റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ ഒക്ടോബര്‍ 31 വരെ; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം

നിര്‍മാണ രംഗം ഡിജിറ്റല്‍ പരിവര്‍ത്തനത്തിലേക്ക്- ഐ ഐ ഐ സി യില്‍ ഏകദിന ശില്‍പ്പശാല നടന്നു

അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഡിജിറ്റല്‍ പരിവര്‍ത്തനത്തിലേക്ക് എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. അതിനൂതന ഡിജിറ്റല്‍ സാങ്കേതിക വിദ്യയായ ബില്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ മാനേജ്മന്റ് (ബിം) എന്ന വിഷയത്തില്‍ നടന്ന ശില്‍പ്പശാല നാഷണല്‍ അക്കാദമി ഓഫ് കണ്‍സ്ട്രക്ഷന്‍ ഡയറക്ടര്‍ ജനറല്‍ കെ.ഭിക്ഷാപതി ഉദ്ഘാടനം ചെയ്തു. ലോകത്തിലെ മികച്ച നിര്‍മ്മാണരംഗ ഉപദേഷ്ടാക്കളായ ബെക്‌സല്‍ ഇന്ത്യയുമായി ചേര്‍ന്നുകൊണ്ടാണ് ഈ ശില്‍പ്പശാല സംഘടിപ്പിച്ചത്. യു എല്‍ സി സി എസ് ചെയര്‍മാന്‍ രമേശന്‍ പാലേരി അധ്യക്ഷനായി. ലോകോത്തര നിര്‍മാണ ഉപദേഷ്ടാക്കളായ ബെക്‌സല്‍ പ്രസിഡന്റ് വെല്‍ജെക്കോ ജാന്‍ജിക് ഓണ്‍ലൈനില്‍ ശില്പശാലയെ അഭിസംബോധന ചെയ്തു.

കണ്‍സ്ട്രക്ഷന്‍ സ്‌കില്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ നരേന്ദ്ര ദേശ്പാണ്ഡെ, ബെക്‌സല്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ അജിത് കുമാര്‍ വടക്കൂട്ട് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ലാര്‍സണ്‍ ആന്‍ഡ് ടര്‍ബോ ബില്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ് വകുപ്പ് മേധാവി ബി എസ് മുകുന്ദ്, ഐ ഐ ഐ സി ഡയറക്ടര്‍ പ്രൊഫ.ഡോ. സുനില്‍കുമാര്‍ ബി, ഡെപ്യൂട്ടി ഡയറക്ടര്‍ കെ രാഘവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി

മേപ്പയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നവംബര്‍ ഒന്നിന് പതിനായിരം പേരെ അണിനിരത്തി നടത്തുന്ന ലഹരി വിരുദ്ധ മനുഷ്യ മഹാശൃംഖല വിജയിപ്പിക്കുന്നതിന്റെ ഭാഗമായി പതിനഞ്ചാം വാര്‍ഡിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി. സന്ദേശ യാത്ര നടുക്കണ്ടി താഴയില്‍ നിന്ന് ആരംഭിച്ച് പാവട്ട് കണ്ടി മുക്കില്‍ സമാപിച്ചു. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ മേലടി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ മഞ്ഞക്കുളം നാരായണന്‍ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര എ.എസ്.ഐ വി.കെ ജമീല മുഖ്യ പ്രഭാഷണം നടത്തി. സി.പി.നാരായണന്‍, ഇ.കെ.ശങ്കരന്‍, വിനീഷ് ആരാധ്യ, കെ.കെ ബാബു, എ.ഡി.എസ് പ്രസിഡന്റ് സി.കെ സുകന്യ എന്നിവര്‍ സംസാരിച്ചു.

സര്‍വീസ് സ്റ്റേഷന്‍ കൊളക്കാടത്ത്താഴം റോഡ് നവീകരണത്തിന് 16.10 ലക്ഷത്തിന്റെ ഭരണാനുമതി

പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ സര്‍വീസ് സ്റ്റേഷന്‍ കൊളക്കാടത്ത്താഴം റോഡ് നവീകരണത്തിന് 16.10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.ടി.എ. റഹീം എം.എല്‍.എ അറിയിച്ചു. തീരദേശ റോഡ് നിലവാരം ഉയര്‍ത്തല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന് തുക അനുവദിച്ചത്.

മെഡിക്കല്‍ കോളേജ് മാവൂര്‍ റോഡിലെ വെള്ളിപറമ്പ സര്‍വീസ് സ്റ്റേഷനു സമീപത്തു നിന്ന് ആരംഭിച്ച് ചാലിയാറക്കല്‍, ഗോശാലിക്കുന്ന് ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിനുള്ള ഈ പാത നവീകരിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ചാണ് റോഡിന് തുക അനുവദിച്ചതെന്നും പ്രവൃത്തി ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും എം.എല്‍.എ പറഞ്ഞു.

ലൈസന്‍സി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയില്‍പ്പെട്ട വിവിധ പഞ്ചായത്തുകളില്‍ ഭിന്നശേഷി, പട്ടികജാതി, പട്ടികവര്‍ഗ്ഗം വിഭാഗത്തിലേക്ക് സ്ഥിരം ലൈസന്‍സി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സ്ഥിരമായി ലൈസന്‍സ് റദ്ദ് ചെയ്തതും പുതുതായി അനുവദിച്ചതുമായ റേഷന്‍കടകള്‍ക്ക് അപേക്ഷിക്കാം. ചാത്തമംഗലം, കക്കോടി, നന്മണ്ട, പെരുവയല്‍, ഒളവണ്ണ, പഞ്ചായത്തുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. നവംബര്‍ 25-ന് വൈകീട്ട് മൂന്ന് മണിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജില്ലാ സപ്ലൈ ഓഫീസ് 0495 2370655, താലൂക്ക് സപ്ലൈ ഓഫീസ് 0495 2374885.

ഹിന്ദി അധ്യാപക കോഴ്‌സിന് സീറ്റൊഴിവ്

കേരള സര്‍ക്കാരിന്റെ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് അന്‍പത് ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയുള്ള പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17 നും 35 നും ഇടയില്‍. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവുണ്ട്. പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ അപേക്ഷകള്‍ നവംബര്‍ 19 വരെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0473 4296496, 8547126028.

റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ ഒക്ടോബര്‍ 31 വരെ

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 31 വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രം, സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ് സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ എന്നിവ വഴി അപേക്ഷ സമര്‍പ്പിക്കാം. തദ്ദേശ സ്വയംഭരണ സെക്രട്ടറി നല്‍കുന്ന ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍, മാരക രോഗമുള്ളവര്‍, പട്ടികജാതിയില്‍പെട്ടവര്‍, പരമ്പരാഗത മേഖലയില്‍ തൊഴിലെടുക്കുന്നവര്‍, നിര്‍ധന ഭൂരഹിത ഭവന രഹിതര്‍, സര്‍ക്കാര്‍ ധനസഹായത്തോടെ ലഭ്യമായ വീടുള്ളവര്‍ (ലക്ഷംവീട്, ഇ.എം.എസ് ഭവന പദ്ധതി, ഇന്ദിര ആവാസ് യോജന പദ്ധതി, പട്ടികജാതി/പട്ടികവര്‍ഗ്ഗ കോളനികള്‍), ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷയില്‍ പ്രസ്തുത വിവരത്തോടൊപ്പം ബന്ധപ്പെട്ട രേഖകളും സമര്‍പ്പിക്കുണം. ആയിരം ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുളള വീട്, ഒരേക്കറിലധികം ഭൂമി, സര്‍ക്കാര്‍ ജോലി, കുടുംബത്തിന്റെ പ്രതിമാസ വരുമാനം 25000/ രൂപയിലധികം, നാലുചക്ര വാഹനം(ടാക്സി ഒഴികെ) എന്നിവയുള്ളവര്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് താലൂക്ക് സപ്ലൈ/സിറ്റി റേഷനിംഗ് ഓഫീസുമായി ബന്ധപ്പെടുക.

സൗജന്യ യോഗ പരിശീലനം

ലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ച് പ്രമേഹ രോഗികള്‍ക്കായി കോഴിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ യോഗ പ്രകൃതി ചികിത്സാ യൂണിറ്റിന്റെ നേതൃത്വത്തില്‍ രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന സൗജന്യ യോഗ പരിശീലനം ആരംഭിക്കുന്നു. നവംബര്‍ ഒന്നു മുതല്‍ 14 വരെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ രാവിലെ 9.30 മുതല്‍ 10.30 വരെയാണ് പരിശീലനം.

മത്സരപരീക്ഷാ സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

50 പട്ടിക ജാതി വിഭാഗ യുവതി യുവാക്കള്‍ക്ക് പി.എസ്.സി/ യു.പി.എസ്.സി പരിക്ഷാ പരിശീലനം നല്‍കുന്നതിന് കോര്‍പ്പറേഷന്‍ പരിധിയിലെ അംഗീകൃത മത്സര പരീക്ഷ കേന്ദ്രങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ലൈസന്‍സിന്റെ പകര്‍പ്പ്, മൂന്നു വര്‍ഷങ്ങളിലെ റിസള്‍ട്ട് എന്നിവ സഹിതം നവംബര്‍ അഞ്ചിനകം കോഴിക്കോട് കോര്‍പ്പറേഷനിലെ പട്ടിക ജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8547630149, 9526679624.

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ജില്ലയില്‍ സിറ്റി റേഷനിംഗ് ഓഫീസ് (നോര്‍ത്ത്) ന്റെ പരിധിയില്‍പ്പെട്ട ഭിന്നശേഷി വിഭാഗത്തിലേക്ക് സ്ഥിരം ലൈസന്‍സി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്ഥിരമായി ലൈസന്‍സ് റദ്ദ് ചെയ്തതും പുതുതായി അനുവദിച്ചതുമായ റേഷന്‍കടകള്‍ക്ക് അപേക്ഷിക്കാം. നവംബര്‍ 25-ന് വൈകീട്ട് മൂന്ന് മണിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജില്ലാ സപ്ലൈ ഓഫീസ് 0495 2370655, സിറ്റി റേഷനിംഗ് ഓഫീസ് നോര്‍ത്ത് 0495 2374565.

ഭരണഭാഷാ വരാഘോഷം: കഥാ – കവിത അരങ്ങ് നവംബര്‍ രണ്ടിന്

ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭരണ ഭാഷാ വാരാഘോഷങ്ങളുടെ ഭാഗമായി കഥാ – കവിത അരങ്ങു നടത്തുന്നു. നവംബര്‍ രണ്ടിന് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന പരിപാടിക്ക് പ്രശസ്ത എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ നേതൃത്വം നല്‍കും.

സാഹിത്യകാരന്മാരുടെ കൂട്ടായ്മയായ എഴുത്തുകൂട്ടവുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. കഥാകൃത്തുക്കളായ കെ ഉണ്ണികൃഷ്ണന്‍, മുണ്ടൂര്‍ സേതുമാധവന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ എഴുത്തുകാരും സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളും കഥയും കവിതകളും അവതരിപ്പിച്ച് സംവാദങ്ങള്‍ നടത്തും.

ജീവതാളം ആസൂത്രണ യോഗം നടത്തി

ജീവിതശൈലീ രോഗ നിര്‍ണ്ണയത്തിനും നിയന്ത്രണത്തിനുമായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ജീവതാളം പദ്ധതിയുടെ നടത്തിപ്പിനെ കുറിച്ച് തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്തില്‍ പ്രാഥമിക ആസൂത്രണം സംഘടിപ്പിച്ചു. വാര്‍ഡുതലത്തില്‍ ക്ലസ്റ്ററുകള്‍ക്ക് രൂപം നല്‍കി ജീവിതശൈലീ രോഗികളുടെ ജീവിതാവസ്ഥയെ കുറിച്ചും പാരമ്പര്യമായി രോഗം വരാന്‍ സാധ്യതയുള്ളവരെ കുറിച്ചുമുള്‍പ്പെടെ വിവരശേഖരണം നടത്താന്‍ തീരുമാനിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.പി. വിശ്വനാഥന്‍ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എഫ് എം.മുനീര്‍ , ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ.വി.ഷഹനാസ് , എച്ച് ഐ റീത്ത, ജെ. എച്ച്.ഐ ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു

‘എന്റെ ഭൂമി’ ഡിജിറ്റല്‍ റീസര്‍വ്വെ ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന്

ഡിജിറ്റല്‍ റീസര്‍വ്വെയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന് ടൂറിസം-പൊതുമരാമത്തുവകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. പേരാമ്പ്ര വി.വി. ദക്ഷിണാമൂര്‍ത്തി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന സര്‍ക്കാര്‍ നയം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി കേരളം പൂര്‍ണ്ണമായും നാലുവര്‍ഷം കൊണ്ട് ഏറ്റവും ശാസ്ത്രീയമായ രീതിയില്‍ ഡിജിറ്റലായി സര്‍വെ ചെയ്ത് കൃത്യമായ റിക്കാര്‍ഡുകള്‍ തയ്യറാക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റല്‍ റീസര്‍വ്വെ നടത്തുന്നത്. ബഹുജന പങ്കാളിത്തത്തോടെ ‘എന്റെ ഭൂമി’ എന്ന പേരിലാണ് സംസ്ഥാനത്തെ മുഴുവന്‍ വില്ലേജുകളിലും ഡിജിറ്റല്‍ സര്‍വ്വേ നടത്തുക.

ചടങ്ങില്‍ എം.പിമാരായ കെ മുരളീധരന്‍, എം.കെ രാഘവന്‍, ജില്ലയിലെ മറ്റ് എം.എല്‍.എ മാര്‍, ജനപ്രതിനിധികള്‍, ജില്ലാ കലക്ടര്‍ ഡോ. എന്‍.തേജ് ലോഹിത് റെഡ്ഡി, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് പാത്തോളജിസ്റ്റ് നിയമനം

ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുളള നരിക്കുനി സി.എച്ച്.സിയില്‍ സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് പാത്തോളജിസ്റ്റിന്റെ നിലവിലുളള ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.എല്‍.പി ആന്‍ഡ് ആര്‍.സി.ഐ രജിസ്‌ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സെക്രട്ടറി,ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ചേളന്നൂര്‍ എന്ന വിലാസത്തില്‍ നവംബര്‍ 15-നകം ലഭിക്കണം. ഇമെയില്‍: [email protected]. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2260270.

റാങ്ക് പട്ടിക റദ്ദാക്കി

കോഴിക്കോട് ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് (കാറ്റഗറി നമ്പര്‍ 659/17) 2019 സെപ്റ്റംബര്‍ നാലിന് നിലവില്‍ വന്ന റാങ്ക് പട്ടിക മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദാക്കിയതായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ: അപേക്ഷ ക്ഷണിച്ചു

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിലേക്ക് വിദ്യാലയങ്ങള്‍ക്ക് അപേക്ഷിക്കാം. റിയാലിറ്റി ഷോയിലൂടെ ജൂണ്‍ ഒന്ന് മുതലുള്ള സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ പൊതുവിദ്യാലയങ്ങള്‍ ക്ക് അവതരിപ്പിക്കാന്‍ അവസരം. കോവിഡ് കാലത്തു വിദ്യാലയങ്ങള്‍ എന്തൊക്കെ അക്കാദമിക ഭൗതിക പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നത് രേഖപ്പെടുത്തുക കൂടിയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

പാഠ്യ-പാഠ്യേതര മേഖലകളില്‍ മികവ് പുലര്‍ത്തുന്ന വിദ്യാലയങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം. കൈറ്റ് വിക്ടേഴ്‌സ് വഴി ഡിസംബര്‍ മാസത്തില്‍ ഇവ സംപ്രേഷണം ചെയ്യും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന വിദ്യാലയങ്ങള്‍ക്ക് 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം രൂപ എന്നിങ്ങനെ ലഭിക്കും. അവസാന റൗണ്ടിലെത്തുന്ന മറ്റ് സ്‌കൂളുകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും ലഭിക്കും. അപേക്ഷകള്‍ നവംബര്‍ 4 നകം www.hv.kite.kerala.gov.in വഴി സമര്‍പ്പിക്കാം.

ടെണ്ടര്‍ ക്ഷണിച്ചു

സ്റ്റേറ്റ് പബ്ലിക് ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ മോഡല്‍ ലൈബ്രറി പ്രൊജക്ടിന്റെ ഭാഗമായി ജനറേറ്റര്‍, എയര്‍ കണ്ടീഷണര്‍ എന്നിവ സ്ഥാപിക്കുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചു. നവംബര്‍ പത്തിന് വൈകുന്നേരം അഞ്ച് മണി വരെ ടെണ്ടറുകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.publiclibrarykozhikode.com വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0495 2961253

മെഡിക്കല്‍ ക്യാമ്പ് നടത്തി

കടലുണ്ടി ഗ്രാമപഞ്ചായത്തിലെ അതി ദരിദ്ര കുടുംബങ്ങള്‍ക്കായി ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വട്ടപറമ്പ് ആയുര്‍വേദ ആശുപത്രിയില്‍ സംഘടിപ്പിച്ച ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി അനുഷ ഉദ്ഘാടനം ചെയ്തു. രണ്ട് ഘട്ടങ്ങളിലായി മുഴുവന്‍ അതി ദരിദ്ര കുടുംബാംഗങ്ങള്‍ക്കും മികച്ച ആയുര്‍വേദ മെഡിക്കല്‍ പരിശോധനയും ചികിത്സയും ഉറപ്പുവരുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ ശിവദാസന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ടി.സുഷമ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലുബൈന ബഷീര്‍, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗം ഇ. മോഹന്‍ദാസ് മാസ്റ്റര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. മെഡിക്കല്‍ ഓഫീസര്‍ യദു നന്ദന്‍ ക്യാമ്പിന് നേതൃത്വം നല്‍കി.ചടങ്ങില്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു പച്ചാട്ട് സ്വാഗതവും ഗ്രാമപഞ്ചായത്തംഗം ജിത്തു കക്കാട്ട് നന്ദിയും പറഞ്ഞു.

ഭരണഭാഷാവാരാഘോഷം : ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി മത്സരങ്ങള്‍

ജില്ലാ ഭരണകൂടത്തിന്റയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന മലയാളദിന ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുമായി വിവിധ മത്സരങ്ങള്‍ നടത്തുന്നു. ജീവനക്കാര്‍ക്കായി തര്‍ജ്ജമ മത്സരം, ഭരണ ഭാഷാ ക്വിസ്, സ്‌കൂള്‍, കോളേജ്, വിദ്യാര്‍ത്ഥികള്‍ക്കായി കഥ, കവിത, ഉപന്യാസ രചന, മത്സരങ്ങള്‍ എന്നിവയാണ് സംഘടിപ്പിക്കുന്നത്.

നവംബര്‍ 4 ന് ഉച്ചക്ക് ശേഷം രണ്ടു മണി മുതല്‍ നാല് മണി വരെ തര്‍ജ്ജമ മത്സരം, ഭരണഭാഷാ ക്വിസ് മത്സരം, എന്നിവ നടക്കും. അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ രചന മത്സരവും നടത്തും. നവംബര്‍ അഞ്ചിന് ഉച്ചക്ക് ശേഷം 3:30 ന് വിദ്യാര്‍ത്ഥികള്‍ക്കായി കഥ, കവിത, രചന മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ഭരണഭാഷാ വാരാഘോഷ പരിപാടികള്‍ നവംബര്‍ ഒന്നിന് ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢി ഉദ്ഘാടനം ചെയ്യും.

കാത്ത് ലാബ് ടെക്‌നീഷ്യന്‍ നിയമനം

കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയിലെ കാത്ത് ലാബിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ കാത്ത് ലാബ് ടെക്‌നീഷ്യനെ താത്ക്കാലികമായി നിയമിക്കുന്നു. സീനിയര്‍ കാത്ത് ലാബ് ടെക്‌നീഷ്യന് ഏഴ് വര്‍ഷവും ജൂനിയര്‍ ടെക്‌നീഷ്യന് മൂന്നുവര്‍ഷത്തെയും പ്രവൃത്തി പരിചയവും അഭികാമ്യം. ബി.സി.വി.ടി/ഡി.സി.വി.ടി യോഗ്യയുള്ള ഉദ്യോര്‍ത്ഥികള്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം നവംബര്‍ ഒന്നിന് രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2365367

എക്കോ ടെക്‌നീഷ്യന്‍ നിയമനം

കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയിലെ കാത്ത് ലാബിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ എക്കോ ടെക്‌നീഷ്യനെ താത്ക്കാലികമായി നിയമിക്കുന്നു. കാത്ത് ലാബില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. ബി.സി.വി.ടി/ഡി.സി.വി.ടി കോഴ്‌സ്, ഡിപ്ലോമ ഇന്‍ എക്കോ കാര്‍ഡിയോഗ്രാഫ് ആന്‍ഡ് കാര്‍ഡിയാക് ടെക്‌നോളജി എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോര്‍ത്ഥികള്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം നവംബര്‍ രണ്ടിന് രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2365367.

യു.പി.എസ്.ടി പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം

എംപ്ലോയ്മെന്റ് വകുപ്പിന് കീഴില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പി.എസ്.സി. നടത്തുന്ന യു.പി.എസ്.ടി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പരിശീലനം. പരിപാടി നവംബര്‍ ആദ്യം ആരംഭിക്കും.
പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫഷണല്‍ എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, കോഴിക്കോട് എന്ന ഓഫീസില്‍ പേര്, പ്രായം, യോഗ്യത, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് – 0495-2376179.

ശില്‍പശാല സംഘടിപ്പിച്ചു

ജല്‍ജീവന്‍ മിഷന്‍ പദ്ധതി ബോധവത്ക്കരണത്തിന്റെ ഭാഗമായി തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ കോട്ടൂര്‍ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പരിശീലന ശില്പശാല സംഘടിപ്പിച്ചു. നീര്‍ത്തടാധിഷ്ഠിത വിഭവ ഭൂപട നിര്‍മാണം, വാട്ടര്‍ ഓഡിറ്റ്, വാട്ടര്‍ ബഡ്ജറ്റ് എന്നിവയിലാണ് പഞ്ചായത്തിലെ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. വരള്‍ച്ച കാലത്ത് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും ബഹുജന പങ്കാളിത്തത്തോടുകൂടി ജലജീവന്‍ മിഷന്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ പറ്റുമെന്നും പ്രസിഡന്റ് പറഞ്ഞു.

വൈസ് പ്രസിഡന്റ് എഫ് എം മുനീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിഷില കോരപാണ്ടി, ഗോപി നാരായണന്‍, പി പി രാജന്‍, ബവിത്ത് മലോല്‍, മൊയ്തീന്‍ മാസ്റ്റര്‍, പ്രൊജക്റ്റ് ഡയറക്ടര്‍ മോഹനന്‍ കോട്ടൂര്‍, സരിമ. ആര്‍, അവിനാഷ് സി കെ, സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

ജീവതാളം പദ്ധതിക്ക് ഒഞ്ചിയം പഞ്ചായത്തില്‍ തുടക്കമായി

ജീവിതശൈലി രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനുമായുള്ള ജീവതാളം പദ്ധതിക്ക് ഒഞ്ചിയം പഞ്ചായത്തില്‍ തുടക്കമായി. പദ്ധതിയുടെ പഞ്ചായത്തുതല കമ്മറ്റി രൂപീകരണയോഗം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു.

ജീവിത ശൈലി രോഗങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ല ഭരണകൂടം, ജില്ല പഞ്ചായത്ത്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ജീവിത ശൈലി രോഗങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുക, ആരോഗ്യപരമായ ജീവിതത്തിലേക്കുള്ള സാമൂഹ്യ മാറ്റം, രോഗപ്രതിരോധം, രോഗ നിയന്ത്രണം, മുന്‍കരുതല്‍ എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത് യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റഹീസ നൗഷാദ് അധ്യക്ഷയായി. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ജിനേഷ്. എ.പി പദ്ധതി വിശദീകരണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സത്യന്‍ മാസ്റ്റര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ യു സുരേന്ദ്രന്‍, സുധീര്‍ മഠത്തില്‍, ശാരദ വത്സന്‍, പഞ്ചായത്ത് സെക്രട്ടറി എം.പി. രജുലാല്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ദിനേശന്‍. പി.കെ, മധുസൂദനന്‍ എന്നിവര്‍ പങ്കെടുത്തു.

ബൈക്ക് റാലി നടത്തി

വടകര നഗരസഭയുടെ ലഹരി മുക്ത പരിപാടിയായ പരിച പദ്ധതിയുടെ ഭാഗമായി ബൈക്ക് റാലി സംഘടിപ്പിച്ചു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി.ബിന്ദു റാലി ഫ്‌ലാഗ് ഓഫ് ചെയ്തു.

വടകര അഞ്ചു വിളക്ക് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച റാലി പുതിയ ബസ്സ് സ്റ്റാന്‍ഡില്‍ സമാപിച്ചു. സിവില്‍ ഡിഫെന്‍സ് വളണ്ടിയര്‍മാര്‍, വടകര സഹകരണ ആശുപത്രി ജീവനക്കാര്‍, വ്യാപാരികള്‍, നഗരസഭ ജീവനക്കാര്‍, സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍, ഫയര്‍ സ്റ്റേഷന്‍ ജീവനക്കാര്‍, നഗര സഭ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തു.

‘മഴവില്ല്’ വാനനിരീക്ഷണ പഠന ശില്പശാല നടത്തി

ബാലുശ്ശേരി ഗ്രാമപഞ്ചായത്തിന്റെ തനത് വിദ്യാഭ്യാസ പിന്തുണ പദ്ധതിയായ ‘മഴവില്ല് ‘ 2022 ന്റെ ഭാഗമായി വാനനിരീക്ഷണ പഠന ശില്പശാല നടത്തി. ബാലുശ്ശേരി എ. എം. എല്‍. പി സ്‌കൂളില്‍ നടത്തിയ ശില്പശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അസ്സൈനാര്‍ എമ്മച്ചം കണ്ടി അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികളില്‍ വാനനിരീക്ഷണത്തിനുള്ള താല്പര്യം വര്‍ധിപ്പിക്കുന്നതിനും ശാസ്ത്ര അവബോധം വളര്‍ത്തുന്നതിനും ഉദ്ദേശിച്ചിട്ടുള്ളതാണ് ശില്പശാല.

പ്രശസ്ത അമച്വര്‍ വാനനിരീക്ഷകന്‍ സുരേന്ദ്രന്‍ പുന്നശ്ശേരി ക്ലാസുകള്‍ നയിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഉമ മഠത്തില്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ എം. ശ്രീജ, ഹരീഷ് നന്ദനം, അനൂജ, ബീന കാട്ടു പറമ്പത്ത്, അധ്യാപകരായ സന്തോഷ്, രജില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.