വിവിധ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (21/11/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ഫോക്‌ലോർ അക്കാദമി സ്റ്റൈപ്പന്റ് നൽകുന്നു

നാടൻ കലകളിൽ പരിശീലനം നേടുന്ന 10 മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് കേരള ഫോക്‌ലോർ അക്കാദമിയിൽ നിന്ന് പ്രതിമാസം 300 രൂപ സ്റ്റൈപ്പന്റ് നൽകുന്നു. ഒരു ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ള രക്ഷിതാക്കളുടെ കുട്ടികൾക്ക് മാത്രമേ ഈ ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുകയുള്ളൂ. മുൻപ് സ്റ്റൈപ്പന്റ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും അർഹതയുള്ളവരെ തിരഞ്ഞെടുക്കുക. www.keralafolklore.org എന്ന ലിങ്ക് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: 0497-278090.

എഫ്.ഡി.ജി.ടി കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍

കോഴിക്കോട് മലാപ്പറമ്പിലെ ഗവ.വനിതാ പോളിടെക്‌നിക് കോളേജിന്റെ അനുബന്ധ സ്ഥാപനമായ ജി.ഐ.എഫ്.ഡി യിലെ എഫ്.ഡി.ജി.ടി കോഴ്‌സിലെ ആറ് സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. നവംബര്‍ 24 ന് രാവിലെ 9.30 മുതല്‍ 10.30 വരെ പേര് രജിസ്റ്റര്‍ ചെയ്ത് പ്രവേശന നടപടികളില്‍ പങ്കെടുക്കാവുന്നതാണ്. പ്രവേശനം നേടാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആവശ്യമായ ഫീസ് (ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്) എന്നിവ സഹിതം ഹാജരാകണം.

സ്പോട്ട് അഡ്മിഷൻ നടത്തുന്നു

കോഴിക്കോട് മെഡിക്കൽ കോളേജിൽ 2021 അധ്യായന വർഷത്തിൽ എംഫാം ഫാർമസ്യൂട്ടിക്സിൽ ഒഴിവുവന്ന ഒരു(ഇ. ഡബ്ല്യൂ. എസ്) സീറ്റിലേക്ക് നവംബർ 25ന് രാവിലെ 11 മണിക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ നിന്നുമാണ് അഡ്മിഷൻ നടത്തുക. സീറ്റ് ഒഴിവ് സംബന്ധിച്ച വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ലഭ്യമാണ്. താല്പര്യമുള്ള വിദ്യാർത്ഥികൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ എല്ലാ രേഖകളുടെയും അസ്സലുമായി രാവിലെ 11 മണിക്ക് മുൻപ് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0495-2350210.

ഫയർവുമൺ ചുരുക്കപ്പട്ടിക നിലവിൽ വന്നു

ജില്ലയിൽ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വകുപ്പിൽ ഫയർവുമൺ(ട്രെയിനീ) (കാറ്റഗറി നമ്പർ 245/2020) തസ്തികയുടെ തെരഞ്ഞെടുപ്പിനായുള്ള ചുരുക്കപ്പട്ടിക നവംബർ 15ന് നിലവിൽ വന്നതായി പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു.

എം. ടെക് കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റിൽ സ്പോട്ട് അഡ്മിഷൻ

കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ, കെമിക്കൽ, സിവിൽ, ഇലക്ട്രോണിക്സ് ആൻഡ്‌ കമ്മ്യൂണിക്കേഷൻ എന്നീ എം. ടെക് കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് നവംബർ 23 ന് സ്പോട്ട് അഡ്മിഷൻ നടക്കും. താല്പര്യമുള്ള വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10 മണിക്ക് കോളേജിൽ ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് – 0495-2383210.

വഖഫ് ട്രൈബ്യൂണൽ ക്യാമ്പ് സിറ്റിംഗ്

കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ ക്യാമ്പ് സിറ്റിംഗ് ഡിസംബർ 27, 28 തീയതികളിൽ എറണാകുളം കലൂരിലുള്ള കേരള സ്റ്റേറ്റ് വഖഫ് ബോർഡ്‌ ഹെഡ്ഓഫീസ് കെട്ടിടത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് – 0495-2965655.

ജില്ലാ വ്യവസായ ഉൽപ്പന്ന പ്രദർശന വിപണന മേള നവംബർ 22 ന്

വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ വ്യവസായ പ്രദർശന വിപണന മേള നവംബർ 22 മുതൽ 26 വരെ മാനാഞ്ചിറ സി.എസ്.ഐ ഹാളിൽ നടക്കും. നവംബർ 22 ന് രാവിലെ 10 മണിക്ക് മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ ഉൽപ്പന്ന പ്രദർശനവും വിപണനവുമാണ് നടക്കുക.

സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമാണ് മേള സംഘടിപ്പിക്കുന്നത്. കരകൗശലം, എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്, ഗാർമെന്റ്സ്, മൺപാത്ര മേഖലകളിൽ നിന്നുള്ള നവീന ഉൽപ്പന്നങ്ങൾക്ക് പുറമേ പരമ്പരാഗത മേഖലയിൽ നിന്നുള്ള കൈത്തറി ഉൽപ്പന്നങ്ങളും മേളയെ ശ്രദ്ധേയമാക്കും. ഭക്ഷ്യ ഉൽപ്പന്നങ്ങളും മേളയിൽ ഉണ്ടായിരിക്കും. രാവിലെ 10 മുതൽ വൈകിട്ട് 8 വരെ നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യമായിരിക്കും.

കണ്‍സീലിയേഷന്‍ ഓഫീസര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നു

കോഴിക്കോട് മെയിന്റനന്‍സ് ട്രിബ്യൂണലില്‍ കണ്‍സീലിയേഷന്‍ ഓഫീസര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയുംസംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള ചട്ടപ്രകാരമാണ് പാനല്‍ രൂപീകരിക്കുന്നത്. അപേക്ഷകര്‍ക്ക് മുതിര്‍ന്ന പൗരന്മാരുടെയും ദുര്‍ബല വിഭാഗക്കാരുടെയും ക്ഷേമത്തിന് വേണ്ടിയോ വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യ ലഘൂകരണം, സ്ത്രീ ശാക്തീകരണം, സാമൂഹ്യക്ഷേമം, ഗ്രാമവികസനം അല്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട മറ്റ് മേഖലകളിലോ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷകർ സംഘടനയിലെ മുതിര്‍ന്ന ഭാരവാഹിയും നിയപരിജ്ഞാനം ഉള്ള ആളുമായിരിക്കണം. അപേക്ഷകൾ ജില്ലാ സാമൂഹ്യനീതി ഓഫീസ്, സിവില്‍സ്റ്റേഷന്‍, കോഴിക്കോട്-673020 എന്ന വിലാസത്തില്‍ നവംബര്‍ 28 ന് വൈകുന്നേരം അഞ്ച് മണിക്കകം ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0495-2371911.

വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തില്‍ 2023 ജനുവരി മുതല്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍, ചുമര്‍ചിത്രകലയില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഡിസംബര്‍ ഒന്നിനകം അപേക്ഷകൾ നല്‍കണം. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട -689533 എന്ന വിലാസത്തിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. www.vasthuvidyagurukulam.com എന്ന വെബ്‌സൈറ്റ് വഴിയും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0468-2319740,9847053294.

എരുമ വളര്‍ത്തലില്‍ പരിശീലനം

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നവംബര്‍29 ന് എരുമ വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഒരു ദിവസത്തെ പരിശീലനം നല്‍കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ നവംബര്‍ 28 ന് മുന്‍പായി 0497-2763473 എന്ന നമ്പറില്‍ വിളിക്കുകയോ 9446471454 എന്ന നമ്പറില്‍ പേര്, വിലാസം എന്നിവ വാട്ട്‌സപ്പ് സന്ദേശമായി അയച്ചോ പേര് രജിസ്റ്റര്‍ ചെയ്യണം.

സംരംഭക വർഷം പദ്ധതി: കോനൂർ വുഡ് ക്രാഫ്റ്റ് പ്രവർത്തനമാരംഭിച്ചു

പാറക്കടവിൽ കോനൂർ വുഡ് ക്രാഫ്റ്റ് പ്രവർത്തനമാരംഭിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെയും സംസ്ഥാന വ്യവസായ വകുപ്പിന്റെയും സഹകരണത്തോടെ സംരംഭക വർഷം പദ്ധതിയുടെ ഭാ​ഗമായാണ് വുഡ് ക്രാഫ്റ്റ് ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു.

മരവുമായി ബന്ധപ്പെട്ട സേവനങ്ങളാണ് കോനൂർ വുഡ് ക്രാഫ്റ്റിലൂടെ ലഭ്യമാവുക. തടിക്കഷ്ണങ്ങൾ ഫർണിച്ചറുകളുടെ രൂപത്തിലേക്ക് കടഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. മരം പ്ലെയിനിംഗ്, മരം കടയൽ, ജിപ്സോ കട്ടിംഗ്, എല്ലാവിധ മോഡേൺ വർക്കുകളും ഇവിടെ ചെയ്തു നൽകും.

ഒരു വർഷം ഒരു ലക്ഷം സംരംഭം എന്ന ലക്ഷ്യത്തോടെ വ്യവസായവകുപ്പ്‌ നടപ്പാക്കുന്ന സംരംഭക വർഷം പദ്ധതിയിലൂടെ 96 സംരംഭങ്ങളാണ് ചങ്ങരോത്ത് പഞ്ചായത്തിൽ ആരംഭിച്ചത്. 147 പുരുഷന്മാരും 35 സ്ത്രീകളും ഉൾപ്പെടെ 182 പേർക്ക് ജോലി ലഭ്യമാക്കാൻ ഇതുവഴി കഴിഞ്ഞു.

ചടങ്ങിൽ പഞ്ചായത്തംഗം അബ്ദുള്ള സൽമാൻ മാസ്റ്റർ, ചന്ദ്രൻ അപ്പാറ്റ എന്നിവർ സംസാരിച്ചു.

റവന്യൂ ജില്ലാ സ്കൂൾ കലോത്സവം: വിളംബര ജാഥ മറ്റന്നാൾ (നവംബർ 23ന് )

നവംബർ 26 മുതൽ ഡിസംബർ ഒന്ന് വരെ വടകരയിൽ നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പ്രചാരണാർഥം മറ്റന്നാൾ (നവംബർ 23)വൈകിട്ട് 3.30 ന് വിളംബര ജാഥ നടക്കും.

ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ഘോഷയാത്ര ഒഴിവാക്കിയാണ് ജാഥ നടത്തുക. എസ് പി സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അടങ്ങുന്ന വിദ്യാർ ഥികൾ ഉൾപ്പെടെ 100 പേർ വിളംബര ജാഥയിൽ അണിനിരക്കും.

സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിൽ നിന്ന് ആരംഭിക്കുന്ന ജാഥ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിക്കും. മേളയുടെ പ്രചാരണത്തിനായി സിനിമ താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചെറു വീഡിയോകൾ നിർമിക്കും. 26ന് രാവിലെ 11ന് മീഡിയ സെന്റർ ഉദ്ഘാടനം നടക്കും. പ്രചാരണ,മാധ്യമ കമ്മിറ്റി യോഗത്തിൽ കമ്മിറ്റി ചെയർപേഴ്സൺ എ പ്രേമകുമാരി അധ്യക്ഷത വഹിച്ചു. കൺവീനർ കെ പി അനിൽകുമാർ, രാജീവൻ പറമ്പത്ത്, വടയക്കണ്ടി നാരായണൻ, പി രജനി, ആർ രൂപേഷ്, കെ.കെ അനിൽ, പി.കെ ഷിജിത്ത്, എൻ പി സുസ്മിത, പി.കെ സുനിൽ, റഷീദ് പാലേരി, ബിജുൽ ആയാടത്തിൽ, ഫ്രാൻസിസ് ജോഷി, ബി സജീഷ് എന്നിവർ സംസാരിച്ചു.

വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു

കൊയിലാണ്ടി നഗരസഭയിൽ മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. 2021- 22 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പത്ത് വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ്പുകൾ നൽകിയത്. വിതരണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു.

ചടങ്ങിൽ വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.എ. ഇന്ദിര അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഇ.കെ.അജിത്ത്, കൗണ്‍സിലര്‍മാരായ രത്‌നവല്ലി ടീച്ചര്‍, വി.പി.ഇബ്രാഹിം കുട്ടി, വത്സരാജ് കേളോത്ത്, കെ.എം നന്ദനന്‍ എന്നിവര്‍ സംസാരിച്ചു. ഡി.എസ് ദില്‍ന സ്വാഗതവും രജീഷ് വെങ്ങളത്ത് കണ്ടി നന്ദിയും പറഞ്ഞു.

വിജയികളെ അനുമോദിച്ചു

വെങ്ങപ്പറ്റ ഗവ. ഹൈസ്കൂളിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് അനുമോദനം സംഘടിപ്പിച്ചു. ഈ വർഷത്തെ എൽ.എസ്.എസ്, യു.എസ്.എസ് വിജയികൾ, സംസ്ഥാനതല ശാസ്ത്രോത്സവ വിജയികൾ, ജില്ലാ – സബ്ജില്ലാതല കലാ-കായിക മത്സരങ്ങളിലെ വിജയികൾ എന്നിവരെയാണ് അനുമോദിച്ചത്.

സ്കൂളിൽ ജില്ലാ പഞ്ചായത്ത് ഫണ്ടുപയോ​ഗിച്ച് നവീകരണ പ്രവൃത്തി പൂർത്തീകരിച്ചവയുടെ ഉദ്ഘാടനവും നടന്നു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപ ചെലവിൽ പൂർത്തീകരിച്ച മുറ്റം ടൈലിംഗ്, കുടിവെള്ള പദ്ധതി, ചുറ്റുമതിൽ, നവീകരിച്ച കമ്പ്യൂട്ടർ ലാബ്, ഓഫീസ് എന്നിവയുടെ ഉദ്ഘാടനവും പരിപാടിയുടെ ഭാ​ഗമായി നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി ഉദ്ഘാടനം നിർവഹിച്ചു.

കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ടി.രാജശ്രീ, പിടിഎ പ്രസിഡന്റ് കെ.അശോക്‌കുമാർ , സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാൻ പി. സന്തോഷ്, മദർ പിടിഎ ചെയർപേഴ്സൺ ജാസ്മിൻ യൂസഫ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിവർ സംസാരിച്ചു. പ്രധാന അധ്യാപിക എസ്. സുശീല കുമാരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.പി മനോജ് കുമാർ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും വിജയാഹ്ലാദ റാലി നടത്തി.

ലഹരിക്കെതിരെ ഗോൾ ചലഞ്ചുമായി വടകര നഗരസഭ

സംസ്ഥാന സർക്കാറിന്റെ ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് വടകര നഗരസഭയിൽ തുടക്കമായി. നഗരസഭയുടെയും ലഹരി ഉപയോഗത്തിനെതിരെ നഗരസഭ നടപ്പാക്കുന്ന പരിച പദ്ധതിയുടെയും ആഭിമുഖ്യത്തിൽ മയക്കുമരുന്നിനെതിരെ ഫുട്ബോൾ ലഹരി എന്ന മുദ്രാവാക്യം ഉയർത്തിയാണ് രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ലഹരിക്കെതിരെ 2 കോടി ഗോൾ അടിക്കുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.

ലഹരിക്കെതിരെ ബഹുജന റാലി, ബൈക്ക് റാലി, വാർഡുതലത്തിലുള്ള പരിപാടികൾ, തുടങ്ങി പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ വിവിധങ്ങളായ പരിപാടികളാണ് നഗരസഭ നടപ്പാക്കിയത്.

ഗോൾ ചലഞ്ചിന്റെ ഭാഗമായി മേപ്പയിൽ വോളി അക്കാദമിയിൽ നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു ഗോളടിച്ചുകൊണ്ട് രണ്ടാംഘട്ട പ്രവർത്തനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ കെ.കെ വനജ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, അക്കാദമി ഭാരവാഹികൾ, നഗരസഭ ഉദ്യോഗസ്ഥന്മാർ കുട്ടികൾ എന്നിവർ ഗോൾ ചലഞ്ചിൽ പങ്കാളികളായി.

നീർത്തട നടത്തം സംഘടിപ്പിച്ചു

നീരുറവ് സമഗ്ര നീർത്തടാധിഷ്ഠിത പദ്ധതിയുടെ ഭാഗമായി അഴിയൂർ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ നീർത്തട നടത്തം സംഘടിപ്പിച്ചു. നീർത്തടങ്ങൾ സന്ദർശിച്ച് വികസന പദ്ധതികൾ തയ്യാറാക്കുന്നതിന് മുന്നോടിയായാണ് നീർത്തട നടത്തം സംഘടിപ്പിച്ചത്.

നീറുറവ സംരക്ഷണം, ജല സേചന പദ്ധതികൾ, തോട് സംരക്ഷണം, കുളം നവീകരണം, ഭൂമിയുടെ ഉത്പാദനക്ഷമത വർധിപ്പിക്കൽ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. മണ്ണിന്റെയും ജൈവസമ്പത്തിന്റെയും ജലത്തിന്റെയും തനിമയും ഗുണവും വേണ്ട വിധം വികസന പ്രവർത്തങ്ങളിൽകൂടി ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തൊഴിലുറപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുക.

പതിനഞ്ചാം വാർഡിലെ കാപ്പുഴക്കൽ നിന്നും ആരംഭിച്ച നീർത്തട നടത്തം വാർഡ് മെമ്പർ കവിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പതിമൂന്നാം വാർഡ് മെമ്പർ പ്രീത.പി.കെ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജയചന്ദ്രൻ, പഞ്ചായത്ത് തല നീർത്തട സമിതി അംഗം പ്രകാശൻ.പി.കെ എന്നിവർ സംസാരിച്ചു.