മത്സ്യബന്ധനത്തിനുളള മണ്ണെണ്ണ പെർമിറ്റുകൾ നാളെ  വിതരണം ചെയ്യും; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (18/05/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

മുൻഗണനാ അപേക്ഷ ജൂൺ 30 വരെ ഓൺലൈനിൽ

എൻ.പി.എൻ.എസ് / എൻ.പി.എസ് കാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക്) മാറ്റുന്നതിനുള്ള അപേക്ഷകൾ മേയ് 19 മുതൽ ഓൺലൈനിൽ മാത്രമായി സ്വീകരിക്കും. പൊതുജനങ്ങൾക്ക് ജൂൺ 30 വരെ അക്ഷയ സെൻററുകൾ, ‘സിറ്റിസൺ ലോഗിൻ എന്നിവ വഴി അപേക്ഷിക്കാം. ഫോൺ: 0495-2370655, ഇ-മെയിൽ [email protected]

ക്വട്ടേഷൻ ക്ഷണിച്ചു

കാർഷിക സർവകലാശാലയുടെ കീഴിലുള്ള തവനൂർ കാർഷിക എൻജിനീയറിങ് കോളേജിലെ സുരക്ഷാ ജോലികൾ ഒരു വർഷത്തേക്ക് ഏറ്റെടുക്കുന്നതിന് യോഗ്യതയുള്ള ഏജൻസികളിൽനിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. അവസാന തീയതി മെയ് 27 ന് ഉച്ചക്ക് രണ്ട് മണി. ഫോൺ :  0494-2686214

അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ ജൂലൈ മാസത്തിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണൽ സ്‌കിൽ ഡവലപ്‌മെന്റ് കോർപ്പറേഷന്റെ അംഗീകാരമുള്ള പ്രോഗ്രാമിന് ഡിഗ്രി പാസ്സായവർക്ക് അപേക്ഷിക്കാം. കോഴ്‌സ് സംബന്ധിച്ച വിവരങ്ങൾ www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി  ജൂൺ 10. ഫോൺ : 9846033001 04712325101

അതിഥി അധ്യാപക നിയമനം

കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2022-23 അധ്യയന വർഷത്തേക്ക് മലയാളം, സംസ്‌കൃതം, സോഷ്യൽ സയൻസ്  വിഭാഗങ്ങളിൽ ഓരോ അതിഥി അധ്യാപകരെ നിയമിക്കുന്നു. മെയ് 20 രാവിലെ 10.30 ന് സോഷ്യൽ സയൻസ്, ഉച്ച 12 ന് മലയാളം, 2.30ന് സംസ്‌കൃത വിഭാഗത്തിലും ഇന്റർവ്യൂ നടത്തും. യോഗ്യരായവർക്ക് അസ്സൽ രേഖകൾ സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം. വിവരങ്ങൾക്ക് ഫോൺ:  0495 2722792, 9847609160

ഡിഗ്രി ക്ലാസ്സുകളിൽ സീറ്റൊഴിവ്

മലപ്പുറം ഗവ. കോളേജിൽ 2022-23 അധ്യായന വർഷത്തിൽ രണ്ടാം വർഷ, മൂന്നാം വർഷ ഡിഗ്രി ക്ലാസ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഒഴിവുകളുളള സീറ്റുകളിലേക്ക് മെയ് 31നകം അപേക്ഷിക്കാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

മത്സ്യബന്ധനത്തിനുളള മണ്ണെണ്ണ പെർമിറ്റുകൾ നാളെ  വിതരണം ചെയ്യും

സിറ്റി റേഷനിംഗ് ഓഫീസ് (സൗത്ത്) ന്റെ പരിധിയിലെ മത്സ്യബന്ധനത്തിനുളള മണ്ണെണ്ണ പെർമിറ്റുകൾ നാളെ (മെയ് 19) രാവിലെ 10.30 മുതൽ വൈകീട്ട് നാല് മണിവരെ സിവിൽസ്‌റ്റേഷനിലെ ഓഫീസിൽ വിതരണം ചെയ്യും. അർഹരായ പെർമിറ്റുടമകൾ റേഷൻ കാർഡ്, ആർ.സി, ആധാർ കാർഡിന്റെ പകർപ്പ്, പഴയ പെർമിറ്റ്, പെർമിറ്റിന്റെ ഫീസായ 105 രൂപ എന്നിവ ഓഫീസിൽ ഹാജരാക്കി പുതിയ പെർമിറ്റുകൾ കൈപ്പറ്റണം. ഫോൺ : 0495 2374807

അത്താണി വാടക വീട്: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഭവന നിർമ്മാണ ബോർഡിന് കീഴിൽ, കോവൂരിൽ സ്ഥിതിചെയ്യുന്ന അത്താണി വാടക വീട് പദ്ധതിയിൽ വരാനിരിക്കുന്ന ഒഴിവുകളിലേക്ക് താത്പര്യമുള്ള വ്യക്തികളിൽനിന്നും അപേക്ഷ സ്വീകരിക്കുന്നു. താത്പര്യമുള്ളവർക്ക് തങ്ങളുടെ മേൽ വിലാസം, ഫോൺ നമ്പർ എന്നിവ സഹിതമുളള അപേക്ഷ കേരള സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ ചക്കോരത്ത്കുളത്തുളള ഓഫീസിൽ മെയ് 23  മുതൽ 30  വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ നൽകാം. കൂടുതൽ വിവരങ്ങൾക്ക് 0495 – 2369545

കൂടിക്കാഴ്ച നടത്തും

എളേരിത്തട്ട് ഇ. കെ നായനാർ മെമ്മോറിയൽ ഗവ. കോളേജിൽ 2022-23 അധ്യയന വർഷത്തേക്ക് സൈക്കോളജി അപ്രന്റീസിനെ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും സഹിതം മെയ് 27 ന് രാവിലെ  10:30 ന്  നടക്കുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കാം. ഫോൺ : 0467-2241345, 9847434858

ജലസ്രോതസ്സുകളിലെ മാലിന്യങ്ങൾ കണ്ടെത്താൻ പരിശീലനം നൽകി

ജലസ്രോതസ്സുകളിൽ വിവിധതരം മാലിന്യങ്ങൾ കണ്ടെത്തുന്നതിന് നാദാപുരം ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിശീലനം നൽകി. സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ജലസ്രോതസ്സുകളിൽ പരിശോധന നടത്തി ശുചിത്വം ഉറപ്പ് വരുത്തുന്നതിനാണ് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക്  പരിശീലനം നൽകിയത്.

നവകേരളം കർമപദ്ധതി രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് തെളിനീരൊഴുകും നവകേരളം പദ്ധതി നടപ്പാക്കുന്നത്. കെട്ടിക്കിടക്കുന്ന മലിന ജലസ്രോതസ്സുകളിലെ സാമ്പിളെടുത്ത് കോളിഫോം ബാക്ടീരിയ അടക്കമുള്ള മാലിന്യങ്ങൾ കണ്ടെത്തുന്നതിനാണ് തൊഴിലാളികൾക്ക്  പരിശീലനം നൽകിയത്. പരിശോധന നടത്തി ഫലം തെളിനീര് എന്ന മൊബൈൽ അപ്ലിക്കേഷനിൽ രേഖപ്പെടുത്തുന്നത് എങ്ങനെയാണെന്നും പരിചയപ്പെടുത്തി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, സെക്രട്ടറി ടി ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് അസിസ്റ്റന്റ് എൻജിനീയർ നവനീത് രാജഗോപാൽ, ഓവർസിയർമാരായ പി.കെ മുഹമ്മദ്, അഹമ്മദ് മുസാഫി,ർ അക്കൗണ്ടന്റുമാരായ കെ.കെ ഷംനാദ്, യു കെ റസിയ എന്നിവർ ക്ലാസ് എടുത്തു.

എജ്യുഗാഡ് 2: 12 – 14 പ്രായക്കാർക്കുള്ള കോവിഡ് വാക്സിനേഷൻ യജ്ഞം മെയ് 26 മുതൽ

12 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള പ്രത്യേക കോവിഡ് വാക്സിനേഷൻ യജ്ഞം ‘എജ്യു ഗാഡ് – 2’ മെയ് 26, 27, 28 തിയ്യതികളിൽ ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും നടക്കുന്നതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. വിദ്യാലയങ്ങൾ തുറക്കുന്നതിന് മുന്നോടിയായി കോവിഡിൽനിന്നും വിദ്യാർഥികൾക്ക് സംരക്ഷണം ഉറപ്പാക്കുകയാണ് യജ്ഞത്തിന്റെ ലക്ഷ്യം. കോർബെവാക്സ് ആണ് വാക്സിനേഷന് ഉപയോഗിക്കുന്നത്.

വാക്സിൻ എടുക്കുന്ന ദിവസം കുട്ടിക്ക് 12 വയസ്സ് പൂർത്തിയായിരിക്കണം. ആരോഗ്യ കേന്ദ്രങ്ങളിൽ സ്പോട്ട് രജിസ്ട്രേഷൻ നടത്തിയോ ഓൺലൈനായി രജിസ്റ്റർ ചെയ്തോ വാക്സിനെടുക്കാം. കുട്ടിയോടൊപ്പം രക്ഷിതാവ് കൂടി ഉണ്ടായിരിക്കേണ്ടതാണ്. സ്കൂളുകൾ തുറക്കുന്നതിന് മുൻപ് കുട്ടികൾക്ക് കോവിഡ് പ്രതിരോധ വാക്സിൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

സർട്ടിഫിക്കറ്റുകളും  തൊഴിൽ ഉപകരണങ്ങളും വിതരണം ചെയ്തു

ജില്ലാ പഞ്ചായത്തിന്റെ നവകേരളത്തിന് ജനകീയാസൂത്രണം വാർഷിക പദ്ധതി 2021-22 ൽ ഉൾപ്പെടുത്തി നൽകിയ വനിതാ തൊഴിൽ പരിശീലനം പൂർത്തിയാക്കിയവർക്കുളള സർട്ടിഫിക്കറ്റുകളും  തൊഴിൽ ഉപകരണങ്ങളും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. 233 വനിതകളാണ് പരിശീലനത്തിൽ പങ്കെടുത്തത്.

പ്രോജക്ടിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സ്‌കിൽ ഡെവലപ്മെന്റ് സെന്റർ മുഖേന പരിശീലനം പൂർത്തിയാക്കിയ 12 സ്വയംസഹായ യൂണിറ്റുകൾ രൂപീകരിച്ചിട്ടുണ്ട്. അഞ്ച് ഐ.ടി സേവന യൂണിറ്റുകളും, രണ്ട് കമ്പ്യൂട്ടർ ഹാർഡ് വെയർ യൂണിറ്റുകളും, അഞ്ച് ഫാഷൻ ടെക്‌നോളജി യൂണിറ്റുകളും, ടൈലറിംഗ് ആൻഡ് ജുവലറി യൂണിറ്റുകളുമാണ് ആരംഭിച്ചത്.

ഐ.ടി യൂണിറ്റുകൾക്ക് കംപ്യൂട്ടർ, ലാപ്‌ടോപ്പ്, ലേസർ പ്രിന്റർ, കളർ പ്രിന്റർ, മോഡം എന്നിവയും കമ്പ്യൂട്ടർ ഹാർഡ് വെയർ യൂണിറ്റുകൾക്ക് ടൂൾ കിറ്റുകളും, ഫാഷൻ ടെക്‌നോളജി യൂണിറ്റുകൾക്ക് മോട്ടറൈസ്ഡ് ഡബിൽ മെഷിൻ ഫാഷൻ മെയ്ക്കർ എന്നിവയും വിതരണം ചെയ്തു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്   ശിവാനന്ദൻ.എം.പി അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീർ റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ വി.പി.ജമീല, കെ.വി.റീന,സ്‌കിൽ ഡവലപ്മെന്റ് സെന്റർ അക്കാദമിക് കമ്മിറ്റി ചെയർമാൻ പ്രൊഫ.കെ.ശ്രീധരൻ എന്നിവർ സംസാരിച്ചു.

സർക്കാർ ഓഫീസ് സമുച്ചയങ്ങളിലെ എ.സി.എഫുകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

സർക്കാർ ഓഫീസ് സമുച്ചയങ്ങളിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയുടെ ജില്ലാതല ഉദ്ഘാടനം സിവിൽ സ്റ്റേഷൻ അങ്കണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയും മെഡിക്കൽ കോളേജ് പരിസരത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ഡോ. എസ് ജയശ്രീയും നിർവഹിച്ചു.

ജില്ലയിലെ മുഴുവൻ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും മുനിസിപ്പാലിറ്റികളിലും ഇത്തരത്തിൽ വിപുലമായ എം.സി.എഫുകൾ സ്ഥാപിക്കുന്നത് മാലിന്യ സംസ്‌കരണം കൂടുതൽ എളുപ്പമാക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംസ്‌കരിക്കുന്നതിന് ജീവനക്കാരുടെ സഹകരണം കൂടിയേ തീരൂ എന്നും അവർ പറഞ്ഞു.

ചടങ്ങിൽ ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി മുഖ്യാതിഥിയായിരുന്നു. മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എല്ലാവർക്കുമറിയാമെങ്കിലും ഇത്തരം പദ്ധതികൾ പൂർണമായും നടപ്പിലാക്കണമെങ്കിൽ നാം ഓരോരുത്തരും പ്രവർത്തനത്തിൽ പങ്കാളികളാകണമെന്ന് കലക്ടർ പറഞ്ഞു. സർക്കാർ ജീവനക്കാർക്കായി ജൈവമാലിന്യങ്ങൾ പരമാവധി വീടുകളിൽ തന്നെ സംസ്‌കരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്ക്കരണം നടത്താൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി വിവിധ പാഴ്‌വസ്തു പരിപാലന പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുന്നുണ്ട്. ഇതിൽ ഏറ്റവും പ്രാധാന്യമുള്ളതാണ് ഓഫീസ് സമുച്ചയങ്ങളിലെ അജൈവ പാഴ്‌വസ്തുക്കൾ ശേഖരിച്ച് തരംതിരിച്ച് മാറ്റുന്നതിനായി തയ്യാറാക്കുന്ന ജില്ലാതല കളക്ഷൻ ഫെസിലിറ്റി സെന്ററുകൾ. സർക്കാർ ഓഫീസ് സമുച്ചയങ്ങൾ പൂർണ്ണമായും മാലിന്യമുതക്തമാക്കുക എന്ന ലക്ഷ്യത്തോടെ റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തിയാണ് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികൾ പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്.

സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ എ.ഡി.എം സി. മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. തദ്ദേശ ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡി. സാജു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എ.വി. അബ്ദുൽ ലത്തീഫ്, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജി. ഇന്ദിര, അസി. കോ-ഓർഡിനേറ്റർ ടി.എം. ഉഷ കുമാരി ഹരിത കേരള മിഷൻ, ശുചിത്വ കേരള മിഷൻ, ക്ലീൻ കേരള കമ്പനി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ക്ലീൻ കേരള കമ്പനി ലിമിറ്റഡ് ജില്ലാ മാനേജർ സുധീഷ് തൊടുവയിൽ സ്വാഗതവും ഹരിതകേരളം റിസോഴ്‌സ് പേഴ്‌സൺ പി. പ്രിയ നന്ദിയും പറഞ്ഞു.

ചെസ്റ്റ് ആശുപത്രിക്ക് സമീപം സ്ഥാപിച്ച എം.സി.എഫിൻ്റെ ഉദ്ഘാടന ചടങ്ങിൽ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. കെ.ജി. സജിത്ത് കുമാർ മുഖ്യാതിഥിയായി. മെഡിക്കൽ കോളേജ് സീറോ വേസ്റ്റ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ സത്യൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ സോഫിയ, ബഷീർ തുടങ്ങിയവർ പങ്കെടുത്തു. ക്ലീൻ കേരള കമ്പനി ലിമിറ്റഡ് ജില്ലാ മാനേജർ സുധീഷ് തൊടുവയിൽ സ്വാഗതവും ഹരിത കേരളം മിഷൻ റിസോർസ് പേഴ്സൺ ജി.ആർ. രുദ്രപ്രിയ നന്ദിയും പറഞ്ഞു.