ യാൻസി മേരി ഐസക് വിഷയാവതരണം നടത്തി. കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രം പ്രിൻസിപ്പൽ ഷൈജി കെ.എം മോഡറേറ്ററായിരുന്നു. ജീജ കെ എം , ശ്രീകാന്തി എൻ എന്നിവർ സംസാരിച്ചു.
അഴക് പദ്ധതി: ഹൃസ്വ വീഡിയോ പുറത്തിറക്കി
കോഴിക്കോട് കോര്‍പ്പറേഷനന്റെ ‘അഴക്’ ഉറവിടമാലിന്യ സംസ്‌കരണ പദ്ധതിയുടെ പ്രചരണ വീഡിയോ പുറത്തിറക്കി. മേയര്‍ ഡോ.ബീന ഫിലിപ്പ് വീഡിയോ പ്രകാശനം ചെയ്തു.
സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചാരം നേടിയ ജാനു തമാശകള്‍ ടീമാണ് വീഡിയോ അവതരിപ്പിച്ചത്. ഉറവിട മാലിന്യ സംസ്‌കരണത്തെ കുറിച്ച് സന്ദേശം പകരുന്ന ഒന്നര മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രകാശനം ചെയ്തത്.
ഉറവിട മാലിന്യ സംസ്‌ക്രണത്തിനായി കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധികളില്‍ 53,062 ആധുനിക മാലിന്യ സംസ്‌ക്കരണ ഉപകരണങ്ങളാണ് സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്നത്. 21.5 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്. പദ്ധതിക്കായി ഇനിയും അപേക്ഷിക്കാന്‍ ബാക്കിയുള്ള കുടുംബങ്ങള്‍ എത്രയും പെട്ടെന്ന് കൗണ്‍സിലര്‍മാരുമായും, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫീസുകളുമായും ബന്ധപ്പെട്ട് അപേക്ഷ നല്‍കണമെന്ന് കോര്‍പ്പറേഷന്‍ മേയര്‍ അറിയിച്ചു.
ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ.എസ് ജയശ്രി, കോര്‍പ്പറേഷന്‍ സെക്രട്ടറി കെയു ബിനി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബെന്നി മാത്യു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയവർ പങ്കെടുത്തു