ഭിന്നശേഷിക്കാർക്കായി എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണ പരിശീലനം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (05/11/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

അപേക്ഷ സമര്‍പ്പിക്കണം

ജില്ലയില്‍ 1977 ജനുവരി ഒന്നിന് മുന്‍പ് പട്ടിക വര്‍ഗ്ഗ വിഭാഗക്കാരുടെ കൈവശത്തിലുണ്ടായിരുന്ന വനഭൂമി പ്രസ്തുത കൈവശക്കാര്‍ക്ക് പതിച്ചു നല്‍കുന്നതിലേക്കായും ഭൂരഹിതരായ പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് വനഭൂമി പതിച്ചു നല്‍കുന്നതിലേക്കായും അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ ഡിസംബര്‍ 10 നു മുന്‍പായി അപേക്ഷ അതാത് താലൂക്ക്/വില്ലേജ് ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.

എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണ പരിശീലനം

ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ നിലവിലുളള ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ സ്ഥിതിചെയ്യുന്ന ഭിന്നശേഷിക്കാരുടെ പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ പരിശീലനം നല്‍കുന്നു. ഏകദിന സൗജന്യ പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 14 നകം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2373179.

ടെക്‌നോളജി മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാം

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 24 മുതല്‍ അപ്പാരല്‍ മേഖലയില്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. അപ്പാരല്‍ മേഖലയില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന തയ്യല്‍ മേഖലയില്‍ പ്രാവീണ്യമുളള ആളുകള്‍ നവംബര്‍ 16 നു മുന്‍പായി ഗാന്ധി റോഡിലുളള ജില്ലാ വ്യവസായ കേന്ദ്രത്തിലോ കോഴിക്കോട്/കൊയിലാണ്ടി/വടകര താലൂക്ക് വ്യവസായ ഓഫീസുകളിലോ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിവരങ്ങള്‍ക്ക് 0495 2766035.

ഓംബുഡ്‌സ്മാന്‍ സിറ്റിംഗ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിനായി നവംബര്‍ 9ന് കടലുണ്ടി ഗ്രാമ പഞ്ചായത്തില്‍ ഓംബുഡ്‌സ്മാന്‍ സിറ്റിംഗ് നടത്തും. കോഴിക്കോട് ജില്ലാ എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്‌സ്മാന്‍ വി.പി സുകുമാരന്‍ രാവിലെ 11 മണി മുതലാണ് സിറ്റിംഗ് നടത്തുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്കും പദ്ധതി തൊഴിലാളികള്‍ക്കും നേരിട്ട് ഓംബുഡ്‌സ്മാന് നല്‍കാവുന്നതാണ്.

സ്‌പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സെന്‍ട്രലൈസ്ഡ് യു ജി അഡ്മിഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക്, ഐ.എച്ച്.ആര്‍.ഡി യുടെ അയലൂരിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസുമായി നേരിട്ടെത്തി പ്രവേശനം നേടാം. ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിഎസ്.സി ഇലക്ട്രോണിക്‌സ് (100% പ്ലേസ്‌മെന്റ് ലക്ഷ്യം വച്ചുള്ള കോഴ്‌സുകള്‍) എന്നീ കോഴ്‌സുകളില്‍ അഡ്മിഷന്‍ എടുക്കാന്‍ താത്പര്യമുള്ളവര്‍ നവംബര്‍ 7 ന് വൈകിട്ട് 3 മണിക്ക് മുമ്പായി കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം. വിവരങ്ങള്‍ക്ക് 9495069307, 8547005029

ഗതാഗത നിയന്ത്രണം

ഒയിറ്റി റോഡില്‍ റെയില്‍വേ സ്റ്റേഷന് സമീപം ഡ്രെയിനേജും കള്‍വെര്‍ട്ടും പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ നവംബര്‍ ഏഴു മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചതായി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

വിശ്വകര്‍മ്മ പെന്‍ഷന്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

മറ്റ് പെന്‍ഷനുകളൊന്നും ലഭിക്കാത്ത 60 വയസ്സ് കഴിഞ്ഞ പരമ്പരാഗത വിശ്വകര്‍മ്മ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് (ആശാരിമാര്‍(മരം/കല്ല്/ഇരുമ്പ്),സ്വര്‍ണ്ണപ്പണിക്കാര്‍, മൂശാരിമാര്‍) പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന വിശ്വകര്‍മ്മ പെന്‍ഷന്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമും അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും www.bcddkerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.
കോഴിക്കോട്, കണ്ണൂര്‍,വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ അപേക്ഷകര്‍ അപേക്ഷയും അനുബന്ധ രേഖകളും പിന്നാക്ക വിഭാഗ വികസന വകുപ്പ് കോഴിക്കോട് മേഖലാ ഓഫീസിലേക്ക് അയക്കണം. മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍ (ഒന്നാം നില), കോഴിക്കോട്-673020 എന്ന വിലാസത്തില്‍ നവംബര്‍ 30 നകം അപേക്ഷ ലഭിക്കണം. നിലവില്‍ പിന്നാക്ക വിഭാഗ വികസന വകുപ്പില്‍ നിന്നും ഇതേ പദ്ധതി പ്രകാരം പെന്‍ഷന്‍ ലഭിക്കുന്നവര്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. വിവരങ്ങള്‍ക്ക് 0495 2377786.

ക്രഷ് വര്‍ക്കര്‍, ഹെല്‍പര്‍ ഒഴിവ്

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴില്‍ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളോട് അനുബന്ധിച്ചുള്ള ജില്ലയിലെ ക്രഷുകളിലെ വര്‍ക്കര്‍, ഹെല്‍പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. വര്‍ക്കര്‍ പ്ലസ് ടു ജയിച്ചവരും 18 നും 35നുമിടയില്‍ പ്രായമുള്ളവരും, ഹെല്‍പര്‍ 10ാം ക്ലാസ് ജയിച്ചവരും 18നും 35നുമിടയില്‍ പ്രായപരിധിയുള്ളവരുമായിരിക്കണം. അപേക്ഷകള്‍ ജനറല്‍ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തില്‍ നവംമ്പര്‍ 10 ന് മുമ്പ് ലഭിക്കണം. വിവരങ്ങള്‍ക്ക് 9446449280.

തിരുത്ത്

വടകര താലൂക്കില്‍ വൈക്കിലശ്ശേരി റോഡ് പ്രദേശത്ത് പുതുതായി സര്‍ക്കാര്‍ അനുവദിച്ച റേഷന്‍ കടയുടെ ലൈസന്‍സി നിയമനത്തിന് ഭിന്നശേഷി വിഭാഗത്തില്‍ നിന്നും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ആയത് വില്യാപ്പള്ളി പഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡില്‍ ഉള്‍പ്പെടുന്നതാണെന്നും ചോറോട് പഞ്ചായത്ത് എന്ന് തെറ്റു വന്നതാണെന്നും താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

കുറുവങ്ങാട് ഗവ. ഐ.ടി.ഐയില്‍ പ്ലംബര്‍ ട്രേഡിലെ പരിശീലനാര്‍ത്ഥികളുടെ പരിശീലനത്തിന് ആവശ്യമായ അസംസ്‌കൃത സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സീല്‍വെച്ച കവറുകളില്‍ ട്രെയിനിങ് സൂപ്രണ്ട് ആന്റ് പ്രിന്‍സിപ്പാള്‍, ഗവ. ഐ.ടി.ഐ (എസ് സി ഡി ഡി ) കുറുവങ്ങാട്, പെരുവട്ടൂര്‍ (പി.ഒ), കൊയിലാണ്ടി, കോഴിക്കോട്, 673620 എന്ന വിലാസത്തിലോ നേരിട്ടോ എത്തിക്കണം. ക്വട്ടേഷന്‍ നവംബര്‍ 15 ന് ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും. വിവരങ്ങള്‍ക്ക് 9747609089, 0496 2621160.

കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കയര്‍ ബോര്‍ഡിന് കീഴില്‍ ആലപ്പുഴ കലവൂരില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ കയര്‍ പരിശീലന കേന്ദ്രത്തില്‍ ഡിപ്ലോമ കോഴ്‌സ് ഇന്‍ കയര്‍ ടെക്‌നോളജി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് എൻ എസ് ക്യൂ എഫ് ലെവൽ-3 എന്നി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം കലവൂരിലെ ദേശീയ കയര്‍ പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ നിന്നും പവര്‍ത്തി ദിനങ്ങളിലും കയര്‍ ബോര്‍ഡിന്റെ വെബ്‌സൈറ്റിലും ലഭ്യമാണ്. അപേക്ഷകള്‍ നവംബര്‍ 30 നകം അസിസ്റ്റന്റ് ഡയറക്ടര്‍, കയര്‍ബോര്‍ഡ് പരിശീലന കേന്ദ്രം(ഭാരത സര്‍ക്കാര്‍),കലവൂര്‍ പി.ഒ, ആലപ്പുഴ, 0477 2258067 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഇമെയില്‍ [email protected]. വിവരങ്ങള്‍ക്ക് 0477 2258067.

ഉപതെരഞ്ഞെടുപ്പ് നവംബര്‍ ഒമ്പതിന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജില്ലയിലെ ബി.124 മേലടി ബ്ലോക്ക് പഞ്ചായത്ത്, 09 -കീഴരിയൂര്‍, ജി.21മണിയൂര്‍ ഗ്രാമപഞ്ചായത്ത്, 13-മണിയൂര്‍ നോര്‍ത്ത്, ജി.23 തുറയൂര്‍ ഗ്രാമപഞ്ചായത്ത്, 02-പയ്യോളി അങ്ങാടി, ജി.55 കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്, 01 -എളേറ്റില്‍ നിയോജകമണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് നവംബര്‍ ഒമ്പതിന് (ബുധന്‍) നടക്കും. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിങ് സമയം.

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും സെക്ടർ ഓഫീസര്‍മാര്‍ക്കുമുള്ള പരിശീലന പരിപാടികള്‍ പൂര്‍ത്തീകരിച്ചു. പോളിംഗ് സാമഗ്രികളുടെ വിതരണം നവംബര്‍ എട്ടിന് അതത് തദ്ദേശസ്വയംഭരണ സ്ഥാപന വിതരണ കേന്ദ്രങ്ങളില്‍ നടക്കും. സെക്ടര്‍ ഓഫീസര്‍മാര്‍ മുഖേനയാണ് പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്നത്. നവംബര്‍ 10 ന് (വ്യാഴം) രാവിലെ 10 മണിമുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനുള്ള തീയതി നവംബര്‍ 11ാണ്. തെരഞ്ഞെടുപ്പ് ചെലവ് കണക്ക് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഡിസംബര്‍ ഒമ്പതിനകം സമര്‍പ്പിക്കണം.

ഗൈഡന്‍സ് കം മോട്ടിവേഷന്‍ ക്ലാസ്സ് സംഘടിപ്പിച്ചു

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ എയര്‍ഫോഴ്‌സുമായി സഹകരിച്ച് ജില്ലയിലെ വിവിധ സ്‌കൂളുകളിലായി കരിയര്‍ ഗൈഡന്‍സ് കം മോട്ടിവേഷന്‍ ക്ലാസ്സ് സംഘടിപ്പിച്ചു. എയര്‍ഫോഴ്‌സില്‍ ജോലി നേടുവാന്‍ സഹായകരമായ രീതിയില്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ നേരിട്ട് നയിച്ച കരിയര്‍ ഗൈഡന്‍സ് കം മോട്ടിവേഷന്‍ ക്ലാസ്സില്‍ 1000 ല്‍ പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ ഷെറിന്‍ കുമാര്‍ പി.കെ, ശ്യാംജിത്ത് എന്നിവരാണ് സെമിനാര്‍ നയിച്ചത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വര്‍ഷം തോറും എണ്ണായിരത്തോളം എയര്‍മാന്‍ തസ്തികകളിലും എഴുനൂറില്‍പരം ഓഫീസര്‍ തസ്തികകളിലും നിയമനം നടത്താറുണ്ട്. ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസമാണ് എയര്‍മാന്‍ തസ്തികയുടെ അടിസ്ഥാന യോഗ്യത. കൊച്ചി ആസ്ഥാനമായുളള എയര്‍മാന്‍ സെലക്ഷന്‍ സെന്ററാണ് കേരളത്തിലെ റിക്രൂട്ട്‌മെന്റ് നടത്തുന്നത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ എയര്‍ഫോഴ്‌സ് സെലക്ഷന്‍ സെന്റര്‍ നിയമന അധികാരികളുമായി നേരിട്ട് സംവദിക്കുന്നതിന് അവസരമുണ്ട്. താല്‍പര്യമുളള സ്‌കൂളുകള്‍ക്ക് കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തെയോ പേരാമ്പ്ര കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിനേയോ സമീപിക്കാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടുതൽ വിവരങ്ങള്‍ക്ക് 04952370179, 04962615500.

ഫറോക്കിൽ സൗജന്യമായി മരുന്ന് വിതരണം ചെയ്തു

ഫറോക്ക് നഗരസഭയിൽ ഡയാലിസിസ് രോഗികൾക്കുള്ള സൗജന്യ മരുന്ന് വിതരണ പദ്ധതി നഗരസഭ ചെയർമാൻ എൻ.സി അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്തു. ഫറോക്ക് നഗരസഭയുടെ 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് രോഗികൾക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തത്.

ഡെപ്യൂട്ടി ചെയർപേഴ്സൺ കെ റീജ അധ്യക്ഷത വഹിച്ചു. ഫാർമസിസ്റ്റ് സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മെഡിക്കൽ ഓഫീസർ അഷ്റഫ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ താഹിറ ഇ.കെ,
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ബൽക്കീസ്, കൗൺസിലർമാരായ കെ.വി അഷ്റഫ്, രാധാകൃഷ്ണൻ, റഹ്മാൻ പാറോൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി നിഷാദ് സ്വാഗതവും
ഹെൽത്ത് ഇൻസ്പെക്ടർ ജാഫർ നന്ദിയും പറഞ്ഞു.

‘നഷാ മുക്ത് ഭാരത് അഭിയാന്‍’: വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ മത്സരങ്ങള്‍

സാമൂഹ്യനീതി വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ലഹരി വിരുദ്ധ പ്രസംഗം, ഉപന്യാസം, പെയിന്റിംഗ് എന്നിവയാണ് മത്സരങ്ങൾ. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നവംമ്പര്‍ 10 ന് (വ്യാഴാഴ്ച) രാവിലെ 10 മണിക്ക് മത്സരം നടക്കും.
താല്പര്യമുള്ളവര്‍ നവംബർ 9 ന് വൈകീട്ട് 5 മണിക്കകം [email protected] എന്ന ഇ മെയിലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും മത്സരം നടക്കുന്ന ദിവസം കൃത്യസമയത്ത് എത്തിച്ചേരേണ്ടതുമാണ്.

8 മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് പ്രസംഗ മത്സരവും 5 മുതല്‍ 8 വരെയും 9 മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് രണ്ട് കാറ്റഗറിയിലായി പെയിന്റിങ്, പ്രബന്ധ രചനാ മത്സരവുമാണുള്ളത്. ജില്ലാതലത്തില്‍ ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക് സംസ്ഥാന തലത്തിലും ദേശീയതല മത്സരങ്ങളിലും പങ്കെടുക്കാം. ദേശീയതല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ രക്ഷിതാവിനോടൊപ്പം പങ്കെടുക്കുവാന്‍ സര്‍ക്കാര്‍ ചെലവില്‍ അവസരം ലഭിക്കും. വിവരങ്ങള്‍ക്ക് 0495 2371911.

വയോജന തീരവുമായി പനങ്ങാട് ഗ്രാമപഞ്ചായത്ത്

സൊറ പറയാനും വൈകുന്നേരങ്ങൾ ആഘോഷമാക്കാനും കോട്ട നടപ്പുഴക്കരികിൽ മനോഹരമായ വയോജന തീരം ഒരുക്കിയിരിക്കുകയാണ് പനങ്ങാട് ഗ്രാമപഞ്ചായത്ത്. പച്ച വിരിച്ച പാടവും മലനിരകളും കോട്ടനട പുഴയും ഒരുപോലെ ആസ്വദിക്കാൻ ആവുന്ന രീതിയിലാണ് ‘ശുചിത്വ സുന്ദര കോട്ട നട’ എന്ന പദ്ധതി പഞ്ചായത്ത് വിഭാവനം ചെയ്യുന്നത്.

കോട്ടനട പുഴ കഴിഞ്ഞാൽ കാണുന്ന വലിയ വയൽ പരപ്പും ചെറിയ കുന്നുകളും അതിനപ്പുറത്തെ തോരാട്, കാന്തലാട് മലകളും നീലാകാശവും ചേർന്നൊരുക്കുന്ന കാഴ്ച ഏതൊരാളുടെയും മനസ്സ് നിറയ്ക്കുന്നതാണ്. ഈ കാഴ്ചകൾ കണ്ട് ശുദ്ധവായു ശ്വസിച്ച് നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും സംസാരിച്ചിരിക്കുവാനായി നാട്ടിലെ കാരണവൻമാർക്കുള്ള പഞ്ചായത്തിന്റെ സമ്മാനമാണ് ഈ വയോജന തീരം.
ലഹരി വിരുദ്ധ സന്ദേശങ്ങളും, സെൽഫി പോയന്റും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടുതൽ മനോഹരമാക്കി വയോജന തീരത്തെ മുന്നോട്ട് കൊണ്ടുപോവാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. വയോജനതീരത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണനാണ് നിർവഹിച്ചത്.

ജീവതാളം: തിരുവള്ളൂരിൽ പരിശീലനം സംഘടിപ്പിച്ചു

ജില്ലയിലെ ജീവിതശൈലീ രോഗ നിർണ്ണയ പദ്ധതിയായ ‘ജീവതാളം’ പദ്ധതിയുടെ ഭാഗമായി തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ സന്നദ്ധ പ്രവർത്തകർക്കായുള്ള പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് എഫ്.എം മുനീർ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സർജൻ ഡോ.സുധീർ, ഹെൽത്ത് ഇൻസ്പക്ടർ പി. സജീവൻ എന്നിവർ ക്ലാസെടുത്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.വി.ഷഹനാസ്, നിഷില കോരപ്പാണ്ടി, ജനപ്രതിനിധികളായ പി.പി.രാജൻ, രതീഷ് അനന്തോത്ത്, ഹംസ വായേരി, ഹെൽത്ത് ഇൻസ്പെക്ടർ റീത്ത വള്ളിൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജയപ്രകാശ് ടി.എം , വി നൗഫൽ, ജെ.പി.എച്ച് എൻ ബിന്ദു, രജിഷ തുടങ്ങിയവർ സംസാരിച്ചു.

ഒളവണ്ണയിലെ നീർത്തടങ്ങൾക്ക് സംരക്ഷണമേകാൻ നീരുറവ്

മണ്ണ്, ജല സംരക്ഷണത്തിനായി സർക്കാർ ആവിഷ്‌കരിച്ച നീരുറവ് നീർത്തട പദ്ധതി ജനകീയമാക്കാനൊരുങ്ങി ഒളവണ്ണ ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ നീർത്തട നടത്തമുൾപ്പെടെ വിപുലമായ പരിപാടികളാണ് ആവിഷ്കരിച്ചു നടപ്പാക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്തിൽ സമഗ്ര നീർത്തട വികസന പദ്ധതി നടപ്പാക്കുക.

പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ എട്ട് നീർത്തടങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഈ നീർത്തടങ്ങൾ നീരുറവ് പദ്ധതിയിലൂടെ സംരക്ഷിക്കുക എന്നതാണ് ലക്‌ഷ്യം. ഗ്രാമ പഞ്ചായത്തിലെ നീർത്തട ശൃംഖലകള്‍ കണ്ടെത്തി ഓരോ നീർത്തടങ്ങളിലും അവയുടെ വൃഷ്ടി പ്രദേശങ്ങളിലും അനുയോജ്യമായ പരിപാലന പ്രവൃത്തികള്‍ ഉള്‍പ്പെടുന്ന സമഗ്രമായ പദ്ധതിയാണിത്. ഹരിത കേരള മിഷനും, തൊഴിലുറപ്പ് പദ്ധതിയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക.

മണ്ണ്, ജല സംരക്ഷണത്തിനൊപ്പം ജൈവസമ്പത്ത് വര്‍ദ്ധിപ്പിച്ച് കാര്‍ഷികാഭിവൃദ്ധിയും ജനങ്ങളുടെ ഉപജീവന സ്ഥിതിയും മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തോടിന്റെ നീരൊഴുക്ക് സാധ്യമാക്കുന്ന പ്രവര്‍ത്തനം, മലിനീകരണം തടയല്‍, പ്രദേശത്തെ വീടുകളിലെ മാലിന്യ സംസ്‌കരണം, ജലസ്രോതസുകള്‍ പുനരുജ്ജീവിപ്പിക്കല്‍ തുടങ്ങിയവയും നീരുറവിലൂടെ യാഥാര്‍ത്ഥ്യമാകും. കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നീരുറവ് പദ്ധതി നടപ്പാക്കുന്നത്.

നീർത്തടങ്ങളെകുറിച്ചു കൃത്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി സംഘടിപ്പിച്ച നീർത്തട നടത്തം വൻ വിജയമായി. കൈമ്പാല നീർത്തടത്തിലൂടെ നടന്ന നടത്തം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ ഉദ്ഘാടനം ചെയ്തു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശാരുതി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ വിനോദ്, ധനേഷ്, ജയദേവൻ, സതീഭായി എന്നിവർ പങ്കെടുത്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം സിന്ധു സ്വാഗതവും വാർഡ് മെമ്പർ ഷിനി ഹരിദാസ് നന്ദിയും പറഞ്ഞു.

വെസ്റ്റ് കൊടിയത്തൂരില്‍ യാത്രാക്ലേശം മാറും; ഇരുവഴിഞ്ഞി പുഴയോട് ചേര്‍ന്ന് റോഡിനായി സ്ഥലമേറ്റെടുക്കല്‍ തുടങ്ങി

കൊടിയത്തൂര്‍ പഞ്ചായത്തിന്റെ പടിഞ്ഞാറ് പ്രദേശമായ വെസ്റ്റ് കൊടിയത്തൂര്‍ നിവാസികളുടെ യാത്രാ പ്രശ്‌നങ്ങള്‍ക്ക് അറുതിയാവുന്നു. പ്രദേശത്തുകാരുടെ സ്വപ്ന പദ്ധതിയായ ഇരുവഴിഞ്ഞി പുഴയോട് ചേര്‍ന്ന് തീരദേശ റോഡ് യാഥാര്‍ത്ഥ്യമാവുന്നതിന്റെ ഭാഗമായി കൂളിമാട് കടവ് പാലം മുതല്‍ പുതിയോട്ടില്‍ കടവ് പാലം വരെയുള്ള പുഴയോര ഭൂമി അളന്ന് തിട്ടപ്പെടുത്തി ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കാന്‍ തുടങ്ങി.

8 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിക്കുന്നതിനായി സ്വകാര്യ വ്യക്തികളില്‍ നിന്നും സ്ഥലം വിട്ടുകിട്ടേണ്ടിയിരുന്നു. പഞ്ചായത്ത് വികസന സമിതിയുടെ നേതൃത്വത്തില്‍ നടന്ന നിരന്തരം ശ്രമങ്ങളുടെ ഭാഗമായി മുഴുവനാളുകളും റോഡിനാവശ്യമായ സ്ഥലം സൗജന്യമായി വിട്ടു നല്‍കാന്‍ തയ്യാറായി. സ്ഥലങ്ങളുടെ പ്രമാണ കൈമാറ്റ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു.

ഇരുവഴിഞ്ഞി പുഴക്ക് കുറുകെ കോണ്‍ക്രീറ്റ് പാലവും പുഴയോട് ചേര്‍ന്ന് പുഴയോര റോഡും വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നിലവില്‍ ഈ പ്രദേശവുമായി ബന്ധപ്പെടാന്‍ സൗത്ത് കൊടിയത്തൂരില്‍ നിന്നും ഇടവഴിക്കടവിലേക്കുള്ള ഇടുങ്ങിയ റോഡും ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരില്‍ നിന്നും ഇരുവഴിഞ്ഞി പുഴക്ക് കുറുകെയുള്ള തൂക്കുപാലവും മാത്രമാണ് ആശ്രയം. പ്രദേശത്തെ ഗതാഗത കുരുക്കും യാത്രയ്ക്ക് പ്രശ്‌നമായിരുന്നു. ഈ സാഹചര്യത്തിലാണ് ഗ്രാമത്തിന്റെ അതിര്‍ത്തി പങ്കിടുന്ന ഇരുവഴിഞ്ഞി പുഴയുടെ തീരത്ത് കൂടെ കൊടിയത്തൂര്‍ തെയ്യത്തും കടവ് പാലത്തിലേക്ക് ബന്ധിപ്പിക്കുന്ന പുഴയോര റോഡ് വേണമെന്ന ആവശ്യമുയര്‍ന്നത്.

റോഡ് യാഥാര്‍ഥ്യമായാല്‍ കൊടിയത്തൂര്‍, ചാത്തമംഗലം പഞ്ചായത്തുകളിലെ നിരവധി പ്രദേശങ്ങള്‍ക്ക് കോഴിക്കോട് നഗരവുമായും എയര്‍പോര്‍ട്ട്, യൂണിവേഴ്‌സിറ്റി, മെഡിക്കല്‍ കോളേജ്, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുമായുള്ള ദൂരം ഗണ്യമായി കുറയും.

ദുരന്ത മുഖത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മൂടാടിയിൽ ദുരന്ത നിവാരണ സേന

അപകടങ്ങൾ സംഭവിക്കുമ്പോൾ ഓടിയെത്താൻ മൂടാടിയിൽ ഇനി ദുരന്ത നിവാരണ സേനയുണ്ടാകും. ദുരന്തങ്ങളെ തദ്ദേശീയമായി തന്നെ നേരിടാന്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെ സഹകരണത്തോടെയാണ് ദുരന്ത നിവാരണ പ്ലാൻ നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ദുരന്തനിവാരണ കർമ്മ പദ്ധതി പഞ്ചായത്തിൽ തയ്യാറാക്കിയിരുന്നു. ദുരന്ത സാധ്യതകൾ മുൻകൂട്ടി കണ്ട് പ്രതിരോധ മാർഗങ്ങൾ തയ്യാറാക്കുകയും ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 100 പേരടങ്ങുന്ന വളണ്ടിയർ ഗ്രൂപ്പാണ് ഇപ്പോൾ രൂപീകരിച്ചിരിക്കുന്നത്. സേനാം​ഗങ്ങൾക്കുള്ള പരിശീലനവും ആരംഭിച്ചു.

ദുരന്ത മുഖത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍, ദുരന്ത നിവാരണം തുടങ്ങിയ വിഭാഗങ്ങളിലാണ് പരിശീലനം നല്‍കുന്നത്. കൊയിലാണ്ടി ഫയർ സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ ആദ്യഘട്ട പരിശീലനം ആരംഭിച്ചു. സേവന സന്നദ്ധരായ പുരുഷന്മാരെയും സ്ത്രീകളെയും അണിനിരത്തിയാണ് ദുരന്ത നിവാരണ സേന രൂപീകരിച്ചത്. ഇവര്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമാകുന്ന ഉപകരണങ്ങളും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയിട്ടുണ്ട്. ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് ഉപകരണങ്ങൾ ലഭ്യമാക്കിയത്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഐഡന്റിറ്റി കാർഡുകളും നൽകും.

രണ്ട് ​ഗ്രൂപ്പുകളായി തിരിച്ചായിരിക്കും സേനയുടെ പ്രവർത്തനം. പ‍ഞ്ചായത്തിന്റെ ഒരുഭാ​ഗം കടലായതിനാൽ, അവിടത്തെ രക്ഷാപ്രവർത്തന രീതികളിലൂന്നിയുള്ള പരിശീലനം സേനാം​ഗങ്ങൾക്ക് ലഭ്യമാക്കും. പഞ്ചായത്ത് പ്രസിഡന്റ്, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാർ, സെക്രട്ടറി തുടങ്ങിയവരടങ്ങിയ കമ്മിറ്റി സേനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തും.

ദുരന്തനിവാരണ സേനാം​ഗങ്ങൾക്കുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് നിർവഹിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് ചടങ്ങിൽ പ്രസിഡൻറ് സി.കെ.ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.കെ.ഭാസ്കരൻ, എം.പി.അഖില, പഞ്ചായത്തംഗങ്ങളായ കെ.സുമതി, റഫീഖ് പുത്തലത്ത്, ടി.എം.റജുല, പപ്പൻ മൂടാടി എന്നിവർ നേതൃത്വം നൽകി. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം.കെ മോഹനൻ സ്വാഗനവും അസിസ്റ്റൻ്റ് സെക്രട്ടറി ടി.ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു. കൊയിലാണ്ടി ഫയർസ്റ്റേഷൻ ഓഫീസർ സി.പി ആനന്ദൻ, ഫയർ ഓഫീസർമാരായ ടി.പി.ഷിജു, നിഥിൻ രാജ് എന്നിവർ പരിശീലനം നൽകി.

‘ഭാഷയെ വളര്‍ത്താം വായനയിലൂടെ’; വായനാ കുറിപ്പ് മത്സരം നടത്തുന്നു

ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും നേതൃത്വത്തില്‍ ഭരണ ഭാഷാ വാരാഘോഷങ്ങളുടെ ഭാഗമായി വായനാ കുറിപ്പ് മത്സരം നടത്തുന്നു. ‘ഭാഷയെ വളര്‍ത്താം വായനയിലൂടെ’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന വായനാ കുറിപ്പ് മത്സരത്തിനായി മലയാള പുസ്തകങ്ങളാണ് പരിഗണിക്കുന്നത്.

പുസ്തകം 2000 ത്തിന് ശേഷം പ്രസിദ്ധീകരിച്ചതാകണം. ആയിരം വാക്കുകളില്‍ കവിയാന്‍ പാടില്ല. വായിച്ച പുസ്തകത്തിന്റെ വായനാ കുറിപ്പ് [email protected] എന്ന ഇ മെയിലിലേക്ക് അയക്കണം. തെരഞ്ഞെടുക്കുന്ന വായനാ കുറിപ്പിന് ആകര്‍ഷകമായ സമ്മാനം ലഭിക്കും. അയക്കേണ്ട അവസാന തിയതി നവംബര്‍ 10.

ജല പരിശോധന ക്യാമ്പ് ആരംഭിച്ചു

രാമനാട്ടുകര സേവാമന്ദിരം ഹയർസെക്കണ്ടറി സ്കൂളിൽ സജ്ജമാക്കിയ ജലഗുണനിലവാര പരിശോധന ലാബിൽ ജല പരിശോധന ക്യാമ്പ് ആരംഭിച്ചു. ക്യാമ്പ് രാമനാട്ടുകര നഗരസഭാ ചെയർപേഴ്സൺ ബുഷ്‌റ റഫീഖ് ഉദ്ഘാടനം ചെയ്തു.

നഗരസഭ ഡെപ്യൂട്ടി ചെയർമാൻ കെ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഓരോ വാർഡിൽ നിന്നും 10 ജല സാമ്പിളുകൾ വിവിധ തിയ്യതികളിലായി കൗൺസിലർമാർ മുഖേന ശേഖരിച്ച് 31 വാർഡുകളിലെയും ജലഗുണനിലവാരം വിലയിരുത്താനാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്.

ജലസാമ്പിൾ പരിശോധന നടത്തി ഹരിത ദൃഷ്ടി സോഫ്റ്റ് വെയറിൻ്റെ സഹായത്തോടെ പരിശോധനാ ഫലവും ശുപാർശകളും ലഭ്യമാവുന്ന രീതിയിലാണ് പദ്ധതി ക്രമീകരിച്ചിട്ടുള്ളത്. ജല സാമ്പിൾ പരിശോധന, വെബ്സൈറ്റിലേക്ക് വിവരം ചേർക്കൽ എന്നിവ ഉൾപ്പെടെ പൂർണ്ണമായും വിദ്യാർത്ഥി പങ്കാളിത്തത്തോടെയുള്ള പദ്ധതിയായാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്. വരും വർഷങ്ങളിൽ ജലപരിശോധനയ്ക്ക് ആവശ്യമായ കെമിക്കലുകൾ പദ്ധതിയിലൂടെ ലഭ്യമാക്കുമെന്ന് മുനിസിപ്പൽ ചെയർപേഴ്സൺ പറഞ്ഞു.

പരിപാടിയിൽ സ്ഥിരം സമിതി ചെയർപേഴ്സൺമാരായ സഫ റഫീഖ്, പി ടി നദീറ, വി.എം. പുഷ്പ, പി കെ അബ്ദുൾ ലത്തീഫ് , കൗൺസിലർമാരായ ഹഫ്സൽ, പി.കെ. ഗോപി , അബ്ദുൾ ഹമീദ്, നവകേരളം ആർ.പി പ്രിയ, ഹെൽത്ത് ഇൻസ്പെക്ടർ ഇ ബാബു, പ്രിൻസിപ്പാൾ സതീഷ് കുമാർ , പി.ടി.എ പ്രസിഡന്റ് അനിൽകുമാർ , ജെ.എച്ച് ഐമാരായ വിശ്വംഭരൻ , സുരാജ്, കെമിസ്ട്രി അധ്യാപകൻ വിജിൻ , വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. രാമനാട്ടുകര നഗരസഭാ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ കെ.എം യമുന സ്വാഗതവും, സേവാമന്ദിരം ഹയർസെക്കണ്ടറി സ്കൂൾ അധ്യാപകൻ കെ വി സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.